Saturday, December 29, 2018

പറമ്പിൽ വലിയൊരു നെല്ലിമരമുണ്ടായിരുന്നു. വർഷാവർഷം ഒരുപാട് നെല്ലിക്ക ലഭിക്കുമായിരുന്നു. അതിനടുത്തു തന്നെ ഒരു മുള്ളുമുരിക്കും നിന്നിരുന്നു. നിറയെ ഫലമുള്ളതുകൊണ്ടായിരിക്കാം ഈ നെല്ലിമരത്തിന് മുരിക്കിനോട് എന്നും പുച്ഛമായിരുന്നു.

      ഒരു നാൾ ചാച്ചൻ ആ മുരിക്കിൽ ഒരു കുരുമുളക് വള്ളി നട്ടു. ഒരു കൂട്ടുകാരനെ കിട്ടിയതിൽ മുരിക്കിന് സന്തോഷം.പക്ഷേ കുരുമുളക് വള്ളിക്ക് അത്ര സന്തോഷം തോന്നിയില്ല. അടുത്തു തന്നെ നല്ലൊരു നെല്ലിമരം ഉണ്ടായിട്ടും എന്തിനെന്നെ ഈ മുള്ളുമുരിക്കിൽ കൊണ്ടു വന്നിട്ടു എന്നതായിരുന്നു അതിന്റെ ചിന്ത.

   അങ്ങനെയിരിക്കെ നെല്ലിമരത്തിനും ഒരു കൂട്ടുകാരനെ കിട്ടി. കുറച്ചു നാളുകൾ അങ്ങനെ കഴിഞ്ഞു പോയി. നല്ലൊരു മഴക്കാലത്തിനു ശേഷം അതുവഴി ചെന്ന ഞാൻ അത്ഭുതപ്പെട്ടു പോയി. നെല്ലിമരം ശോഷിച്ച് ഉണങ്ങാറായിരിക്കുന്നു.
 ഇതെങ്ങനെ സംഭവിച്ചു? എന്തുപറ്റി നെല്ലിമരമേ ഇങ്ങനെയാവാൻ കാരണം? ഞാൻ ചോദിച്ചു.

 " എന്തു പറയാനാ ചങ്ങാതി. എനിക്കൊരു സുഹൃത്തിനെ കിട്ടിയപ്പോൾ ഞാൻ ഒരു പാട് സന്തോഷിച്ചു. പേരുകേട്ടപ്പോൾ തന്നെ എത്ര സുന്ദരം -

 'ഇത്തിൾക്കണ്ണി'

വന്ന സമയത്ത് എന്നോട് എന്തു കാര്യമായിരുന്നെന്നോ? എന്റെ ചില്ലയിൽ ഞാനവന് ഇടം നൽകി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴാണ് ഞാൻ ഒരു സത്യം മനസിലാക്കുന്നത്- എന്നിൽ നിന്ന് അവൻ എല്ലാം വലിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് ഫലം കായ്ക്കാൻ കഴിയില്ലെന്നു മാത്രമല്ല, അൽപ്പനാളുകൾക്കുള്ളിൽ ഞങ്ങൾ രണ്ടു പേരും ഇല്ലാതാകും."

  തൊട്ടടുത്തു നിന്നും ഇലകളിളകുന്ന ശബ്ദം കേട്ടു ഞാനങ്ങോട്ട് നോക്കി. അതാ ആ കുരുമുളക് വളളി  മുള്ളുമുരിക്കിനോട് പറ്റിച്ചേർന്ന് മുകളിലേയ്ക്ക് വളർന്നിരിക്കുന്നു. മാത്രമല്ല അതിൽ നിറയെ കുരുമുളക് തിരികളും. ഞാൻ കുരുമുളക് വള്ളിയോട് ചോദിച്ചു: എന്തേ ഇത്ര സന്തോഷം?

   "എന്റെ സുഹൃത്തേ എന്നെ ഇവിടെ കൊണ്ടുവന്നു നട്ടപ്പോൾ കൂട്ടുകാരനായി കിട്ടിയത് ഒരു പ്രയോജനവുമില്ലാത്ത ഈ മുരിക്കിനെയാണല്ലോ എന്നു ഞാൻ ചിന്തിച്ചിരുന്നു. എനിക്കതിൽ നീരസവും ഉണ്ടായിരുന്നു.പലപ്പോഴും അവനെന്നെ ചേർത്തു നിർത്താൻ ശ്രമിച്ചപ്പോൾ മുള്ളു കൊണ്ടെനിക്ക് വേദനിച്ചു.അസഹ്യമായിത്തോന്നി. "

" എന്നാൽ അവൻ എനിക്ക് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് ഇക്കഴിഞ്ഞ ഇടവപ്പാതി മഴക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു.
മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചു. ഞാൻ വീണുപോകുമോ എന്ന് ഭയപ്പെട്ടു. എന്നാൽ ഞാൻ വീണില്ല. മുള്ളുണ്ടെങ്കിലും പരുക്കനാണെങ്കിലും മുരിക്കെന്നെ ചേർത്തു പിടിച്ചതെന്തിനായിരുന്നു എന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.ഞാൻ പുറമേ നോക്കിക്കണ്ടതു പോലല്ല. ആദ്യം വേദന തോന്നിയെങ്കിലും എന്റെ ഉറ്റചങ്ങാതിയാണിവൻ.''

 ഇതു കേട്ടുകൊണ്ടു നിന്ന മുരിക്ക് വിനീതനായി പറഞ്ഞു: "ഞാൻ ഏതുമില്ലേ.... ഈ കുരുമുളക് വള്ളി എന്നോടൊപ്പം ചേർന്നതു മുതൽ എനിക്കൊരു വിലയും നിലയും ആയി. ഇന്നേവരെ ആരും എനിയ്ക്ക് ഒരു വളവും നൽകിയിട്ടില്ല.... എന്നാൽ ഇപ്പോൾ ഇവന് ലഭിക്കുന്ന പരിചരണങ്ങൾ ഞാനും കൂടി അനുഭവിക്കുന്നു. ഇവൻ എന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ഞാൻ വെറും മുരിക്ക് - പ്രയോജനമില്ലാത്തവൻ എന്നു പറഞ്ഞ് തള്ളപ്പെടുമായിരുന്നു.എന്തായാലും ഒരു കാര്യം ഉറപ്പായും പറയാം...

ഇവനില്ലാതെ ഞാൻ ഇല്ല, ഞാനില്ലാതെ ഇവനുമില്ല....."

    പ്രിയ സുഹൃത്തേ....ഒരു നിമിഷം ഒന്നു ചിന്തിക്കൂ... ഈ നാലു പേരിൽ ഏതെങ്കിലും ഒന്ന് നമ്മെ പ്രതിനിധാനം ചെയ്യുന്നില്ലേ?

 അതിനാൽ .....
 ഒരു ഇത്തിൾക്കണ്ണിയായി മാറാതിരിക്കുക.....
അഭയം നൽകാം, പക്ഷേ തിരിച്ചറിയുക. നെല്ലിമരവും ആകാതിരിക്കുക..
  പിന്നെ?
കുരുമുളക് വള്ളിയും, മുരിക്കുമോ?

 അതേ....
 ഒരു പക്ഷേ താങ്കൾ ഒരുപാട് കഴിവുകൾ ഉള്ള വ്യക്തിയായിരിക്കാം. എനിക്ക് ആരുടെയും സഹായം വേണ്ട എന്ന് ചിന്തിക്കുന്നുണ്ടാവാം. ഒന്നിനും കൊള്ളാത്തവനെ സുഹൃത്താക്കിയിട്ട് എന്തു പ്രയോജനം എന്നും ചിന്തിക്കുന്നുണ്ടാവാം....
  അരുത്......!!
"നിനക്ക് താങ്ങാകുന്നതാണ് അവന്റെ കഴിവ്."
 ഒന്നിനും കൊള്ളില്ല, എന്നോടാര് സൗഹൃദം കൂടാൻ എന്ന് ചിന്തിക്കുന്നവരോട്....
 നിങ്ങളുടെ സൗഹൃദം ഒരു പക്ഷേ അവരെ അലോസരപ്പെടുത്തിയേക്കാം. ഉപദേശങ്ങൾ,വാക്കുകൾ ഒരു പക്ഷേ മുറിപ്പെടുത്തിയേക്കാം. എന്നാൽ ഒടുവിൽ അവർ തിരിച്ചറിയും ആ വാക്കുകൾ എന്തിനു വേണ്ടിയായിരുന്നു എന്ന്.....
ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എപ്പോഴും നൽകപ്പെടുന്നതല്ല ,മറിച്ച് പരസ്പരം അറിഞ്ഞ് കൈത്താങ്ങൽ ആകുന്നതാണ് യഥാർത്ഥ സൗഹൃദം.

No comments: