Thursday, April 18, 2019

വനവാസത്തിനൊരുങ്ങിയ രാമന്‍ സീതാദേവിയോട് യാത്രാനുമതി തേടി. അതുകേട്ട് സീത അത്ഭുതപ്പെട്ടു. ഇതെന്തു കഥ! സീതയെക്കൂടാതെ രാമാവതാരങ്ങളില്‍ ഏതിനെങ്കിലും എന്നെങ്കിലും വനവാസം ഉണ്ടായിട്ടുണ്ടോ? എന്നെക്കൂടാതെ അങ്ങേക്ക് വനവാസമോ? അങ്ങ് മുമ്പേ നടക്കുക. പിറകേ ഞാനുണ്ടാകും. പത്നിയെ അനുനയിപ്പിക്കാന്‍ രാമന്‍ ആകാവുന്നതും ശ്രമിച്ചു. ഒടുവില്‍ സീതയുടെ സഹഗമനത്തിന് സമ്മതിക്കേണ്ടി വന്നു.  
ദശരഥനോടും മറ്റും യാത്ര ചോദിക്കുന്നതിനായി ശ്രീരാമന്‍ കൗസല്യയുടെ അന്തഃപുരത്തിലെത്തി. അപ്പോള്‍ കൈകേയിയും സുമിത്രയും അവിടെ എത്തിച്ചേര്‍ന്നു. വനയാത്രയ്ക്കൊരുങ്ങി വന്ന രാമലക്ഷ്മണന്മാര്‍ക്കും സീതയ്ക്കും കൈകേയി കാനനവേഷമായ വല്‍ക്കലാദികള്‍ നല്‍കി. രാമനും ലക്ഷ്മണനും അതു വാങ്ങി ധരിച്ചു. സീത വല്ക്കലം വാങ്ങിയെങ്കിലും അതു ധരിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെ വിഷമിച്ചു. അതു കണ്ട് ദശരഥനും കൗസല്യയ്ക്കും കണ്ണു നിറഞ്ഞു.
ധീരനായിരുന്നിട്ടും രാമന്റെ നയനങ്ങളും ആര്‍ദ്രമായി. എല്ലാം കണ്ടു നിന്ന ലക്ഷ്മണനിലെ ഭാവപ്പകര്‍ച്ച രാമന്റെ ഒരൊറ്റ നോട്ടത്താല്‍ ശമിച്ചു. ''കൈകേയീ, നിനക്കു തന്ന വരത്തില്‍ രാമന് മാത്രമേ വനവാസം പറഞ്ഞിട്ടുള്ളൂ. സീത രാമനെ അനുഗമിക്കുന്നത് അവളുടെ പാതിവ്രത്യം കൊണ്ടാണ്. അവളെ കാട്ടിലേക്കയയ്ക്കാനും വല്‍ക്കലം ഉടുപ്പിക്കുന്നതിനും നിനക്ക് അവകാശമില്ല.'' തീരാത്ത വ്യഥയോടെ ദശരഥന്‍ കൈകേയിയോടു പറഞ്ഞു. ഇതു കേട്ട കൗസല്യ വല്‍ക്കലം സീതയില്‍ നിന്നു വാങ്ങി കൈകേയിയെ ഏല്‍പ്പിച്ചു. 
 ജ്യേഷ്ഠനെ അനുഗമിക്കാനൊരുങ്ങി നില്‍ക്കുന്ന ലക്ഷ്മണനെ സുമിത്ര അരികെ വിളിച്ചു. സ്നേഹവാത്സല്യങ്ങളോടെ മകനെ തഴുകി ഇങ്ങനെ പറഞ്ഞു; ''പുത്രാ ഇനി അടവി നിനക്ക് അയോധ്യയായിരിക്കും. രാമന്‍ നിനക്ക് ദശരഥനെപ്പോലെയും സീത അമ്മയായ സുമിത്രയെപ്പോലെയും ആയിരിക്കും.'' 
 janmabhumi

No comments: