Friday, December 28, 2018

വാല്മീകി രാമായണം-66

രാമായണത്തിലെ മുഖ്യമായ രസം എന്താണ്. നവരസങ്ങളുണ്ട്. ഈ രസം എന്നത് ആത്മാവിലാണ്. ബാഹ്യ വിഷയങ്ങളിൽ രസമേ ഇല്ല. ആത്മാനുഭവത്തിന്റെ പേരാണ് രസം. ആത്മാവിന്റെ പേര് രസ: രസ സ്വരൂപമാണ് ആത്മസ്വരൂപം. സുഖമായിരിക്കുന്നവരും ജീവിക്കണമെന്നാഗ്രഹിക്കുന്നു ആശ്ചര്യമെന്ന് പറയട്ടെ ദു:ഖിച്ചിരിക്കുന്നവരും ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു.

ദുഃഖമുണ്ടെങ്കിൽ എങ്ങനെ അത് നല്ലതാകും. സത്യത്തിൽ ദു:ഖവും സുഖവും രസം തന്നെയാണ്. ആത്മാവ് തന്നെയാണ് ദുഃഖത്തിന്റെ വേഷമിട്ടിരിക്കുന്നത്. ആത്മാവ് തന്നെയാണ് സുഖത്തിന്റേയും കാമത്തിന്റേയും വേഷമിട്ടിരിക്കുന്നത്. എന്നാൽ ആത്മാവിനെ അറിയാത്തിടത്തോളം അത് തന്നെയാണ് ഈ വേഷങ്ങളൊക്കെ ഇട്ടിരിക്കുന്നത് എന്ന് മനസ്സിലാകില്ല. ഇത് തന്നെയാണ് ദോഷം. ആ ഒന്നിനെ അറിയാത്ത പക്ഷം ആ ഒന്നാണ് ബഹുവായിരിക്കുന്നത് എന്നറിയാത്തതാണ് ദോഷം.
ഏകത്വേന പ്രിതക്ത്വേന ബഹുദാ വിശ്വതോമുഖ. ആ ഏകത്തെ അറിഞ്ഞാൽ മറ്റെല്ലാം അറിയാൻ സാധിക്കും.

ശിവനെ ഉണർന്നവന് ശക്തിയുടെ നവരസങ്ങളും നവരസ താണ്ഡവ നടനമാണ്. ആ നവരസങ്ങളും ആത്മാവിന്റെ അനുഭവം തന്നെയാണ് ആത്മാവ് തന്നെയാണ്. ആത്മാവ് തന്നെ പലതായി കാണിച്ച് പല അനുഭവങ്ങളായി പിരിഞ്ഞ് അനുഭവിക്കുന്നത്. സുഖമായും ,ദു:ഖമായും, ഭീഭത്സമായും, ആർദ്രമായും, ശാന്തമായും അറിഞ്ഞതും അറിവില്ലാത്തതുമായ എല്ലാ രസങ്ങളും ആത്മാനുഭവത്തിന്റെ അഭിവ്യക്തി തന്നെയാണ്. ആ തെളിവ് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചാൽ മനസ്സിലാക്കാൻ പ്രയാസം തോന്നുമായിരിക്കും എന്നാൽ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വളരെ ലളിതമായി മനസ്സിലാകും.

ഋഷികൾ എന്തിനാണ് ഇത്രയധികം കഥകൾ എഴുതിയിരിക്കുന്നത്. കഥാരൂപത്തിൽ അവർ ആത്മാനുഭവത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അവയെ വെറും കഥകളായി കാണാം ജ്ഞാനമായി കാണാം ഭക്തിയായി കാണാം എല്ലാമായി കാണാം. ഒരു കാര്യം നിശ്ചയമാണ് ജ്ഞാനിയോ അജ്ഞാനിയോ അറിവുള്ളവനോ ഇല്ലാത്തവനോ എന്തുമായി കൊള്ളട്ടെ ഭൂമിയിൽ പിറന്നവന് എല്ലാ രസത്തേയും അനുഭവിക്കാതെ ശരീരം ഉപേക്ഷിക്കാൻ സാധിക്കില്ല. ഈ രസങ്ങളെല്ലാം പ്രപഞ്ചത്തിലുണ്ട് മനസ്സിലുണ്ട്. മനസ്സ് പോലും ആത്മാവിൽ ബാധിച്ച ഈ ഒമ്പത് രസങ്ങളുടെ അഭിവ്യക്തിയാണ്. ആത്മാവ് സ്വയം കാണുന്നതിനായി ഉപയോഗിക്കുന്ന ഒരു കണ്ണാടിയാണ് മനസ്സ്.
നമ്മൾ ബുദ്ധി ,മനസ്സ്, ഇന്ദ്രിയങ്ങൾ ഇവയെല്ലാം വെവ്വേറെയായി കാണുന്നു. ഇവ തമ്മിലുള്ള തർക്കങ്ങൾ ഇതൊക്കെ എപ്പോൾ തീരാനാണ്. ഇതിനെയാണ് രമണ ഭഗവാൻ ചെപ്പടി വിദ്യ , ചൂത് എന്നൊക്കെ വിളിച്ചത്. ഈ ചൂതാട്ടം നിലയ്ക്കാൻ ജീവാഹന്ത ഇല്ലാതാക്കണം.

പൊടിയാൽ മയക്കി എൻ ബോധത്തെ പരിത്ത് ഉൻ ബോധത്തെ കാട്ടിനേൻ.

ഗുരു നമ്മുടെ ജീവബോധത്തെ അകറ്റി സ്വരൂപ ബോധത്തെ എപ്പോൾ ഉണർത്തുന്നു അപ്പോൾ ഒന്നും ഇവിടെ മാറുന്നില്ല. ഈ ലോകവും പ്രകൃതിയും സ്വഭാവവുമെല്ലാം പഴയ പോലെ തന്നെ. എന്നാൽ പ്രകൃതിയുടെ തന്മയത്വം മാറാതെ നിലനില്ക്കുന്നു. സത്യത്തിൽ ഉണർന്നവന് തപസ്സാൽ ഉദ്ദചക്ഷുസം എന്ന് വാല്മീകി മഹർഷികളെ കുറിച്ചു പറയുന്നു. ഒരു പുതിയ ചക്ഷുസ്സ് അവർക്ക് വന്നു ചേരുന്നു. ഉപനയനം എന്നാൽ എന്ത്, നയനം എന്നാൽ കണ്ണ് 'ഉപ' എന്നത് ഉപനിഷത്തിന്റെ ഉപയാണ്. നമ്മുടെ തൊട്ടരുകിൽ ഉള്ള കണ്ണ് നമ്മുടെ ആത്മാവാകുന്ന കണ്ണ് അത് കാണിച്ചു കൊടുക്കാൻ വേദത്തെ ആശ്രയിക്കുന്നു.

Nochurji 🙏 🙏

No comments: