Monday, December 31, 2018

*ദശമ സ്കന്ധം*

*ഉപസംഹാര വിശ്വാത്മൻ*
*അദോ രൂപമലൗകികം*
*ശങ്ഖചക്രഗദാപദ്മശ്രിയാ*
*ജുഷ്ടം ചതുർഭുജം* (10.03.30)

ലോകത്തിൽ സാധാരണ കാണപ്പെടാത്തതും, ശംഖചക്രഗദാപദ്മങ്ങളാകുന്ന ദിവ്യായുധങ്ങളാൽ ശോഭിതമായ നാലു തൃക്കരങ്ങോടുകൂടിയതുമായ, അലൗകികമായ, ഈ രൂപത്തെ മറച്ചു കൊണ്ട് ഒരു സാധാരണ മനുഷ്യ ശിശുവിന്റെ രൂപത്തിൽ പ്രകടമായാലും.
ഏതുരൂപവും എപ്പോൾ വേണമെങ്കിലും സ്വീകരിക്കാൻ കഴിവുള്ളവനാണല്ലോ ഭഗവാൻ. ആയതിനാൽ ഒരു പ്രാകൃത ശിശുവിന്റെ രൂപവും ഭഗവാന് ധരിക്കാനാകും. മാത്രമല്ല അതുകൊണ്ട് ഭഗവാന്റെ  ഭഗങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകുന്നില്ലതാനും.

ഏതൊരു ഭഗവാന്റെ കുക്ഷിയിലാണോ മഹാപ്രളയകാലത്ത് ഈ ബ്രഹ്മാണ്ഡം ഇരിക്കുന്നത് ആ ഭഗവാൻ എന്റെ ഗർഭത്തിൽ ജാതനായി എന്ന് പറയുന്നത് മനുഷ്യലോകത്തിന് പരിഹസിക്കത്തക്കതാകുമെന്നല്ലാതെ എനിക്ക് കീർത്തിയെ നേടിത്തരുന്നില്ല. ആയതിനാൽ ഈ രൂപം ഉപസംഹരിക്കുക തന്നെ വേണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് ദേവകി ദേവി തന്റെ ഭഗവത് സ്തുതിയെ ഉപസംഹരിപ്പിച്ചു.

ഇപ്രകാരമുള്ള ദേവകീമാതാവിന്റെയും വസുദേവരുടേയും  പ്രാർത്ഥനകളെ കേട്ട ഭഗവാൻ അതിനു മറുപടിയായി പറഞ്ഞു തുടങ്ങി..

No comments: