Thursday, December 27, 2018

*തിരുവിഴ മഹാദേവ ക്ഷേത്രം*
 💧💧💧💧💧💧💧💧💧💧💧
കൈവിഷം കളഞ്ഞു ചിത്തം തെളിയാൻ തിരുവിഴ മഹാദേവക്ഷേത്ര ദർശനം

ക്ഷേത്രങ്ങളാൽ അനുഗൃഹീതമായ കേരളത്തിൽ ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. അങ്ങനെ, കൈവിഷബാധ കളഞ്ഞു മനസ്സു തെളിയാൻ ഉത്തമമെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ തിരുവിഴ മഹാദേവ ക്ഷേത്രം. കേരളത്തിലെ അപൂർവം ചില ക്ഷേത്രങ്ങളിലേതുപോലെ സ്വയംഭൂ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.

അർദ്ധ ചന്ദ്രാകൃതിയിൽ പ്രദക്ഷിണം ചെയ്തു വേണം ശിവനെ വണങ്ങുവാൻ. വിഷ്ണു, ശാസ്താവ്‌, യക്ഷി, ഗണപതി, രക്ഷസ്സ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. മഹാദേവനെ കണ്ടു വണങ്ങി കൂവളത്തില ചാർത്തി പ്രാർഥിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ പ്രാർഥന ഫലം കാണുമെന്നാണു വിശ്വാസം.
തിരുവിഴ മഹാദേവ ക്ഷേത്രം
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം കുളത്തിൽനിന്നു ലഭിച്ചതാണ് എന്നാണു ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് അറയ്ക്കൽ പണിക്കർമാരുടെ വക കുളമായിരുന്നു. ഒരിക്കൽ വീട്ടിലെ സ്ത്രീകൾ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ അസാധാരണമായ എന്തിലോ തട്ടി. കമ്പു കൊണ്ടു കുത്തിനോക്കിയപ്പോൾ രക്തമൊഴുകുന്ന ഒരു സ്വയംഭൂ ശിവലിംഗം കിട്ടി. ഉടൻ തന്നെ കുളം നികത്തി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. അതിനാൽതന്നെ ക്ഷേത്ര നിർമാണത്തിലും പ്രത്യേകതകൾ ഉണ്ട്. മഴ പെയ്താൽ ഇവിടെ കുളത്തിലെന്ന പോലെ വെള്ളം കയറും.

തിരുവിഴ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധി കൈവിഷം ഛര്‍ദിപ്പിച്ചുകളയുന്നതിലാണ്. ഒരു വ്യക്തിയെ വശീകരിക്കാനോ നശിപ്പിക്കാനോ ആരെങ്കിലും നൽകിയ കൈവിഷം ഇവിടെ ഛർദിപ്പിച്ചു കളയുന്നു. ഇതിനായി വളരെയകലെനിന്നുപോലും ആളുകൾ എത്താറുണ്ട്.

തിരുവിഴ മഹാദേവ ക്ഷേത്രം
ക്ഷേത്രത്തിൽ നിവേദിച്ച പ്രത്യേക മരുന്നു നൽകിയാണ് ഇതു ചെയ്യുന്നത്. മരുന്നു സേവിക്കുന്നതിനു മൂന്നു ദിവസം മുമ്പു മുതൽ ലഹരിപദാര്‍ഥങ്ങൾ ഉപയോഗിക്കരുതെന്നും ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്നു കഴിക്കരുതെന്നും നിർബന്ധമുണ്ട്. മരുന്നു കഴിക്കാൻ എത്തുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരിക്കുകയും വേണം.

മരുന്നു സേവിക്കാനെത്തുന്ന ഭക്തർ തലേദിവസം ദീപാരാധനയ്ക്കു മുൻപു ക്ഷേത്രത്തിൽ എത്തണം. ദീപാരാധന കഴിഞ്ഞ്  നാഗയക്ഷിക്കു ഗുരുതി കഴിച്ച് അതിന്റെ പ്രസാദം കഴിച്ചു വേണം ചികിത്സ തുടങ്ങാൻ. അടുത്ത ദിവസം പന്തീരടിപൂജയ്ക്കു ശേഷമാണ്‌ മേല്‍ശാന്തി മരുന്നു നൽകുക. മരുന്നു കഴിച്ച്‌ പ്രദക്ഷിണം നടത്തുമ്പോൾ കൈവിഷം ഛര്‍ദിച്ചു പോകുമെന്നാണു വിശ്വാസം. ഇതിനുശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിക്കുകയും വേണം. വില്വമംഗലം സ്വാമിയാണ് ഈ ചികിത്സ ആരംഭിച്ചതെന്നു പറയപ്പെടുന്നു.

ക്ഷേത്രത്തിനകത്തു മാത്രം വളരുന്ന ഒരുതരം കാട്ടു ചെടിയിൽനിന്നാണ് കൈവിഷം കളയാനുള്ള മരുന്നുണ്ടാക്കുന്നത്. ഈ ചെടിയുടെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത്‌ കിണ്ടിയിലൊഴിച്ചു ഭക്തർക്കു നൽകും. ആ മരുന്നു സേവിച്ചാണ് കൈവിഷം പുറന്തള്ളുന്നത്. ഇതിനായി എത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി കടൽ താണ്ടിയിട്ടുണ്ട്.
💧💧💧💧💧💧💧💧💧💧💧

No comments: