Monday, December 31, 2018

മക്കളേ, 
പുനര്‍ജന്മം ഉണ്ടോ ഇല്ലയോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. പൂര്‍വജന്മത്തെക്കുറിച്ചോ ഭാവിജന്മത്തെക്കുറിച്ചോ മക്കള്‍ വേവലാതിപ്പെടേണ്ടതില്ല. ഇപ്പോള്‍ നമ്മുടെ കൈയിലുള്ള സമയം വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണ് ചെയ്യേണ്ടത്. എന്നാല്‍, നമ്മുടെ ജീവിതങ്ങളിലേക്കു നോക്കുക. നമുക്കു ഉത്തരം പറയാന്‍ കഴിയാത്ത ഒരുപാടുകാര്യങ്ങള്‍ കാണാന്‍ സാധിക്കും.
ഒരേ അമ്മയ്ക്കു ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ അംഗവൈകല്യമുള്ളവനും മറ്റെയാള്‍ പൂര്‍ണ ആരോഗ്യവാനുമായി കാണാറില്ലേ. ഒരാള്‍ ദുഃഖപൂര്‍ണമായ ജീവിതം നയിക്കുന്നതായും മറ്റെയാള്‍ സന്തോഷപൂര്‍വം ജീവിക്കുന്നതായും കാണാറില്ലേ. ഇത്തരം വ്യത്യാസങ്ങള്‍ക്ക് എന്തു സമാധാനം പറയും? മുജ്ജന്മകര്‍മഫലമെന്നേ ഇതിനു കാരണം  പറയാന്‍ കഴിയൂ. 
കര്‍മമാണ് ജന്മത്തിനു കാരണം. പൂര്‍വജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളുടെ ഫലമനുഭവിക്കുവാന്‍ വേണ്ടിയാണ് ഓരോ ജന്മവും. വിത്താണോ ഫലമാണോ ആദ്യമുണ്ടായതെന്നു പറയാന്‍ പ്രയാസമുള്ളതുപോലെ ജന്മമാണോ കര്‍മമാണോ ആദ്യമുണ്ടായതെന്ന് പറയുക പ്രയാസമാണ്. 
സത്കര്‍മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ ഒരുവന് ഉയര്‍ന്ന ജന്മങ്ങള്‍ ലഭിക്കാം. എന്നാല്‍, മനുഷ്യജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാണെങ്കില്‍, അധോയോനികളിലായിരിക്കും പിന്നീടു ജനിക്കേണ്ടിവരുക. ആത്മജ്ഞാനം നേടി മോക്ഷം പ്രാപിക്കുന്നതുവരെ ഈ ജനനമരണചക്രം തുടരും. 
പൂര്‍വജന്മങ്ങള്‍ നമുക്കുണ്ടായിരുന്നുവെങ്കില്‍ ആ ജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളെക്കുറിച്ച് നമുക്ക് ഓര്‍മയില്ലാത്തത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈ ജന്മത്തിലെ കാര്യങ്ങള്‍തന്നെ പലതും നമ്മുടെ ഓര്‍മയില്‍ വരാറില്ലല്ലോ. ഇന്നലെ കാണാതെ പഠിച്ച പാട്ടുപോലും ഇന്നു മറന്നുപോകുന്നു. അതുപോലെ കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളും മറന്നുപോകുന്നു. എന്നാല്‍, ധ്യാനത്തിലൂടെ മനസ്സ് സൂക്ഷ്മമായാല്‍ അതെല്ലാം ഓര്‍മിക്കുവാന്‍ കഴിയും. 
നമ്മുടെ ശരീരത്തിന് ചുറ്റുമായി സൂക്ഷ്മവും അദൃശ്യവുമായ ഒരു ഓറയുണ്ട്. സാധാരണക്കാര്‍ക്ക് അത് അദൃശ്യമാണെങ്കിലും മനസ്സു സൂക്ഷ്മമായാല്‍ കാണാന്‍ സാധിക്കും. ഒരു ടേപ് റിക്കോര്‍ഡര്‍, സംഭാഷണങ്ങളും പാട്ടുകളും പിടിക്കുന്നതുപോലെ ഈ ഓറയില്‍ നമ്മുടെ സകല ചിന്തകളും കര്‍മങ്ങളും പതിയുന്നുണ്ട്. ചെയ്യുന്നതു നല്ല കര്‍മങ്ങളാണെങ്കില്‍ ഓറ സ്വര്‍ണനിറമാകും. അങ്ങനെയുള്ളവര്‍ ഏതു കാര്യത്തിനു പുറപ്പെട്ടാലും എളുപ്പം വിജയം കണ്ടെത്തും, പ്രതിബന്ധങ്ങള്‍ ഒഴിവായിക്കിട്ടും.
ഐശ്വര്യപൂര്‍ണമായിരിക്കും അവരുടെ ജീവിതം. നേരെമറിച്ച്, ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവരുടെ ഓറയില്‍ ഇരുള്‍ പരക്കും. അങ്ങനെയുള്ളവര്‍ക്കു പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഒഴിഞ്ഞ സമയം കാണില്ല. ഒരാള്‍ മരിക്കുമ്പോള്‍  അയാളുടെ ഓറ ഒരു ബലൂണിന്റെ രൂപത്തില്‍ അന്തരീക്ഷത്തിലേക്ക് പോകും. സത്കര്‍മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ ജീവന്‍, ഉയര്‍ന്ന ലോകങ്ങളിലെത്തും. ദുഷ്‌കര്‍മങ്ങള്‍ കൂടുതല്‍ ചെയ്തിട്ടുള്ളവരുടെ ഓറ സിഗരറ്റിന്റെ പുകപോലെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും.
അവര്‍ക്ക് ആഗ്രഹപൂര്‍ത്തിക്ക് മാര്‍ഗങ്ങള്‍ ഉണ്ടാവില്ല. വിശപ്പുണ്ട് പക്ഷേ കഴിക്കാന്‍ കഴിയില്ല; സംസാരിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ അതിനു കഴിയില്ല; ഈ സ്ഥിതിയില്‍ അവര്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്തു പാശ്ചാത്തപിച്ചു തുടങ്ങും. ഒടുവില്‍ പ്രാരബ്ധകര്‍മം അനുഭവിക്കുവാന്‍ യോജിച്ച പുതിയ ജന്മമെടുക്കും. 
മരിക്കുമ്പോള്‍ സൂക്ഷ്മശരീരത്തോടുകൂടി വാസനകളും കാണും. ആ വാസനയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥൂലശരീരം കൂടാതെ പറ്റില്ല. അതുകൊണ്ടു ജീവന്‍ വീണ്ടും തനിക്കുയോജിച്ച ഒരു സ്ഥൂലശരീരത്തില്‍ പ്രവേശിക്കുന്നു. മരണസമയത്തെ ചിന്തയ്ക്കനുസരിച്ചാണ് അടുത്ത ജന്മം. ഉദാഹരണത്തിന് ഒരാള്‍ മരണസമയത്ത് പകുതി പണിതീര്‍ത്ത വീടിനെക്കുറിച്ചാണു ചിന്തിക്കുന്നതെങ്കില്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അടുത്ത ജന്മമെടുക്കും. 
ഒരിടത്ത് അതിബുദ്ധിമാനും ധനികനുമായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. മക്കള്‍ക്കെല്ലാം ഈശ്വരന്റെ പേരുകളിട്ടു. മരണ സമയത്ത് അജാമിളനെപ്പോലെ മക്കളെ വിളിച്ച്, അതായത് ഈശ്വരനാമം ഉച്ചരിച്ച് മറ്റു പ്രയത്‌നമൊന്നും കൂടാതെ മോക്ഷം നേടാമല്ലോ എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. മരണം അടുത്തപ്പോള്‍ ധനികന്‍ എല്ലാ മക്കളെയും വിളിച്ചു. രാമാ, ഗോവിന്ദാ, നാരായണാ എന്ന്. മക്കളെല്ലാം ചുറ്റും വന്നുനിന്നു. ധനികന്‍ എല്ലാവരെയും നോക്കി. എന്നിട്ടു ദേഷ്യത്തോടെ ചോദിച്ചു, 'നിങ്ങളെല്ലാം ഇവിടെ വന്നിരുന്നാല്‍ കടയിലാരാണുള്ളത്?' ഇതു പറഞ്ഞതും ജീവന്‍ പോയതും ഒപ്പമായിരുന്നു. നേരത്തെയുള്ള സ്വഭാവവും സംസ്‌കാരവുമാണു നമ്മെ അന്ത്യത്തില്‍ നയിക്കുന്നത്. 
മരണാനന്തരം എന്തു സംഭവിക്കും എന്നു ചിന്തിച്ച് നമ്മള്‍ വിഷമിക്കേണ്ടതില്ല. ഈ ജന്മവും വര്‍ത്തമാന കാലവുമാണ് പ്രധാനം. സത്കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ജീവിക്കുക, ഓരോനിമിഷവും നമ്മള്‍ വിവേകത്തോടെ നീങ്ങുകയാണെങ്കില്‍ ഇപ്പോഴും ഭാവിയിലും സംതൃപ്തമായ ജീവിതം നയിക്കാം. താന്‍ നശിക്കുന്ന ഈ ശരീരമല്ല, സച്ചിദാനന്ദസ്വരൂപമായ ആത്മാവാണെന്നു ബോധിച്ചാല്‍ ജനനമരണങ്ങള്‍ക്കതീതമായ നിത്യശാന്തി നുകരുകയും ചെയ്യാം.
മാതാ അമൃതാനന്ദമയി

No comments: