വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍, ഉദ്യോഗസ്ഥന്റെ ഉത്പാദനക്ഷമതയിലൂടെ സ്ഥാപനത്തിന്റെ ഉടമസ്ഥനാണ് ലാഭം ഉണ്ടാക്കുന്നത്. എന്നാല്‍, പ്രവൃത്തിയും, തന്മൂലമുണ്ടാകുന്ന അനുഭവസമ്പത്തും പ്രവര്‍ത്തിക്കുന്നവന്റെ മുതല്‍ക്കൂട്ടാണെന്നു മനസ്സിലാക്കണം.
പ്രവൃത്തിയിലുള്ള മറ്റൊരു ഭാഗത്തെ വ്യത്യസ്തമായി വേണം കാണാന്‍. ഒരു ജീവനക്കാരനെ ജോലിക്കുവെക്കുന്നതു സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്ന അധികാരികളാണ്. ജോലി വിലയിരുത്തുന്നവരുടെ അംഗീകാരം പിടിച്ചുപറ്റാന്‍ നിങ്ങള്‍ക്കാവണം. എന്നുവെച്ചാല്‍ കാര്യക്ഷമമായി ജോലിചെയ്യുന്നതോടൊപ്പം അത് അധികാരപ്പെട്ടവരുടെ മാനദണ്ഡങ്ങള്‍ക്കു നിരക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള വിവേകംകൂടി ഏതു ഉദ്യോഗസ്ഥനും ഉണ്ടായേ തീരൂ. ആത്മാര്‍ഥത അവകാശപ്പെട്ടതു കൊണ്ടായില്ല. ആത്മാര്‍ഥത ഉണ്ടായാലും മേലധികാരികളുടെ തൃപ്തിക്കൊത്തു ജോലിചെയ്യുന്നവനേ എന്നും എവിടേയും സമര്‍ഥനാകൂ.
വ്യക്തിഗതമൂല്യങ്ങള്‍ നല്ലതുതന്നെ. പക്ഷേ, അവ സ്ഥാപനമൂല്യങ്ങള്‍ക്ക് ആഘാതം വരുത്തിക്കൂടാ. അധികാരികളുടെ അംഗീകാരം നേടാന്‍ തക്ക കാര്യക്ഷമതയാണ് ഏത് ഉദ്യോഗസ്ഥന്നും ആവശ്യം, അലങ്കാരവും.
നല്ല കാര്യക്ഷമതയുള്ള ചിലര്‍ക്കു തത്സ്ഥാനത്തേക്ക് അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കാറില്ല. ഗര്‍വാണ് എപ്പോഴും അവരില്‍ മുമ്പിട്ടു നില്‍ക്കാറുള്ളത്. അവരെപ്പറ്റി നിങ്ങള്‍ എന്തു പറയും? സഹപ്രവര്‍ത്തകരുമായി സഹകരിച്ച് മുന്നോട്ടു പോകുകയെന്നത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ട മുഖ്യമേന്മയാണല്ലോ. പ്രവര്‍ത്തനശേഷിയും കാര്യപ്രാപ്തിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
നിങ്ങളുടെ ആത്മപരിശോധനയും വിലയിരുത്തലും ആകെ മാറേണ്ടതുണ്ട്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടും നിങ്ങളുടെ പ്രകടനത്തില്‍ മേലധികാരികള്‍ക്കു മതിപ്പുണ്ടാകുന്നില്ലെങ്കില്‍ അത് എന്തുകൊണ്ടെന്നു ചിന്തിക്കണം. എന്തോ ഒന്ന് അനുകൂലപ്രതികരണത്തിനു വിഘാതമായി നില്‍ക്കുന്നു. എന്താണതെന്ന അന്വേഷണംകൊണ്ടേ ഈ അഭാവം പുറത്തുവരൂ, തെളിഞ്ഞുകാണൂ. അതു പിടികിട്ടിയാല്‍ ഇപ്പോഴത്തെ അപര്യാപ്തത അനായാസം പരിഹരിക്കാം.
നിങ്ങള്‍ക്കെവിടെയാണ് പോരായ്മയെന്നു കണ്ടെത്താന്‍ മേലധികാരികളുടെ സഹായം തേടുക. ഓരോരുത്തരോടും സ്വന്തം മേന്മകളും ആവശ്യങ്ങളും ചൂണ്ടിക്കാണിക്കാനും,പ്രത്യേകപരിശീലനം വേണമെന്നു തോന്നുന്ന മേഖലകള്‍ വ്യക്തമാക്കാനുമുള്ള മൂല്യനിര്‍ണയരീതികള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിലവിലുണ്ടല്ലോ.
എല്ലാ കാര്യങ്ങളിലും നല്ല വസ്തുനിഷ്ഠത വേണം. ഞാന്‍ കാര്യങ്ങള്‍ ശരിയായി ചെയ്യുന്നുണ്ടെന്നു തോന്നുന്നതും പറയുന്നതും ഒന്ന്, അതു പ്രവൃത്തികളില്‍ തെളിയുന്നത് ഇനിയൊന്ന്. യുദ്ധക്കളത്തിലെ അര്‍ജുനനെപ്പോലെ വിഷാദം ഉണ്ടാവരുത്. വിലപിച്ചുനിന്ന അര്‍ജുനനു കൃഷ്ണന്‍ ശരിയായ ഉള്‍ക്കാഴ്ച പകര്‍ന്നു കൊടുത്തു. കണ്ണീര് എങ്ങോ പോയി. തീവ്രാന്വേഷിയായാണ് അര്‍ജുനന്‍ പിന്നെ നിലകൊണ്ടത്. ആത്മവിശ്വാസവും സന്തുഷ്ടമനസ്സും പൊയ്‌പ്പോകരുത്.
No comments:
Post a Comment