Tuesday, April 16, 2019

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണലേഖനഗിരം കേട്ടു ധര്‍മ്മപതി
എന്‍പക്കലുള്ള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ
ഞാന്‍ ചെയ്തിട്ടുള്ള പാപങ്ങളെല്ലാം ചിത്രഗുപ്തന്‍ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. ആ കണക്കുകളുടെ അടിസ്ഥാനത്തില്‍ ധര്‍മ്മരാജാവ് എന്റെ ദുരിതങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നതിനു മുന്‍പേ, അല്ലയോ ഭഗവാനേ (അംഭോരുഹാക്ഷ! എന്നതിന് താമരക്കണ്ണാ, മഹാവിഷ്‌ണോ എന്നിങ്ങനെ അര്‍ത്ഥമെടുക്കാം) അങ്ങ് എന്നെ രക്ഷിക്കണേ; എന്നെ ദുരിതങ്ങളില്‍നിന്ന് മോചിപ്പിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മനുഷ്യന്റെ സല്‍കര്‍മ്മങ്ങളേയും ദുഷ്‌കര്‍മ്മങ്ങളേയുമൊക്കെ രേഖപ്പെടുത്തിവയ്ക്കുന്നത് ചിത്രഗുപ്തന്‍ ആണെന്നാണ് വിശ്വാസം. ധര്‍മ്മരാജാവ് (യമന്‍) അവയെല്ലാം പരിശോധിച്ച് വിലയിരുത്തിയാണ് ജനനമരണങ്ങളും നമ്മുടെ കര്‍മ്മബന്ധങ്ങളുമൊക്കെ നിര്‍ണയിക്കുന്നതെന്നും കരുതപ്പെടുന്നു. നമ്മുടെ എല്ലാ പ്രവൃത്തികള്‍ക്കും അതനുസരിച്ചുള്ള ഫലാനുഭവങ്ങളുണ്ടാവുമെന്നത്, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഒരു താക്കീത് ആയി പരിഗണിക്കാവുന്നതാണ്. മുഖം നോക്കാതെ കൃത്യമായും കണിശമായും വിധി പ്രസ്താവിച്ച് നീതി നടപ്പാക്കുന്ന അദൃശ്യനായ ഒരു ന്യായാധിപന്‍ ഉണ്ടെന്നുള്ള ഓര്‍മ്മ തീര്‍ച്ചയായും മനുഷ്യനില്‍ ദൈവഭയം ജനിപ്പിക്കുമല്ലോ. ദൈവഭയം ജ്ഞാനത്തിന്റെ ഉറവിടം എന്ന പ്രമാണവും ഇവിടെ സ്മരിക്കാം.
janmbhumi

No comments: