പുതുവര്‍ഷ സന്ദേശം 2019
ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്, ഒപ്പം 2018 എന്ന വര്‍ഷവസന്തം വിരിയുകയാണ്. ഏവര്‍ക്കും ഈശ്വരാനുഗ്രഹത്തിന്റെ പുതുവര്‍ഷം ആശംസിക്കുന്നു
ഹൃദയം നന്ദികൊണ്ടു നിറയെണ്ട നിമിഷങ്ങളാണിത്. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ഈശ്വരൻ നമ്മിലേക്ക് ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക് ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ഈശ്വരപരിപാലനയുടെ തണലിലാണ് നാം ജീവിക്കുന്നത് എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക് കുറിച്ചിടാം.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങള്‍ നാം .കേൾക്കാറുണ്ട് എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ നിരാശയോടെ പഴയ ജീവിതത്തിലേയ്‌ക്ക് അവര്‍ മടങ്ങുന്നു. ആഘോഷിച്ചു വരവേല്‍ക്കുന്നതിനേക്കാള്‍ പുതുവര്‍ഷത്തെ ആത്മീയമായി വരവേല്‍ക്കാന്‍ നമുക്കാവണം. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്. എന്നാല്‍ ആത്മീയമായി ദൈവത്തോട് ചേര്‍ന്ന്‌നിന്ന് ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക് അനുഗ്രഹദായകമായി മാറും.
2017ന്റെ പുതുവര്‍ഷ ലഹരിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്നീ ഭൂമുഖത്തില്ല എന്നു നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്, ഈ വര്‍ഷവും ഈ വര്‍ഷത്തിന്റെ ഓരോ നിമിഷവും ഈശ്വരൻ എനിക്കായി നല്‌കുന്ന ദാനമാണ്
ഈ പുതുവര്‍ഷ പിറവിയില്‍ നമ്മുടെ പ്രാര്‍ത്ഥന മുഴുവന്‍ ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ നന്മയായി തീരണേ എന്നാണല്ലോ. അതിനോട് നമുക്ക് അല്‌പം കൂട്ടിച്ചേര്‍ത്ത് ഇന്നു മുതല്‍ പ്രാര്‍ത്ഥിക്കാം.ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്ക് നന്മയായി തീരാനും എന്നെ അനുഗ്രഹിക്കണമേ എന്നാകട്ടെ
.സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ദിവസം കൂടിയാണിത്. നല്ല സന്ദേശങ്ങളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും കൈമാറുമ്പോള്‍ ഹൃദയത്തില്‍ നമുക്ക് ഒന്നുകൂടി കുറിച്ചിടാം: ഞാന്‍ ഈ വര്‍ഷം മറ്റുള്ളവര്‍ക്ക് ഒരു നല്ല സന്ദേശമായിരിക്കും; ഞാന്‍ തന്നെയും ഈ വര്‍ഷം മുഴുവന്‍ ഒരു നല്ല സമ്മാനമായിരിക്കും. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്കുള്ള നല്ല സന്ദേശമായിരിക്കട്ടെ. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ നന്മയിലേക്ക് വളരട്ടെ. ഒപ്പം നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സമ്മാനമായി തീരാനും നമുക്ക് പരിശ്രമിക്കാം. ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ് മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ആവുംവിധമെല്ലാം മധുരമായിത്തീരാനും നമുക്ക് പരിശ്രമിക്കാം......പുതുവത്സരാശംസകള്‍.............
No comments:
Post a Comment