Saturday, December 29, 2018

*ഗീതാ സാരം*

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ചേലിൽ ശ്രീ മൗലിയിൽ പീലിചാർത്തി
കോലുന്ന നെറ്റിയിൽ ഗോപിചാർത്തി
ചെന്താമരയിതൾ കണ്ണിനേറ്റം
ചന്തം കലർത്തും മഷിയെഴുതി

ഉൾപ്പൂവിനാനന്ദമേകി വാഴും
എള്‍പ്പുവിനൊത്തൊരു നാസീയേന്തി
തൊണ്ടിപ്പഴത്തിനു നാണമേകും
ചുണ്ടിന്റെ മാധുര്യം എങ്ങും വീശി

കർണ്ണങ്ങളിലുള്ള കുണ്ഡലങ്ങൾ
ഗണ്ഡതലങ്ങളിൽ മിന്നലാർന്നും
ഹാരാദിയാഭരണങ്ങളേന്തി
മാറിന്നുശോഭയിരട്ടിയാക്കി

ചമ്മട്ടിക്കോലു വലത്തു കൈയില്‍
ചെമ്മേ കടിഞ്ഞാൺ ഇടത്തുകൈയിൽ
മഞ്ഞപട്ടങ്ങു ഞൊറിഞ്ഞുടുത്ത്
ശിഞ്ജിത നാദത്തിൽ നിന്നു കൃഷ്ണൻ

തേരിൽ വികാരമിയന്നിരുന്ന
വീരനാം അർജ്ജുനൻ ഏവമോതി
ഭക്തപ്രിയാ കരുണാംബുരേശ
വക്തവ്യ മല്ലാത്ത വൈഭവമേ

യുദ്ധക്കളത്തിൽ ഒരുങ്ങിനിൽക്കും
ബന്ധുക്കളെയൊന്നു കാട്ടിടേണം
എന്നതുകേട്ടുടൻ കൃഷ്ണനപ്പോൾ
മുന്നോട്ടു തേരിനെ നീക്കി നിർത്തി

അയ്യോ ഭഗവാനേ എന്റെ കൃഷ്ണാ
വയ്യെ ബന്ധുക്കളെ കൊല്ലുവാനോ
ബന്ധുക്കളെക്കൊന്നു രാജ്യമാളു -
ന്നെന്തിനു സൗഖ്യമിയന്നിടാനോ

ഏവം കഥിച്ചു ധനഞ്ജയനും
ഭാവം പകർന്നതു കണ്ടനേരം
ഭാവജ്ഞനാം ഭഗവാൻ മുകുന്ദൻ
ഈ വണ്ണ മോതിനാന്‍ സാവധാനം

ഇല്ലാത്തതുണ്ടാകയില്ലയല്ലോ
ഇല്ലാതെപോകയിലുള്ളതൊന്നും
ദേഹിക്ക്‌ നാശമുണ്ടാകയില്ല
ദേഹം നശിച്ചിടും എന്നെന്നാലും

ആരെയും ആത്മാവു കൊല്ലുകില്ല
ആരാലും കൊല്ലപ്പെടുകയില്ല
വസ്‌ത്രം പഴയതുപേക്ഷിച്ചിട്ടു
പുത്തൻ ധരിപ്പതു പോലെയത്രെ

ജീർണ്ണിച്ച ദേഹം ത്യജിച്ചു ദേഹി
തൂർണ്ണം ധരിക്കുന്നു വേറെ ദേഹം
ആത്മാവെ അഗ്നി ദഹിപ്പിക്കില്ല
ആത്മാവലിഞ്ഞു പോകുന്നതല്ല

ആത്മാജനിച്ചു മരിക്കുമെന്നാ-
ണാത്മാവിൽ നീ കരുതുന്നതെങ്കിൽ
തിണ്ണം ജനിച്ചവൻ ചാകുമെന്നും
തിണ്ണം മരിച്ചവൻ ജാതനെന്നും

നന്നായറിഞ്ഞു നീ ദുഃഖിയാതെ
നന്നായ് സ്വധർമ്മം അറിഞ്ഞു ചെയ്ക
സംശയമൊന്നിനും വെച്ചിടാതെ
സംശയം കൂടാതെ ചെയ്കയെല്ലാം

കർമ്മം ചെയ്യാനാധികാരി നീയാ
കർമ്മഫലം അതിൽ ഒാര്‍ത്തിടൊല്ല
കർമ്മഫലത്തിനു ഹേതുവായോ
കർമ്മം ചെയ്യാതെയോ വാണിടൊല്ല

പുണ്യപാപങ്ങളുപേക്ഷിച്ചിട്ടു്
തുല്യ ബുദ്ധിയോടെ വാണിടേണം
പത്തിന്ദ്രിയങ്ങളും കിഴടക്കി
ഒത്ത മനസ്സുമേകാഗ്രമാക്കി

കർമ്മഫലങ്ങളിൽ മോഹിയാതെ
കർമ്മങ്ങൾ ചെയ്ക ഈശാർപ്പണമായ്
ഇങ്ങനെ ഓരോരോ തത്വമോതി
ഭംഗിയിൽ പാർത്ഥനെ ബുദ്ധനാക്കി

വിശ്വാസം കൂട്ടുവാൻ ദേവദേവൻ
വിശ്വരൂപം കാട്ടി നിന്നുതേരിൽ
എല്ലാത്തിലുമെല്ലാം ഞാനാണെന്നും
എല്ലാമെന്നില്‍ എന്നും കണ്ടിടേണം

നൂലിൽ മണികൾ പോലെന്നിലെല്ലാം
ചേലിൽ കോർത്തുള്ളതാണോർത്തിടേണം
സാക്ഷാത് പരാമാർത്ഥ തത്വമേവം
പാർത്ഥൻ ഭഗവാങ്കൽ നിന്നറിഞ്ഞു

ഏറ്റമുണർവോടെ ഭാരതൻ താൻ
ഏറ്റു സ്വധർമ്മം നടത്തികൊണ്ടാന്‍
ദുര്യോധനാദി ശത്രുക്കളെയും
നിഗ്രഹം  ചെയ്തു ജയിച്ചുകൊണ്ടാന്‍

ഒന്നു ശ്രമം ചെയ്തനേരം ദൈവം
നന്നായ് സഹായിച്ചു പൂർണ്ണനാക്കി
എങ്ങു യോഗേശ്വരൻ കൃഷ്ണനുണ്ടോ
എങ്ങു ധനുർദ്ധരന്‍ പാർത്ഥനുണ്ടോ

അങ്ങു വിജയശ്രീ  മംഗളങ്ങൾ
തങ്ങുന്നീ മന്ത്രം ജപിച്ചുകൊൾവിൻ
ശ്രീ മദ് ഭഗവാന്റെ ഗീത വേഗം
ലേശം വിടത്തെ പഠിച്ചു കൊൾവിൻ

ഗീത പഠിക്കുന്ന വീട്ടിലെല്ലാം
ശ്രീദേവി വന്നു വിളങ്ങിക്കാണാം
ഗീതാ പാഠം ചൊല്ലി കേട്ടുവെന്നാൽ
ബോധമുണ്ടായിടും വൃക്ഷങ്ങൾക്കും

സർവ്വചരാചരങ്ങൾക്കതിനായ്
സർവത്ര മംഗളം വന്നിടട്ടെ ...

No comments: