Monday, December 31, 2018

ഭാരത മഹിമ (തുടര്‍ച്ച)

പി.വി.കൃഷ്ണന്‍ കുറൂര്‍
Tuesday 1 January 2019 2:40 am IST
ഭൂപത്മത്തിന്നു കര്‍ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‍ക്കുന്നു
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ 
അതിലുത്തമം ഭാരത ഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മക്ഷേത്രമെന്നല്ലോ പറയുന്നു
കര്‍മബീജമതീന്നു മുളയ്‌ക്കേണ്ടു
ബ്രഹ്മലോകത്തിരിക്കുന്നവര്‍കള്‍ക്കും
കര്‍മ ബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണയം
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നാലരുമോര്‍ക്കണം
ഭൂമിയാകുന്ന താമരയുടെ അല്ലിപോലെ (കര്‍ണിക) സ്ഥിതിചെയ്യുന്ന പര്‍വതശ്രേഷ്ഠന്‍ (മഹാമേരു പര്‍വതം) ഈ ജംബുദ്വീപിലാണുള്ളത്. ജംബുദ്വീപില്‍ ഒന്‍പതു ഖണ്ഡങ്ങളുണ്ട്. അതില്‍ ഏറ്റവും ഉത്തമമായ പ്രദേശമാണ് ഭാരതഭൂമി. സര്‍വാദരണീയരായ മഹാമുനിമാര്‍ ഈ ഭാരതഭൂമിയെ കര്‍മക്ഷേത്രമെന്ന് വിളിക്കുന്നു. ബ്രഹ്മലോകത്തുള്ളവര്‍ക്കുപോലും കര്‍മബീജം ഇവിടെനിന്നു മാത്രമേ ലഭിക്കുകയുള്ളൂ. മോക്ഷകാരകമായ കര്‍മവും ഭാരതഭൂമിയില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അത്രയ്ക്ക് മഹത്വമുള്ളതാണ് ഈ ഭാരതമെന്ന് എല്ലാവരും ഓര്‍മിക്കണം.
ഭാരതത്തെ കര്‍മക്ഷേത്രമെന്ന് ഭാഗവതത്തിലും ഉദ്‌ഘോഷിക്കുന്നുണ്ട് (അഞ്ചാം സ്‌കന്ധം). ജംബുദ്വീപിനെ ഒന്‍പത് ഖണ്ഡങ്ങളായി വിഭജിച്ച്, ആഗ്നീധ്ര മഹാരാജാവ് തന്റെ ഒന്‍പത് മക്കള്‍ക്കായി കൊടുത്തുവത്രെ. അതില്‍ അജനാഭം എന്ന ഖണ്ഡം ഭരിച്ചത് നാഭി എന്ന രാജാവായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു, ഋഷഭ ദേവന്‍ എന്ന പേരില്‍ അവതരിച്ചു. ഋഷഭ ദേവന് ഇന്ദ്രന്റെ പുത്രിയായ ജയന്തിയില്‍ ജനിച്ച മകനാണ് ഭരതന്‍. ഭരതന്‍ ഭരിച്ചതുകൊണ്ടാണ് അജനാഭത്തിന് ഭാരതം എന്ന പേരു വന്നത്.
നേരത്തേ, മഹാമേരു പര്‍വതത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ഈ പര്‍വതം സ്വര്‍ഗവാസികളുടെ വിഹാര സ്ഥലമാണത്രെ. ശ്രീകൃഷ്ണ വിലാസം മഹാകാവ്യത്തിന്റെ ഒന്നാം സര്‍ഗത്തില്‍ മഹാമേരു പര്‍വതത്തെ വിസ്തരിച്ച് വര്‍ണിക്കുന്നുണ്ട്.

No comments: