Sunday, April 28, 2019

സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ ഇന്നു ഭൂമിയിലെ ജീവന്റെ നിലനില്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്. വാസ്തവത്തില്‍ മനുഷ്യന്‍ പ്രകൃതിയില്‍നിന്നു ഭിന്നനല്ല. അവന്‍ പ്രകൃതിയുടെതന്നെ ഭാഗമാണ്. മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ് പ്രകൃതിയുടെ താളം തെറ്റിയാല്‍, മനുഷ്യജീവിതത്തിന്റെ താളവും നഷ്ടമാകും. പ്രകൃതിയെ സംരക്ഷിക്കുക എന്നത് കേവലം മനുഷ്യന് പ്രകൃതിയോടുള്ള ധര്‍മ്മമല്ല, മറിച്ച് തന്നോടുതന്നെയുള്ള ധര്‍മ്മമാണ്. 
ഒരു വൃക്ഷം വെട്ടിമാറ്റിയാല്‍ പകരം പത്തു തൈ നടണമെന്നു പറയാറുണ്ട്. പക്ഷെ, ഇത് വൃക്ഷം വെട്ടിയതുകൊണ്ടു പരിസ്ഥിതിയ്ക്കുണ്ടായ നഷ്ടം നികത്താന്‍ അപര്യാപ്തമാണ്. ഒരു കെട്ടിടത്തിനെ താങ്ങിനിര്‍ത്തുന്ന തേക്കിന്‍ തൂണുകള്‍ മാറ്റിയിട്ടു അതിന്റെ സ്ഥാനത്ത് തീപ്പെട്ടിക്കൊള്ളികള്‍ നാട്ടുന്നതു പോലെയാണിത്. വലിയ ഒരു വൃക്ഷം അന്തരീക്ഷത്തിനു പകരുന്ന ശുദ്ധിയും കുളിര്‍മ്മയും, പ്രകൃതിക്കു നല്കുന്ന താളലയവും നല്കാന്‍ പത്തു ചെറുതൈകള്‍ക്കാവില്ല. 
മനുഷ്യന്റെ കടന്നുകയറ്റം കാരണം ഇന്നു പരിസ്ഥിതി താറുമാറാകുകയാണ്. പണ്ടു നിലവിലുണ്ടായിരുന്ന പല ജീവികളും ഇന്നു ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. മാറിയ കാലാവസ്ഥയില്‍ ജീവിക്കാന്‍ അവയ്ക്കു കഴിയാതായി. അതുപോലെ ഇന്നു നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നമുക്കും അവയുടെ ഗതിതന്നെ വന്നുചേരും. മാറിയ കാലാവസ്ഥയുമായി ഇഴുകിച്ചേര്‍ന്നുപോ
കാന്‍ കഴിയാതെ മനുഷ്യവംശത്തിനു നാശം സംഭവിക്കും. 
നമ്മുടെ പരമ്പരാഗത മതവിശ്വാസങ്ങളും മൂല്യങ്ങളും പ്രകൃതിസംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഒരിക്കല്‍ അമ്മ യാത്രാ മദ്ധ്യേ ഉത്തരേന്ത്യയിലുള്ള ഒരു തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മഹാത്മാവ് അവിടെയുള്ള ഒരു പേരാല്‍വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു തപസ്സനുഷ്ഠിച്ച് ബോധോദയം നേടിയിരുന്നു. ആ മഹാത്മാവ് ബോധോദയം നേടിയ സ്ഥലത്ത് ഒരു പടുകൂറ്റന്‍ ദേവാലയം ഉയര്‍ന്നു വന്നു. ആദ്യത്തെ പേരാല്‍ വൃക്ഷത്തിന്റെ പരമ്പരയില്‍പ്പെട്ട ഒരു വിശാലമായ പേരാല്‍മരം ഇന്നും അവിടെയുണ്ട്. നൂറുകണക്കിനു ഭക്തന്മാരും തീര്‍ത്ഥാടകരും അത്യന്തം ഭക്തിയോടെ ആ വൃക്ഷത്തെ വലം വെയ്ക്കുന്നുണ്ടായിരുന്നു. കാറ്റു വീശുമ്പോള്‍ പേരാലില്‍നിന്ന് ഉണങ്ങിയ ഇലകള്‍ താഴേയ്ക്കു പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഇലകള്‍ വീഴുമ്പോള്‍ ഭക്തന്മാര്‍ കൂട്ടത്തോടെ ഇലകള്‍ എടുക്കാനായി പാഞ്ഞടുക്കും. ആരുടെയെങ്കിലും കൈയില്‍ ഒരു ഇല കിട്ടിയാല്‍ അയാള്‍ ഭക്തിയോടെ അതു മാറോടു ചേര്‍ത്തു പി
ടിയ്ക്കും. കുറച്ചുനേരം കണ്ണടച്ച് ഈശ്വരനോടു നന്ദി പറഞ്ഞിട്ട് ആ ഇല വളരെ ശ്രദ്ധാപൂര്‍വ്വം ബാഗില്‍ സൂക്ഷിച്ചു വെയ്ക്കും. അവരുടെ ഭക്തിഭാവം കണ്ട് അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമ്മ കൂടെയുള്ളവരോടു പറഞ്ഞു, 'ഇവര്‍ ഈ പേരാല്‍ മരത്തെ കാണുന്ന അതേ ഭക്തിയോടെയും ആദരവോടെയും ഈ ഭൂമിയിലെ എല്ലാ വൃക്ഷങ്ങളെയും കാണുവാന്‍ നമുക്കു സാധിച്ചിരുന്നെങ്കില്‍ നമ്മുടെ ഈ ലോകം ഇന്നത്തേക്കാള്‍ എത്രയോ മടങ്ങ് സുന്ദരമാകുമായിരുന്നു.' 
എല്ലാറ്റിലും ഈശ്വരനെക്കണ്ടു പൂജിക്കാനാണു സനാതനധര്‍മ്മം ആവശ്യപ്പെടുന്നത്. ഈ ബോധം പ്രകൃതിയെ സ്‌നേഹിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ സൂര്യനെ നിര്‍ജ്ജീവമായ ഒരു ഗോളമായല്ല കണ്ടിരുന്നത്, അവര്‍ സൂര്യനെ ദേവനായി കണ്ട് ആരാധിച്ചു. ഭൂമിയെ ഭൂമീദേവിയായികണ്ടു പൂജിച്ചു. നദികളെയും മലകളെയും വൃക്ഷങ്ങളെയുമൊക്കെ അവര്‍ ആദരവോടെ കണ്ടു. നദിയെ തീര്‍ത്ഥമായികണ്ട് ആരാധിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മാരകമായ മാലിന്യങ്ങള്‍ നദിയിലേയ്‌ക്കൊഴുക്കാന്‍ സാധിക്കുക? വൃക്ഷങ്ങളെ ആദരിക്കുന്ന ഒരു ജനതയ്ക്ക് എങ്ങനെയാണ് വനങ്ങളെ നശിപ്പിക്കുവാന്‍ സാധിക്കുക? 
പ്രാചീനകാലം മുതല്‍ പ്രകൃതിയെ സംരക്ഷിച്ചുവന്ന പാരമ്പര്യ മൂല്യങ്ങള്‍ക്കു നമ്മള്‍ പുതുജീവന്‍ നല്‍കണം. അതുവഴി പ്രകൃതിയിലെങ്ങും ഈശ്വരനെ ദര്‍ശിച്ച്  അതിനെ ഭക്തിപൂര്‍വ്വം സംരക്ഷിക്കുന്ന  സംസ്‌കാരം  വീണ്ടെടുക്കുവാന്‍ നമുക്കു സാധിക്കട്ടെ. 
 amma

No comments: