ചങ്ങാടത്തിലേറി കാളിന്ദി കടന്ന് രാമലക്ഷ്മണന്മാരും സീതയും ബഹുദൂരം വീണ്ടും നടന്നു. മധ്യാഹ്നത്തില്‍ അവരൊരു മൈതാനത്ത് എത്തിച്ചേര്‍ന്നു. അവിടെ വൃക്ഷങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു കിടപ്പുണ്ടായിരുന്നു. ചുട്ടുപഴുത്ത മണല്‍. ഒരു ജീവി പോലുമില്ലാതെ കിടന്ന മണലാരണ്യം. തീക്കടല്‍ പോലെ കിടന്ന ആ പ്രദേശം പൂപോലെ മൃദുലമായ പാദങ്ങളോടു കൂടിയ സീതയേയും കൊണ്ട് നടന്നു നീങ്ങുക പ്രയാസമായിരുന്നു.
എന്തുചെയ്യുമെന്ന് രാമലക്ഷ്മണന്മാര്‍ ചിന്തിച്ചു നില്‍ക്കേ ആ മണലാരണ്യം പൂങ്കാവനമായി മാറി. അവിടം വൃക്ഷലതാദികളാല്‍ നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാല്‍ അവ പൂത്തുലുഞ്ഞു. സുഗന്ധഹാരിയായ കാറ്റേറ്റ് സീതാദേവിയുടെ മനസ്സും ശരീരവും കുളിര്‍ത്തു. ഇത് എന്തൊരു അത്ഭുതം! അവര്‍ വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. വനദേവതമാരുടെ ആശംസയാവാം. മുനിജനങ്ങളുടെ അനുഗ്രഹമാകാം. സീതാദേവിയുടെ പാതിവ്രത്യ പ്രസരണമാകാം.
അവര്‍ ആനന്ദത്തോടെ ആ മൈതാനം കടന്നു. എത്തിച്ചേര്‍ന്നത് പുണ്യഭൂമിയായ ചിത്രകൂടത്തിലായിരുന്നു. നയനമനോഹരമായിരുന്നു അവിടുത്തെ കാഴ്ചകള്‍. ജലക്രീഡയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആനക്കൂട്ടങ്ങള്‍. തുമ്പിക്കൈകളില്‍ വെള്ളമെടുത്ത് ആശ്രമോപാന്തത്തിലുള്ള തൊട്ടികളില്‍ അവ വെള്ളം നിറയ്ക്കുന്നു. മാനുകള്‍ ഹോമത്തിനുള്ള ദര്‍ഭകള്‍ അറുത്തു കൊണ്ടുവരുന്നു. അന്ധരായ മുനിമാര്‍ക്ക് വാല്‍നീട്ടി കൊടുത്ത് അതില്‍ പിടിപ്പിച്ചു കൊണ്ട് കുരങ്ങന്മാര്‍ വഴികാട്ടികളാകുന്നു. ആശ്രമങ്ങളിലേക്ക് വേണ്ട നെല്‍ക്കതിരുകള്‍ തത്തകള്‍ ശേഖരിച്ചു കൊണ്ടുവരുന്നു.
അവിടെയെത്തിയ അതിഥികളെ പ്രകൃതി സ്വയം സ്വാഗതം ചെയ്തു. അനേകം മഹര്‍ഷിമാരുടെ ആദരവും ആതിഥ്യവും സ്വീകരിച്ച് മൂവരും സന്തുഷ്ടരായി. അവര്‍ക്ക് വിശ്രമത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു മുനിമാര്‍. മുനിപത്നിമാര്‍ സീതയെ വേണ്ടവിധം പരിചരിച്ചു. അതിഥികള്‍ അന്ന് ഉപചാരങ്ങളെല്ലാം സ്വീകരിച്ച് നിറഞ്ഞമനസ്സോടെ അവിടെ അന്തിയുറങ്ങി.
പിറ്റേന്ന് ലക്ഷ്മണന്‍ മുനികുമാരന്മാരുടെ സഹായത്തോടെ അവിടെ നല്ലൊരു പര്‍ണശാല തീര്‍ത്തു. സീതാരാമന്മാര്‍ക്ക് വിശ്രമിക്കാന്‍ മനോഹരമായൊരു കുടീരമൊരുക്കി. അതിനരികെ തനിക്കായി ഒരു കൊച്ചു കുടീരവുമൊരുക്കി ലക്ഷ്മണന്‍. പിന്നീട് മൂന്നു പേരും അവിടെ സ്ഥിരതാമസമാക്കി.
പകല്‍ മുഴുവന്‍ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും പരിചരിക്കുക. രാത്രി അവര്‍ക്കായി കാവലിരിക്കുക. ഇങ്ങനെയാണ് ലക്ഷ്മണകുമാരന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയത്.
പകല്‍, ലക്ഷ്മണന്‍ സീതയ്ക്കും രാമനും വേണ്ട ആഹാരവസ്തുക്കള്‍ ശേഖരിക്കും. ദുഷ്ടമൃഗങ്ങളെ വേട്ടയാടി നിഗ്രഹിക്കും. ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും നല്‍കി മിച്ചമുണ്ടെങ്കിലേ ലക്ഷ്മണന്‍ ആഹാരം കഴിക്കാറുള്ളൂ. മുനിജനങ്ങളുടേയും ലക്ഷ്മണന്റേയും കരുതലില്‍ അയോധ്യയിലേക്കാളേറെ സുഖലോലുപരായാണ് സീതയും രാമനും ചിത്രകൂടത്തില്‍ കഴിഞ്ഞു പോന്നത്.
janmabhumi
No comments:
Post a Comment