Wednesday, December 26, 2018

ആത്മതീര്‍ത്ഥം:_മൂന്നാം സോപാനം.
൩-ആം സോപാനത്തില്‍ പരശുരാമക്ഷേത്രത്തെയും, ശിവഗുരുവിനെപറ്റിയും ആണ് വിസ്തരിച്ചിരിയ്ക്കുന്നത്‌. ഒരുകാലത്ത് ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ മലകളാല്‍ കോട്ടപോലെ സംരക്ഷിയ്ക്കപ്പെട്ടു കിടന്നിരുന്ന ഭൂവിഭാഗത്തെയാണ്‌ ഭാര്‍ഗവക്ഷേത്രം എന്ന് വിളിച്ചിരുന്നത്‌.
'നമോ വൃക്ഷേഭ്യോ ഹരികേശേേഭ്യ:'-അതായത്, പച്ചനിറത്തിലുള്ള തലമുടിയുള്ളവന്‍, ഹരികേശന്‍ അഥവാ 'ശിവനെ' വന്ദിയ്ക്കുന്നു. (ശ്രീരുദ്രം)
ഭാരതപ്പുഴയും,പെരിയാറും,പമ്പയുമൊഴുകുന്ന ഹരിതകേരളത്തിലെ നിബിഡങ്ങളായവനങ്ങള്‍ അപൂര്‍വങ്ങളായ ഔഷധി വനസ്പതികളാല്‍ സമ്പുഷ്ടമാണ്.
തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു.
വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം.
ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത്‌ ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍,
'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍.
അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു.
വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി.
സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി.
ശങ്കര ദേശിക മേ ശരണം.

No comments: