Thursday, December 27, 2018

ഭഗവദ് ഗീതയിലെ ലോകോക്തികൾ (11)
[ 'ക്ഷുദ്രം ഹൃദയ ദൗർബ്ബല്യം ത്യക്തോത്തിഷ്ഠ പരന്തപ'
(1)]
രണ്ടാമദ്ധ്യായം മൂന്നാം ശ്ലോകത്തിലെ രണ്ടാം വരി ഇനി ലോകോക്തിയെന്ന നിലയിൽ ശ്രദ്ധിക്കാം.
'ക്ഷുദ്രം ഹൃദയ ദൗർബ്ബല്യം ത്യക്തോത്തിഷ്ഠ പരന്തപ'
വാഗർത്ഥം - ക്ഷുദ്രം -തുഛമായ, ഹൃദയ ദൗർബ്ബല്യം - ഹൃദയത്തിന്റെ അഥവാ മനസ്സിന്റെ (വൈകാരികം) ദൗർബ്ബല്യാവസ്ഥയെ, ത്യക്ത്വാ - വെടിഞ്ഞിട്ട്, ഉത്തിഷ്ഠ- എഴുന്നേറ്റാലും, പരന്തപ- അർജ്ജുനാ (ശത്രുക്കൾക്ക്‌ താപം -ദുഃഖം - നൽകാൻ ശക്തനായവനെ)
സന്ദർഭം :-
അർജ്ജുനന്റെ കാര്യത്തിൽ കുരുക്ഷേത്രയുദ്ധം അപ്രതീക്ഷിതമായിരുന്നില്ല. എന്നിട്ടും സ്വജനങ്ങളോടു പോരാടേണ്ടതായി വന്നിരിക്കുന്നു എന്ന് പാർത്ഥൻ ഖേദിക്കുന്നു. വിഷാദ വിവശനായിത്തീർന്ന അർജ്ജുനനോട് പാർത്ഥസാരഥി തുഛമായ ഹൃദയ ദൗർബ്ബല്യം വെടിയാൻ ആജ്ഞാപിക്കുന്നു. വർദ്ധിത വീര്യത്തോടെ എഴുന്നേൽക്കാൻ ആഹ്വാനം ചെയ്യുന്നു.
ലോകോക്തി തലം :-
ഹൃദയ ദൗർബ്ബല്യത്തിനു വിധേയരായി തളർന്നിരിക്കുന്നേടത്തോളം നമ്മിൽ അനാവശ്യ മാനസിക ഊർജ്ജവ്യയമുണ്ടാകും. വ്യക്തികൾക്കു മാത്രമല്ല കുടുംബത്തിനും സമാജത്തിനുമൊക്കെ ഇതു കൊണ്ട് വലിയ തോതിലുള്ള നഷ്ടം സംഭവിക്കുമെന്നോർക്കണം. അതു കൊണ്ട്
'ക്ഷുദ്രം ഹൃദയ ദൗർബ്ബല്യം ത്യക്തോത്തിഷ്ഠ പരന്തപ' എന്ന ആഹ്വാനം സന്ദർഭാനുസൃതം ഏവരും ഉൾക്കൊണ്ട് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇത് ഭഗവാന്റെ വാക്യമാകയാൽ സാദരം ഒരു മന്ത്രമെന്ന നിലയിൽ സ്വീകരിച്ച് നമുക്ക് നമ്മോട് നിർദ്ദേശിക്കാം. പരന്തപ എന്ന അഭിസംബോധന നമ്മെ ഉദ്ദേശിച്ച് ചെയ്യുന്നതാണെന്നു കരുതണം. ഈ ദുരവസ്ഥ ബാധിച്ചിരിക്കുന്ന ബന്ധുക്കളുടേയും, സുഹൃദ് വൃന്ദത്തിന്റെയും കാര്യത്തിൽ കാലതാമസം കൂടാതെ ഇടപെടാനും ജാഗ്രത കാണിക്കണം.
അന്തഃക്കരണത്തിന് വൈകാരികവും, വൈചാരികവുമായ രണ്ട് പ്രവർത്തന ശൈലികളും പ്രകടനങ്ങളുമുണ്ട്. വികാരങ്ങൾ (മാനസികം) ജീവിതത്തിന് സൗന്ദര്യവും, സൗകുമാര്യതയും, സൗരഭ്യവും പ്രദാനം ചെയ്യുന്നു എന്നാലങ്കാരികമായി അഥവാ ഭാവനാത്മകമായി പറയാം. ഒരു നിർവ്വികാര വ്യക്തിയുടെ ജീവിതം മരുഭൂമിക്കു തുല്യമാണെന്ന് വിശേഷിപ്പിക്കാറുണ്ട്. അവിടെ ഒരു ആർദ്രതയോ, പച്ചപ്പോ, മഴവില്ലോ, വസന്തമോ , സംഭവിക്കുന്നില്ല. നിർവ്വികാരത ശരിയല്ല, വികാരവിക്ഷുബ്ധിയും അതു പോലെ അസ്വീകാര്യമാണ്. സങ്കടം, സന്തോഷം, സ്നേഹം തുടങ്ങിയ വികാരങ്ങൾക്കൊക്കെ ജീവിതത്തിൽ അതിന്റെതായ സ്ഥാനമുണ്ട്, ദൗത്യമുണ്ട്.
അനുഭവജ്ഞാനത്തിന്റെ പിന്തുണയും, കാര്യവിവേചന ശേഷിയും ഉള്ള വൈചാരിക തലം (ബുദ്ധി) മനുഷ്യനുള്ള സവിശേഷ അനുഗ്രഹമാണെന്നത് പ്രസിദ്ധമാണ്. ജീവിതത്തിന്റെ ലക്ഷ്യസാക്ഷാത്ക്കാരത്തിന് ബൗദ്ധീകവിജ്ഞാന ശേഷി ഏവരേയും സഹായിക്കുന്നു. വിചാര ശേഷി പ്രയോജനപ്പെടുത്താതെ വെറും വികാരജീവികളായി മാറിക്കൂടാ. വികാരങ്ങളെ വിചാര പക്വത നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവണം. ജീവിതത്തിൽ വിവേക വിചാരത്തിന് മുൻതൂക്കം ഉണ്ടാവണം.
വൈകാരിക ലോകത്തിന്റെ യജമാനത്വം നേടാൻ സാധിക്കാതെ വന്നാൽ ജീവിതം തികഞ്ഞ പരാജയവും ദുരന്തവുമായി മാറിയേക്കാം. വിചാര ഭദ്രതയിൽ വികാര പ്രകടനങ്ങൾ യാഥാചിതമാകാം. അതു കൊണ്ട് ക്ഷുദ്രമായ വൈകാരികതകളുടെ നീരാളിപ്പിടുത്തത്തിൽപ്പെട്ടു പോവാതെ ഉത്തരവാദിത്വത്തോടെ എഴുന്നേൽക്കാൻ ശ്രദ്ധിക്കാം. (ഇവിടെ എഴുന്നേൽക്കുന്നത്
വിവേക ഭദ്രമായ നിലപാടുകളിലേക്കാവണം. കൂടുതൽ വൈകാരിക ദൗർബ്ബല്യങ്ങളിലേക്കാവരുത്. )
ഒരിക്കൽ വായിക്കാനിടയായ ഒരു ഉദ്ധരണി കൂടി ഇവിടെ ചിന്തനീയമാണെന്നു തോന്നുന്നു.
'What is an emotion? It is energy in motion'. എല്ലാ വികാരങ്ങളിലും നല്ല തോതിൽ ഊർജ്ജം നിഹിതമായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. ഊർജ്ജ സംഭരണിയാണ് വികാരമെങ്കിൽ
പ്രസ്തുത ഊർജ്ജത്തെ യഥോചിതം ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ടോ എന്നത് അന്വേഷിക്കപ്പെടണം.
('കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാളിദാസ ഭാവന'യെക്കുറിച്ച് ഒരു സിനിമാപ്പാട്ടിൽ പ്രതിപാദനമുണ്ട്. സന്ദർഭാനുസരണം അത് ഹൃദ്യമായ സാഹിത്യമായിരിക്കാം. എന്നാൽ വസ്തുതാപരമായി ഇത് അംഗീകരിക്കാൻ പറ്റില്ല. സ്ത്രീയേയും, സങ്കടപ്രകടനമായ കണ്ണുനീർത്തുള്ളിയേയും,
ദൗർബല്യ പ്രതീകങ്ങളായി കാണുന്നത് ശരിയല്ല. ഒരു വികാരത്തേയും ശപിക്കാതെ, വൈകാരിക ഊർജ്ജ സാധ്യതകളെ വിചാര പരമായ ഇടപെടൽ കൊണ്ട് പ്രയോജനപ്പെടുത്താൻ കരുതൽ പുലർത്തേണ്ടതുണ്ട്.
(തുടരും ....)
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: