Wednesday, December 26, 2018

Sudha Bharat.
ഗീതാ പ്രമാണം - 7
യോഗസാധന
എന്താണ് ഗീതയിലെ ആത്യന്തികമായ ലക്ഷ്യസ്ഥാനം? ഗീതയിൽ പതിനെട്ട് അധ്യായങ്ങളാണുള്ളത്. ഓരോ അദ്ധ്യായത്തിന്റെയും പേരിന്റെ അവസാനം 'യോഗം' എന്നു കാണാം. ഈ യോഗം തന്നെയാണ് ഗീതയുടെ അടിസ്ഥാന ലക്ഷ്യം എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
എന്താണ് യോഗം? 'യൂജ്' എന്ന സംസ്കൃതപദത്തിൽനിന്നുമാണ് യോഗം എന്ന പേര് വന്നത്. യൂജ് എന്നാൽ കൂടിച്ചേരുക, ചേർന്നിരിക്കുക എന്നാണർത്ഥം. യോഗം എന്നാൽ അല്പമെന്നു കരുതപ്പെടുന്ന ഈ ജീവൻ അനന്തസ്വരൂപനായ ഭഗവാനുമായി കൂടിച്ചേരുക അഥവാ യോഗം പ്രാപിക്കുക എന്നു താല്പര്യം. അതായത്, ഭഗവദ്ഗീതയുടെ ആത്യന്തികമായ ലക്ഷ്യം യോഗം അഥവാ നരനിൽനിന്നും നാരായണനിലേക്കുള്ള സമ്പൂർണ്ണ പരിവർത്തനം, അജ്ഞാനത്തിൽനിന്നും സമ്പൂർണ്ണമായ ജ്ഞാനത്തിലേക്കുള്ള പരിണാമം.
ഈശ്വരസാക്ഷാത്കാരത്തിനായുള്ള ഏതൊരു കർമ്മത്തെയും സാധന എന്നുവിളിക്കാം. ജീവിതത്തിലെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണെന്നു നിശ്ചയം വന്ന് ആ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗത്തെ തിരഞ്ഞെടുത്തു അതിനെ പൂർണ്ണതയിലേക്കെത്തിക്കുന്ന ജീവിതനിഷ്ഠയാണ് സാധന. ഒരാളുടെ അഭിരുചി, ചെയ്യാനുള്ള കഴിവും സാഹചര്യവും എന്നിവയ്ക്കനുസരിച്ച് സാധനാപദ്ധതി വ്യത്യാസപ്പെടുന്നു.
ആത്മസാക്ഷാത്കാരത്തിലേക്ക് പ്രധാനമായും നാലു വഴികളാണ് സൂചിപ്പിച്ചിട്ടുള്ളത്; കർമ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം. മാർഗ്ഗങ്ങൾ പലതെങ്കിലും ലക്ഷ്യം ഒന്നുതന്നെ, ഭഗവാൻ. ഭഗവദ്ഗീതയിൽ കൃഷ്ണൻ അർജ്ജുനനോട് പറയുന്നു: "അർജ്ജുനാ; ആളുകൾ ഏതെല്ലാം വഴികളിലൂടെയാണോ എന്നെ സമീപിക്കുന്നത്, ആ വഴികളെല്ലാം എന്നിലേക്ക് വന്നുചേരുന്നു".
യാതൊരു ഫലവും തിരികെ ഇച്ഛിക്കാതെ, ഭഗവദർപ്പണമായി ചെയ്യുന്ന കർമ്മമാണ് കർമ്മയോഗത്തിലേക്ക് വഴിവെയ്ക്കുന്നത്. ഭഗവാനോടുള്ള നിത്യനിരന്തരമായ ഭക്തി, ഭക്തിയോഗത്തിലേക്കു നയിക്കുന്നു. നിരന്തരമായ പരിശീലനത്തിലൂടെ ഏർപ്പെടുന്ന മനസ്സിന്റെ നിശ്ചലാവസ്ഥയാണ് രാജയോഗം. ജ്ഞാനയോഗമാകട്ടെ, നമ്മിലുള്ള അജ്ഞാനത്തിന്റെ മറ പൂർണ്ണമായും നീക്കി ആത്മസ്വരൂപത്തെ കാണിച്ചുതരുന്നു. നിഷ്കാമ കർമ്മത്തിന്റെ ഫലം ശുദ്ധഭക്തിയും, ഭക്തിയുടെ ഫലം മനസ്സിന്റെ നിശ്ചലാവസ്ഥയും, അചഞ്ചലമായ മനസ്സിന്റെ ഫലം ജ്ഞാനവും ആണ്.
യഥാർത്ഥത്തിലുള്ള കർമ്മയോഗം ഒരാളെ ശുദ്ധജ്ഞാനസമ്പാദനത്തിനു പരിപാകപ്പെടുത്തുന്നു. കർമ്മയോഗംകൊണ്ട് പരിപക്വമാകാത്ത ഒരാൾക്ക് ജ്ഞാനയോഗ പ്രാപ്തി ദുഷ്കരമാണ്. ജീവനിൽ കർമ്മപ്രാരാബ്ദം കിടക്കുവോളം അത് യോഗത്തിനു തടസ്സമാണ്; കർമ്മ പ്രാരാബ്ധം കർമ്മത്തിലൂടെ തന്നെ തീർക്കണം. നിഷ്കാമവും നിസ്വാർത്ഥവുമായ കർമ്മത്തിലൂടെ മാത്രമേ യഥാർത്ഥ വേദാന്തജ്ഞാനം ലഭിക്കുന്നുള്ളൂ.
കർമ്മഫലത്തിൽ ശ്രദ്ധയേതുമില്ലാതെ, ചെയ്യേണ്ടുന്ന കർമ്മങ്ങൾ കൃത്യമായ സാധനാരൂപത്തിൽ ഈശ്വരാർപ്പണഭാവത്തോടുകൂടെ ചെയ്യുന്ന കർമ്മയോഗം ഒരാളുടെ ആത്മീയ വളർച്ചയിൽ വളരെ പ്രധാനമാണ്. ഏതെങ്കിലും വിഷയത്തോടുള്ള ഒട്ടിച്ചേരൽ ഒരുതരത്തിൽ മരണമാണ്. കർമ്മഫലത്തിലുള്ള ആസക്തിയില്ലായ്മ ഒരുവനെ സ്വാതന്ത്ര്യത്തിലേക്കും, അമരത്വത്തിലേക്കും നയിക്കുന്നു. നശ്വരാവസ്തുക്കളിലുള്ള ഒട്ടലില്ലായ്മ ഒരാളെ നിർഭയനാക്കിത്തീർക്കുന്നു. ഈ ഭയമില്ലായ്മ പതിയെ ഈശ്വരസാക്ഷാത്കാരത്തിലേക്കു നയിക്കുന്നു. ഒരാൾക്ക് തന്റെ കർമ്മത്തിൽ എത്രമാത്രം ശ്രദ്ധയും അർപ്പണവുമുണ്ടോ അയാൾ ഈശ്വരനോട് കൂടുതൽ അടുക്കുന്നു. കാലക്രമത്തിൽ, ഈശ്വരൻ തന്നിലൂടെ പ്രവർത്തിക്കുന്നതായി അയാൾക്ക് തോന്നിത്തുടങ്ങുന്നു. അപ്പോൾ മുതൽക്ക് കർമ്മത്തിലുള്ള സകല പിരിമുറുക്കങ്ങളും അവശതകളും അറ്റുപോകുന്നു. അജ്ഞാനവശാൽ നമുക്കേർപ്പെട്ട കർതൃത്വ-ഭോക്തൃത്വ ഭാവം (ഞാൻ ചെയ്യുന്നു, ഞാൻ അനുഭവിക്കുന്നു എന്ന അജ്ഞാനം) ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ഇല്ലാതായിത്തീരുന്നു. ഇതിനെയാണ് യോഗം എന്നുപറയുന്നത്.
ഗുരുപ്രസാദം!
തുടരും....
  

No comments: