മഹാന്മാരായ ലോകഗുരുക്കന്മാരില്‍ ഒരുവനെങ്കിലും പാഠങ്ങളുടെ നാനാവ്യാഖാനങ്ങളിലേക്ക് പോയിട്ടില്ലെന്ന് നിങ്ങള്‍ക്ക് കാണാം. 'പാഠപീഡന'ത്തിനുള്ള ഒരുമ്പെടലൊന്നും അവരുടെ ഭാഗത്തില്ല. 'ഈ വാക്കിനര്‍ത്ഥം അതാണ്, ഈ വാക്കും ആ വാക്കും തമ്മിലുള്ള ശബ്ദശാസ്ത്രസംബന്ധം ഇതാണ്' എന്ന പറച്ചിലൊന്നുമില്ല. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മഹാഗുരുക്കന്മാരെയും പഠിക്കുക, നിങ്ങള്‍ക്ക് കാണാം. അവരാരും ആ വഴിക്ക് പോകുന്നില്ലെന്ന്. എന്നിട്ടും അവര്‍ പഠിപ്പിച്ചു, അതേ സമയം, പഠിപ്പിക്കാനൊരു വസ്തുവില്ലാത്തവര്‍ ഒരു വാക്കെടുത്ത് അതിന്റെ ഉല്‍പ്പത്തിയെയും പ്രയോത്തെയുംപറ്റി മൂന്നുഭാഗമുള്ള ഒരു ഗ്രന്ഥം നിര്‍മിക്കും. എന്റെ ഗുരുനാഥന്‍ പറയാറുള്ളതുപോലെ, ഒരു മാന്തോപ്പിലേക്ക് കടന്ന് ഇലയെണ്ണുന്നതിലും ഇലകളുടെ നിറവും ചുള്ളികളുടെ വലിപ്പവും കമ്പുകളുടെ എണ്ണവും മറ്റും പരീക്ഷിക്കുന്നതിലും സ്വയം വ്യഗ്രരായ ആ മനുഷ്യര്‍ - അവരിലൊരുവനേ മാമ്പഴം തിന്നുതുടങ്ങാന്‍ വെളിവുണ്ടായിരുന്നുള്ളൂ - അവരെപ്പറ്റി നിങ്ങള്‍ എന്താണ് വിചാരിക്കുക? അതുകൊണ്ട് ഈ ഇലയും ചുള്ളിയും എണ്ണുകയും ഈ കുറിപ്പെടുക്കലും മറ്റുള്ളവര്‍ക്ക് വിടുക. ആ പ്രവൃത്തിക്ക് അതിനൊത്ത സ്ഥാനത്ത് അതിന്റേതായ വിലയുണ്ട്, എന്നാല്‍ ഇവിടെയില്ല, അദ്ധ്യാത്മലോകത്തില്‍, അത്തരം പ്രവൃത്തിയിലൂടെ മനുഷ്യന്‍ ഒരിക്കലും അധ്യാത്മികരാവില്ല, ഈ 'തലയെണ്ണി'കളുടെയിടയില്‍ ഒരു കാലത്തും ഒരിക്കലും കരുത്തനായ ഒരധ്യാത്മഗുരുവിനെയും കാണുകയില്ല. മതം മനുഷ്യന്റെ അത്യുച്ചലക്ഷ്യമാണ്, അത്യുച്ചമഹിമ; പക്ഷേ അതിന് 'ഇലയെണ്ണല്‍' വേണ്ട.
No comments:
Post a Comment