Sunday, December 30, 2018

എന്താണ് ഭഗവത് ഗീതയുടെ ഉപദേശമെന്നു ചോദിച്ചാൽ പലരും പലതും പറഞ്ഞേക്കാം.  എന്നാൽ എനിക്ക് ഒറ്റ ഉത്തരം മാത്രമേ ഉള്ളു. വ്യാസ ഭഗവാൻ സഞ്ജയനെക്കൊണ്ടു പറയിച്ച അതേ ഉത്തരം "എവിടെ ധർമ്മത്തിലടിസ്ഥാനമയി കർമ്മം ചെയ്യാൻ തയ്യാറായ വ്യക്തിയും അയ്യാൾക്കൊപ്പം ഈശ്വരാധീനവുമുണ്ടോ അവിടെ വിജയം സുനുശ്ചിതമാണ്" എന്നുള്ള സകല കർമ്മശാലികളേയും ഉത്തേജിപ്പിക്കുന്ന, സത് കർമ്മങ്ങളിലേക്കു നയിക്കുന്ന മഹത്തായ ഉപദേശം.

"യത്ര യോഗേശ്വര: കൃഷ്ണാ യത്ര പാർത്ഥോ ധനുർദ്ധര:
തത്ര ശ്രീർ വിജയോ ഭൂതിർ ധ്രുവം നീതിർമ്മതിർമ്മമ" ( ശ്രീമദ് ഭഗവത് ഗീത 18: 78 )
"എവിടെ യോഗോശ്വരനായ കൃഷ്ണനും എവിടെ ധനുർദ്ധരനായ അർജ്ജുനനും വർത്തിക്കുന്നുവോ, അവിടെ ഐശ്വര്യവും വിജയവും, അഭിവൃത്തിയും നീതിയും നിശ്ചയമായുണ്ടാകുമെന്നാണ് എന്റെ വിചാരം"

ഭഗവത് ഗീത ഭഗവാൻ ശ്രീകൃഷ്ണൻ മഹാഭാരത യുദ്ധാരംഭ സമയത്ത് താൻ ചെയ്യാൻ പോകുന്ന അതികഠിനവും ഭീകരവുമായ കർമ്മത്തെയോർത്ത് ത്യാജഗ്രാഹ്യ വിവേചന ശക്തി നഷ്ടപ്പെട്ട് തളർന്നിരിക്കുന്ന ധർമ്മത്തിനായി പൊരുതുന്ന പാണ്ഡവ പക്ഷത്തിന്റെ സർവ്വസൈന്യാധിപനായ അർജ്ജുനനു കൊടുക്കുന്ന മഹത്തായ ഉപദേശങ്ങളാണ്.  ജീവിതത്തിൽ പലപ്പോഴും നാമൊരോരുത്തരും ഇത്തരം സാഹചര്യങ്ങളിൽ പകച്ചു നിൽക്കേണ്ട അവസരങ്ങൾ ഉണ്ടായിട്ടുള്ളവരാണ്.  വിവേക പൂർണ്ണവും ബുദ്ധിപരവും ന്യായവും മായിട്ടുള്ള ഒരു തീരുമാനം അത് ജീവിതമാകെ ഒരു പക്ഷേ തിരിച്ചു മറിക്കാൻ സാധ്യതയുള്ളതുമാണ്.  വേണമോ വേണ്ടയോ... ശരിയോ തെറ്റോ...  ന്യായമോ അന്യായമോ...  അതിന്റെ പ്രത്യഘാതം... തനിക്കുണ്ടാവുന്നത്, സമൂഹത്തിനുണ്ടാകുന്നത്, .... അങ്ങനെ അനേകം ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം കിട്ടാതെ പരാധീനരായി പിന്തിരിയാൻ പറ്റാത്ത സാഹചര്യത്തിൽ പ്രകൃതി നമ്മേക്കൊണ്ട് ചെയ്യിക്കുന്നതിനു പകരം വിവേകത്തോടെ അറിവിന്റെ പക്വതയോടെ കർമ്മം അനുഷ്ഠിക്കേണ്ട മാർഗ്ഗത്തിലൂടെത്തന്നെ ചെയ്യുവാനാണ് ഗീതയിലുടെ അർജ്ജുനന് ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു കൊടുക്കുന്നത്.  അതു കൊണ്ടു തന്നെ ഏതൊരു സങ്കീർണ്ണമായ പ്രശ്നത്തിലും അടിപതറാതെ മുന്നേറുകയെന്ന വ്യക്തിത്വമാഗ്രഹിക്കുന്നവർക്കുള്ള ഒരു സംഗ്രഹ ഗ്രന്ഥമാണ് ശ്രീമദ് ഭഗവത് ഗീത. 

ഒരാളിന്റെ വ്യക്തിത്വം അയ്യാളുടെ ഉള്ളിലെ അറിവിന്റെ പ്രതിഫലനമാണ്. അയ്യാളുടെ ത്യാജഗ്രാഹ്യവിവേചനശക്തിയാണ് വ്യക്തിത്വത്തെ ശ്രേഷ്ഠവും നികൃഷ്ഠവുമൊക്കെയാക്കുന്നത്.  അറിവിനെ അന്ധകാരമാകുന്ന ശത്രുവിനെ ഛേദിച്ചുകളയാനുള്ള വാളായാണ് അവതരിപ്പിച്ചിരിക്കുന്നത്.  മനുഷ്യനെന്ന മനനം ചെയ്യാൻ കഴിവുള്ള ജീവിയുടെ പരമാവധി പ്രാപ്തിയും ജ്ഞാന സമ്പാദനത്തിനായി മാറ്റി അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തി നേടി യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാണ് ഗീതയിലൂടെ നാം മനസ്സിലാക്കേണ്ടത്.  എന്തു ചെയ്യുന്നതിനും മുമ്പായി ഞാനാരാണെന്ന സത്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.  ഓരോ ജീവിയും പരസ്പരം അവയെ ബന്ധിപ്പിച്ചിരിക്കുന്ന ജൈവചക്രവും അതിനെ പ്രകൃതിയോടു കൂട്ടിയിണക്കുന്ന പ്രകൃതി നിയമവും എല്ലാം തന്നെ തിർച്ചറിയുംപ്പോൾ അവൻ ഇശ്വരതുല്യനായിമാറുമെന്ന അദ്വൈത സിദ്ധാന്തവുമാണ് വേദങ്ങളിലൂടെ പറയുന്നതും ഗീതയിലൂടെ ഒഴുകിയെത്തിയതും. 

തത്ത്വമസി, അതു നീയാണ് അഥവ ഞാനും നീയും ബ്രഹ്മവും ഒന്നാണ് എന്നറിയാതെ സ്വാർത്ഥമോഹത്താൽ ഇന്ദ്രീയങ്ങളൂടെ ശക്തമായ സ്വാധീനത്താൽ പ്രകൃതിയെ മറന്ന് അത്യന്തികമായ ലക്ഷ്യം മറന്ന് പലരു പൽതും ചെയ്തു കൂട്ടി പ്രകൃതിയുടെ സംതുലിതാവസ്ഥയെ അപ്പടി തകീടം മറിക്കുമ്പോൾ സ്വന്തം പേരക്കുട്ടികളുടെ കഴുത്തിത്തന്നെയാണ് നാം കത്തിവെച്ചിരിക്കുന്നതെന്ന സത്യം കാണാതെ പോകുന്നു.  അഥവ കണ്ടാൽ തന്നെ അതത്രകാര്യമാക്കാറുമില്ല. 

അനേകായിരം ജന്മജന്മാന്തരങ്ങളിലൂടെയാണ് മനുഷ്യനെന്ന പദവിയിലെത്തിച്ചേരുന്നത്. സകല ജീവികൾക്കും അതതിന്റെ പ്രകൃതിക്കു ചുറ്റുപാടുകൾക്കും അനുയോജ്യമായ ശാരീരിക പ്രത്യേകതകൾ കൊടുത്തപ്പോൾ മനുഷ്യനുമാത്രം വളരെ കട്ടികൂറഞ്ഞ ത്വക്കും അത്ര ശക്തമല്ലാത്ത നഖങ്ങളും മറ്റവയവങ്ങളും കൊടുത്തത് അവന്റെ സംരക്ഷണമാർഗ്ഗം അവനനവൻ തന്നെ വികസിപ്പിച്ചെടുക്കുവായാണെന്നതല്ലേ വസ്തുത.  മനുഷ്യനും മനനം ചെയ്യുവാനുള്ള ശക്തിയും കൊണ്ട് ഇന്ന് പ്രകൃതി അപ്പാടെ സ്വന്തം ചൊൽപ്പടിക്കു നിറുത്തിയിരിക്കുന്നു എന്ന അഹങ്കാരത്തിനുള്ള മറുപടിയായി "ഞാനിവിടെയുണ്ട്" എന്ന ഓർമ്മപ്പെടുത്തൽ പോലെ പ്രകൃതിക്ഷോഭങ്ങളാൽ സഹസ്രാബ്ദങ്ങളാൽ സമ്പാദിച്ചതെല്ലാം തകിടം മറിക്കുവാൻ അര നിമിഷം വേണ്ട എന്ന സത്യം നാം തന്നെ തിരിച്ചറിയുന്നു.

No comments: