Sunday, December 30, 2018

ഭക്തൻ
=======

പാണ്ഡവർ കള്ളച്ചൂതിൽ തോറ്റ്, പാഞ്ചാലി കൗരവ സഭയിൽ അപമാനിതയാകാൻ പോകുമ്പോൾ,
വസ്ത്രാക്ഷേപത്തിൽ നിന്ന്‌ രക്ഷപ്പെടാൻ പാഞ്ചാലി ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു.

"ഗോവിന്ദാ... ദ്വാരകാ വാസിൻ... ഗോപി ജനപ്രിയ...
കൗരവയി, പരിഭൂതാ, മാം കിം ന ജാനാസി കേശവാ..

ഹേ ഗോവിന്ദാ... ദ്വാരകാ വാസി... ഗോപീജനവല്ലഭാ...
അപമാനിതയാകുന്ന എന്നെ എന്തുകൊണ്ട് നീ രക്ഷിക്കുന്നില്ലാ...

ഇങ്ങനെ പല തവണ പ്രാർത്ഥിച്ചിട്ടും ഒരു ഫലവും കിട്ടിയില്ല....
അങ്ങനെ ദ്രൗപദി മറ്റൊരു ശ്ലോകം ചൊല്ലി.

കൃഷ്ണ കൃഷ്ണാ മഹായോഗി,
വിശ്വാത്മൻ, വിശ്വഭാവന.
പ്രപന്നാം പാഹി ഗോവിന്ദ
കുരു മദ്ധ്യേ വസീദതീം..

കൃഷ്ണാ... വിശ്വരൂപീ...
സർവ്വ വ്യാപക ജഗദാദ്മകാ...
കൗരവരുടെ നടുവിൽ നിന്ന് എന്നെ നീ രക്ഷിക്കുക.

ഉടൻ തന്നെ ഭഗവാൻ ഒരിക്കലും ഉരിഞ്ഞാൽ തീരാത്ത വസ്ത്രം കൊടുത്ത് ദ്രൗപദിയെ അനുഗ്രഹിച്ചു.

വളരെക്കാലം കഴിഞ്ഞ് സന്ദർഭം ഒത്തുവന്നപ്പോൾ,
ദ്രൗപദി കൃഷ്ണനോട് ചോദിച്ചു.
പണ്ട് വസ്ത്രാക്ഷേപ സമയത്ത് പല തവണ ഞാൻ കേണപേക്ഷിച്ചിട്ടും ഉടൻ എന്തുകൊണ്ട് എന്നെ രക്ഷിച്ചില്ല...?
ആദ്യത്തെ സ്തുതിയിൽ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്?

ഭഗവാൻ പറഞ്ഞു.
ദ്രൗപദീ നീയെന്നെ ആദ്യം വിളിച്ചത് ദ്വാരകാ വാസീ എന്നല്ലേ? ദ്വാരകയിൽ നിന്നും ഹസ്തിനപുരിയിലേക്ക് എത്ര ദൂരമുണ്ട്?
ഗരുഡന്റെ പുറത്ത് കയറി വന്നാലും വളരെയധികം സമയമെടുക്കും.

രണ്ടാമത്തെ തവണ വിളിച്ചത് വിശ്വാത്മൻ, സർവ്വവ്യാപീ എന്നാണ് വിളിച്ചത്.
അപ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു. അതിനാൽ പെട്ടെന്ന് വരാൻ സാധിച്ചു.

സർവ്വ വ്യാപിയായ ഭഗവാനെ ദ്വാരകാവാസീ എന്ന് ചെറുതാക്കി വിളിച്ചതാണ് അബദ്ധമായത്.

അതിനാൽ ഉത്തമ ഭക്തർ ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ, അല്ലെങ്കിൽ നമ്മളിൽത്തന്നെ ഉണ്ടെന്നു മനസ്സിലാക്കണം.

സമീപത്തുള്ള അമ്പലത്തിലെ ദേവനെ വന്ദിക്കാതെ, പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേടി ദൂരദേശങ്ങളിലേക്ക് പോകുന്ന ഭക്തജനങ്ങളും ചെയ്യുന്ന അബദ്ധം ഈ കഥയിലൂടെ മനസ്സിലാക്കണം...
From the talk of Sri Nochurji

No comments: