Thursday, April 18, 2019

മല്‍പ്രാണനും പരനുമൊന്നെന്നുറപ്പവനു
തല്‍പ്രാണദേഹവുമനിത്യം കളത്ര ധനം
സ്വപ്‌നാദിയില്‍ പലതുകïാലുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ 
തന്റെ ചൈതന്യവും അപരന്റെ ചൈതന്യവും ബ്രഹ്മസ്വരൂപം തന്നെ എന്നറിയുന്നവന് ഈ ശരീരവും കുടുംബവും കുടുംബബന്ധങ്ങളും ഭൗതിക സ്വത്തുക്കളുമെല്ലാം നശ്വരമാണ് എന്ന ബോധമുണ്ടാവുന്നു. സ്വപ്‌നാവസ്ഥയിലും രോഗത്തിന്റെ കാഠിന്യത്തിലും മനോവിഭ്രമമുണ്ടാകുമ്പോഴും നാം വിഭിന്നങ്ങളും വിചിത്രങ്ങളുമായ പല കാഴ്ചകളും കാണാറുണ്ട്.
എന്നാല്‍ ഉറക്കമുണര്‍ന്ന് അഥവാ രോഗം ശമിച്ച്, ഭ്രമാവസ്ഥയില്‍ നിന്ന് മാറി ജാഗ്രദവസ്ഥയിലെത്തുമ്പോള്‍ ആ കാഴ്ചകളില്‍ നിന്ന് നാം മോചിതരാവുന്നു. അതുപോലെ ബ്രഹ്മം മാത്രമാണ് സത്യമെന്നും ദേഹാദികള്‍ സ്വപ്‌നസമാനമാണെന്നും മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് കവി പ്രാര്‍ത്ഥിക്കുന്നു.
അഞ്ചാമത്തെ കീര്‍ത്തനം മുതല്‍ മല്‍പ്രാണനും... എന്നുള്ള ഈ കീര്‍ത്തനം വരെ 'ഹരിഃശ്രീ ഗണപതയേ നമഃ' എന്ന സ്തുതിയിലെ അക്ഷരങ്ങള്‍ ചേര്‍ത്താണ് രചിച്ചിരിക്കുന്നത്. ഹരി എന്നത് ഒറ്റ അക്ഷരമായി കണക്കാക്കിയിരിക്കയാണ്. അക്ഷര സംഖ്യയിലെ സ്വരങ്ങള്‍ പതിനാറും വ്യഞ്ജനങ്ങള്‍ മുപ്പത്തഞ്ചും ഉള്‍പ്പെടെ അന്‍പത്തൊന്നക്ഷരങ്ങളും ക്രമത്തിലെടുത്ത് ഓരോ അക്ഷരം കൊണ്ടും ഭഗവദ്‌നാമകീര്‍ത്തനം ചെയ്യുകയാണ് ആചാര്യകവി. സരസ്വതീ ദേവിയുടെ അംഗം അക്ഷരസ്വരൂപമാണ്.
ദേവി വര്‍ണ്ണാത്മികയുമാണ്. ''വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!'' എന്ന് അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ എഴുത്തച്ഛന്‍ സംബോധന ചെയ്തിട്ടുണ്ടല്ലോ. അതിനാല്‍ ഇപ്രകാരമുള്ള സ്തുതി, സരസ്വതീ വന്ദനമായും കണക്കാക്കാം.
janmabhumi

No comments: