Saturday, June 01, 2019

തിരുത്താം, കരുതലോടെ*
---------------------
     ദേവാലയത്തിൽ പ്രാർത്ഥനയ്ക്കിടയിൽ ഒരാളുടെ മൊബൈൽഫോൺ ശബ്‌ദിച്ചു.  അവിടെയുണ്ടായിരുന്ന എല്ലാവരും അയാളെ കുറ്റപ്പെടുത്തി.  വീട്ടിലേക്കു  മടങ്ങുന്നതിനിടെ,അയാളുടെ ശ്രദ്ധക്കുറവിനെക്കുറിച്ചു ഭാര്യയും വാചാലയായി.  നാണകേടുമൂലം,ദേവാലയത്തിൽപോകാൻ അയാൾക്ക് മടിയായി.

       വൈകീട്ട് അയാൾ മദ്യശാലയിലെത്തി.  മദ്യപിക്കുന്നതിനിടയിൽ അയാളുടെ കൈയിൽ നിന്നും ഗ്ലാസ് നിലത്തുവീണു.  പരിചാരകൻ ഓടിയെത്തി അവിടം വൃത്തി യാക്കുകയും 'അറിയാതെ സംഭവിച്ചതല്ലേ സാരമില്ല' എന്ന് പറയുകയും ചെയ്തു.  അയാൾ അവിടത്തെ നിത്യസന്ദർശകനായി.

          _*പ്രകാശം പരത്തേണ്ടവർതന്നെ വിളക്ക് അണച്ചുകളഞ്ഞാൽ അന്ധകാരമല്ലാതെ പോംവഴിയില്ല.  മൂല്യങ്ങളുടെ പരിശീലനക്കളരികൾക്കു നിയമങ്ങൾ മാത്രം ഉണ്ടായാൽപോരാ,അനുകമ്പയും,സഹാനുഭൂതിയും ഉണ്ടാകണം.*_  ആവർത്തിച്ചുള്ള ഓർമ്മപ്പെടു ത്തലുകൾക്കുശേഷവും തെറ്റുകളും,പിഴവുകളും സ്വാഭാവികം.  അബദ്ധങ്ങളെ മനഃപൂർവം ഉള്ള അവഹേളനമായി മാത്രം വ്യാഖ്യാനിക്കാതെ,സഹിഷ്ണുതയോടെ സമീപിക്കാൻ കഴിയണം.

     തെറ്റുകൾ സംഭവിക്കുന്നത് അജ്ഞതകൊണ്ടോ ആലോചനയില്ലായ്മകൊണ്ടോ ആകാം.  _*സൗമ്യമായ,സ്വകാര്യമായ തിരുത്തലുകളാണ് വേണ്ടത്.*  *ആശ്വാസവും,ആത്മവിശ്വാസവും ലഭിക്കേണ്ട ഇടങ്ങളിൽനിന്ന് അപമാനം ഉണ്ടായാൽ അനന്തരഫലം തികച്ചും വൈകാരികമായിരിക്കും.*_

        ഒരാൾ തെറ്റുചെയ്യുമ്പോൾ _അയാളോട് കാണിക്കുന്ന സമീപനമാണ് ആ വ്യക്തിയിൽ മാറ്റത്തിന്റെ വിളക്ക് തെളിക്കുന്നത്._ വിശുദ്ധനും,സദ്ഗുണസമ്പന്നനും ആനുകൂല്യവും സംരക്ഷണവും വേണമെന്നില്ല.  തെറ്റുകാരനും,കുറ്റവാളിക്കും പിന്തുണ കൂടിയേതീരു- തിരുത്താനും,തിരിച്ചുവരുവാനും.  *എല്ലാ വിമർശനങ്ങളും വ്യക്തികേന്ദ്രീകൃതമാകാതെ പ്രവൃത്തികേന്ദ്രീകൃതമായിരുന്നെങ്കിൽ തെറ്റിപോയ പലരും സ്വയം തിരുത്തിയേനെ.*

       കൂടെ നടക്കാനും കൈപിടിക്കാനും ആളുണ്ടായിരുന്നെങ്കിൽ പലരുടെയും ആദ്യത്തെ തെറ്റ്,അവസാനത്തെ തെറ്റായേനെ.  ആശ്രയം ലഭിക്കേണ്ടിയിടത്തുനിന്നു അധിക്ഷേപം കിട്ടിയാൽ ആളുകൾ അക്കരപ്പച്ച തേടും.

       *കരുണയില്ലാത്ത വിമർശങ്ങൾ, തിരുത്തലുകൾ നൽകില്ല.  വിശുദ്ധിയിലെ വാഴ്ത്തിനേക്കാൾ വീഴ്ച്ചകളിലെ കരുതലാകും,മനോഭാവത്തിലും സ്വഭാവത്തിലും വ്യതിയാനം ഉണ്ടാക്കുക.*

No comments: