Friday, December 28, 2018

വേദം വേദാന്തം ഉപനിഷത്ത് ഇതിഹാസം
വൈദിക കാലം എന്നത് അനേക വര്‍ഷങ്ങള്‍ക്കു മുമ്പാണ്. (5000കൊല്ലങ്ങള്‍ക്ക് മുമ്പോ അതിനും മുമ്പോ ആകാം , വ്യക്തമായി ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല ). അക്കാലത്തെ അറിവിന്റെ സമുച്ചയം ആണ് വേദങ്ങള്‍. ഓരോ വേദങ്ങളും കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം , ജ്ഞാനകാണ്ഡം എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചിരിക്കുന്നു . സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ള ഉപായമായി കര്‍മ്മകാണ്ഡം ആവിര്‍ഭവിച്ചു. (ഇതാണ് സത്യം എന്ന് വിശ്വസിക്കുന്നവരെ ആണ് ഭഗവാന്‍ കൃഷ്ണന്‍ വേദവാദ രതന്മാര്‍ എന്ന് പറഞ്ഞത്.) സ്വര്‍ഗ്ഗ സുഖം നിത്യം അല്ലെന്നറിഞ്ഞു അതിനെക്കാള്‍ ഉയര്‍ന്ന സ്ഥാനം അന്വേഷിച്ചതിന്റെ ഫലമാണ് ഉപാസനാ കാണ്ഡം. ഈശ്വരനെ ഉപാസിച്ചു സാക്ഷത്കരിച്ച് ദുഖങ്ങള്‍ക്ക്‌ ശ്വാശ്വത പരിഹാരം കാണാം എന്ന ചിന്ത ആണ് ഉപാസനാ കാണ്ഡത്തില്‍ കലാശിച്ചത്. (ഭക്തി മാര്‍ഗ്ഗികള്‍ ഈ പാതയില്‍ ആണ്.) പക്ഷെ അവിടെയും ദുഖത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് നമ്മുടെ ഗുരുക്കന്മാര്‍ മനസ്സിലാക്കി. കാരണം അവിടെയും ദ്വൈതം ഉണ്ട്. "ദ്വിതീയാത് വൈ ഭയം ഭവതി". രണ്ടുള്ളിടത് ഭയം ഉണ്ടാകുന്നു. പിന്നീടു അവര്‍ ദുഖത്തിന് ഇടം നല്‍കാത്ത നിത്യമായ ആനന്ദാനുഭവത്തെ അന്വേഷിച്ചു. അവര്‍ ആത്മസത്യത്തെ പറ്റിയുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. അതിന്റെ ഫലമായി കണ്ടെത്തിയ വിശിഷ്ട്ട തത്വങ്ങളെ വിവരിക്കുന്ന വേണ്ടതിനെ ഭാഗമാണ് ജ്ഞാന കാണ്ഡം അഥവാ ഉപനിഷത്ത്. ഉപനിഷത്തിലെ തത്വചിന്ത അധ്യാത്മിക മണ്ഡലത്തില്‍ കണ്ടുപിടിച്ചതില്‍ വച്ച് ഏറ്റവും മഹാത്തരമായിട്ടുള്ളതാണ്. ഞാന്‍ ആരാണ് ? എവിടെ നിന്ന് വന്നു? എന്തിനു വന്നു? എങ്ങോട്ട് പോകുന്നു? ഈ ചോദ്യങ്ങള്‍ക്ക് സമാധാനം കണ്ടു പിടിക്കലാണ് ഓരോ ഉപനിഷത്തും ചെയ്യുന്നത്. മനസ്സിനും അപ്പുറമുള്ള ശാസ്ത്രം ആണ് ഇത്. അഭീ (ഭയം ഇല്ലാത്ത) എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗ്രന്ഥം ഉപനിഷത്ത് ആണ്. ഭയ രാഹിത്യം ആണ് അതിന്റെ സന്ദേശം. വേദം എന്ന വാക്കിനു 'അറിവ് ' എന്നാണ് അര്‍ഥം. വേദാന്തം എന്നാല്‍ അറിവിന്റെ അന്തം, അഥവാ അവസാനം. യാതൊരു അറിവ് നേടിയാലാണോ പിന്നെ മറ്റൊരു അറിവും ആവശ്യം ഇല്ലാത്തതു ആ അറിവാണ് വേദാന്തം അഥവാ ഉപനിഷത്ത്. എല്ലാ വേദത്തിന്റെയും അവസാന ഭാഗം ഉപനിഷത്താണ്. മന്ത്രങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിങ്ങനെ ഓരോ വേദത്തിലും 4 ഭാഗങ്ങള്‍ ഉണ്ട്. ചതുര്‍ ആശ്രമങ്ങളുമായി ഇവ നാലും ബന്ധപ്പെട്ടിരിക്കുന്നു. ദശോപനിഷത്തുകളില്‍ ഒന്നായ കഠോപനിഷത്ത് ആയിരുന്നു വിവേകാന്ദ സ്വാമികള്‍ക്ക് ഏറ്റവും പ്രിയംകരം. ഉപനിഷത്തുകളിലെ അറിവിന്റെ വെളിച്ചത്തിലുള്ള പ്രഭാഷണം കൊണ്ടാണ് അദ്ദേഹം സര്‍വമത സമ്മേളനത്തില്‍ പ്രിയങ്കരനായതും. നാല് വേദങ്ങളിലും കൂടി 1180 ഓളം ഉപനിഷത്തുക്കള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഉപനിഷത്ത്തത്വങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാകാതെ വന്നപ്പോള്‍ കഥകളിലൂടെ അത് മനസ്സിലാക്കിക്കാനുള്ള ശ്രമം ആയിരുന്നു ഇതിഹാസങ്ങള്‍. "അസ്മിന്‍ ഇതിഹ ആസ്തെ ഇതി ഇതിഹാസ" - ഇതില്‍ ഇതിഹകള്‍ അഥവാ മൂല്യങ്ങള്‍ ഉള്ളതുകൊണ്ട് ഇതിനെ ഇതിഹാസമെന്ന് പറയുന്നു. മഹാഭാരതം എന്ന ഇതിഹാസത്തിലെ യക്ഷപ്രശ്നം, വിദുരനീതി, ഭഗവത് ഗീത തുടങ്ങി ഒട്ടേറെ കഥ സന്ദര്‍ഭങ്ങള്‍ ഈ മൂല്യങ്ങള്‍ക്ക് ഉദാഹരണം ആണ്.
 ( ഗീതാ തത്ത്വം).

No comments: