Monday, December 31, 2018

എന്താണ് മോക്ഷം??
ബലി കർമ്മം ചെയ്യുന്നത് മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടാനാണോ??

-------------------
*ഭഗവദ് ഗീതയിലെ മഹത്തായ ശ്ലോകങ്ങളിലൂടെ മോക്ഷം എന്താണെന്ന് വിവരിക്കാം....

മനസ്സിന്റെ പൂർണ്ണ തൃപ്തിയെയാണ്(ശാന്തി) മോക്ഷം എന്ന് പറയുന്നത്....
മോക്ഷം എന്നാൽ മോഹക്ഷയം എന്നാണ്...
മോഹം എന്നാൽ ആഗ്രഹം, പ്രതീക്ഷ, ആകാംക്ഷ, എന്നിവയൊക്കെയാണ്....
ഈ ആഗ്രഹങ്ങളോടും പ്രതീക്ഷകളോടും ആകാംക്ഷയോടൊക്കെ തോന്നുന്ന ഒരുതരം മടുപ്പ് അല്ലെങ്കിൽ അതിന്റെയൊന്നും ആവശ്യമില്ലെന്ന തോന്നൽ അതിനെയാണ് മോഹക്ഷയം(മോക്ഷം) എന്ന് പറയുന്നത്....

"ഹേ കുന്തീപുത്രാ, ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റേയും വേനൽക്കാലത്തിന്റേയും ഗതിവിഗതികൾ പോലെയത്രേ....
ഇന്ദ്രിയാനുഭൂതികളിൽ നിന്ന് അവയുണ്ടാകുന്നു....
ഹേ ഭാരതാ, അവയെ അസ്വസ്ഥനാകാതെ സഹിക്കാൻ ഒരാൾ പഠിക്കണം.....
അല്ലയോ നരോത്തമാ, (അർജുനാ)....
സുഖദുഃഖങ്ങളാൽ അസ്വസ്ഥനാകാതെ രണ്ടിലും സമനില കൈവിടാത്ത വ്യക്തി നിശ്ചയമായും മോക്ഷപ്രാപ്തിക്ക് അർഹനാണ്".....

യാതൊന്നിലും യാതൊന്നിനെ കുറിച്ചും മനസ്സ് അസ്വസ്ഥനല്ലാത്തവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടി കഴിഞ്ഞു....

ബലികർമ്മം ചെയ്താൽ മരിച്ചയാൾക്ക് മോക്ഷം കിട്ടുമോ??

ബലി കർമ്മം ചെയ്യുന്നത് മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടാനല്ല.... മരിച്ചയാളുടെ ചിന്തകൾ നമ്മുടെ മനസ്സിൽ നിന്നും മാറ്റിയെടുക്കാനാണ്....
അതായത് അയാൾ മരിച്ചു, ഇനി അയാളെ പ്രതീക്ഷിക്കരുത് എന്ന് നമ്മുടെ മനസ്സിൽ ഉറപ്പിക്കാൻ വേണ്ടിയാണ്....
ബലി കർമ്മം ചെയ്യുന്നത് നമ്മുടെ മനസ്സിന് മോക്ഷം കിട്ടാൻ അവസരമൊരുക്കാൻ വേണ്ടിയാണ്, അല്ലാതെ മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടാൻ വേണ്ടിയല്ല...

"ജീവാത്മാവ് കൊല്ലപ്പെട്ടുവെന്നോ ആരെയെങ്കിലും കൊല്ലുന്നുവെന്നോ കരുതുന്നവൻ ജ്ഞാനിയല്ല....
ആത്മാവ് കൊല്ലുകയോ മരിക്കുകയോയില്ല...
ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല....
അത് ഉണ്ടായിട്ടില്ല, ഉണ്ടാകുന്നില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല....
അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്....
ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല"....

"ആത്മാവിനെ ആയുധങ്ങൾക്ക് മുറിക്കാനാവില്ല...
അഗ്നിക്കു ദഹിപ്പിക്കാനോ വെള്ളത്തിന് നനയ്ക്കാനോ കാറ്റിനു ശോഷിപ്പിക്കാനോ കഴിയുകയില്ല....
ജീവാത്മാവിനെ മുറിക്കാനോ ദഹിപ്പിക്കാനോ, കുതിർക്കാനോ, ഉണക്കാനോ കഴിയില്ല....
ശാശ്വതനും സർവ്വത ഗമിക്കാൻ കഴിവുള്ളവനും  പരിണാമങ്ങൾക്കതീതനും അചഞ്ചലനും നിത്യനുമാണ് ഈ ആത്മാവ്....
അദൃശ്യനും അചിന്ത്യനും മാറ്റമില്ലാത്തവനുമാണ് ആത്മാവ്... ഇതറിയുന്നതുകൊണ്ട് നീ ശരീരത്തെക്കുറിച്ച് ദുഃഖിക്കരുത്"....

ആത്മാവൊരിക്കലും നശിക്കുന്നില്ല.... അതുകൊണ്ട് മരിച്ച ഒരാൾക്ക് മോക്ഷം കിട്ടാൻ വേണ്ടിയല്ല, ചഞ്ചലമായ മനസ്സിനെ ഉറപ്പിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കുക.... അതായത് ജീവിച്ചിരിക്കുമ്പോൾ അവർക്ക് ചെയ്തു കൊടുക്കാൻ പറ്റാത്തത്, അവരുടെ മരണ ശേഷം നമ്മുടെ മനസ്സിൽ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തുവല്ലോ എന്ന് തോന്നലുണ്ടാക്കാൻ വേണ്ടിയാണ് മരിച്ചയാളുടെ ശരീരത്തിന് വെള്ളം കൊടുക്കുന്നതും മറ്റു കർമ്മങ്ങളുമൊക്കെ ചെയ്യുന്നതുമെന്ന് മനസ്സിലാക്കുക....

മോക്ഷമെന്നാൽ നമ്മുടെ മനസ്സിന്റെ പൂർണ്ണമായ തൃപ്തിയെയാണ്(മനസ്സിന്റെ ശാന്തി)...

മനസ്സ് എപ്പോഴാണ് പൂർണ്ണമായും തൃപ്തിപ്പെടുക???

"എപ്പോഴും നിറയ്ക്കപ്പെട്ടുകൊണ്ടിരിക്കിലും ഉൾക്ഷോഭമില്ലാത്ത സമുദ്രത്തിലേക്ക് നദികളെന്നപോലെ, നിരന്തരം തന്നിലേക്ക് ഒഴുകിയെത്തുന്ന ആഗ്രഹങ്ങളാൽ പ്രക്ഷുബ്ധനാകാത്ത മനുഷ്യന് മാത്രമാണ് ശാന്തി ലഭിക്കുന്നത്....
മറിച്ച് ആ ആഗ്രഹങ്ങളെ നിറവേറ്റാൻ യത്നിക്കുന്നവനല്ല.....
എല്ലാ വൈഷയികാഭിലാഷങ്ങളിൽ നിന്നും സ്വയം മുക്തനായി എല്ലാത്തരം ഉടമാവകാശബോധവും മിഥ്യാഹംഭാവവും ഉപേക്ഷിച്ചവനായി, നിഃസ്പൃഹനായി വർത്തിക്കുന്നവന്ന് മാത്രമേ ശരിക്കും ശാന്തി നേടാൻ കഴിയൂ"....

എപ്പോഴും മനസ്സിനെ ശാന്തിയായി നിർത്താൻ ആദ്യം വേണ്ടത്, "നാം എന്നത് ശരീരമല്ല, ആത്മാവാണെന്നും ആത്മാവിന് കർമ്മം ചെയ്യാൻ കൈക്കൊണ്ട ഒരു ശരീരം മാത്രമാണിത്" എന്ന തിരിച്ചറിവാണ്...
അതുകൊണ്ട് ഈ ശരീരത്താൽ കൈക്കൊണ്ട അഹങ്കാരവും, ഉടമാവകാശബോധവും ഉപേക്ഷിച്ച് എല്ലാ ജീവജാലങ്ങളുടെയും നന്മയിൽ തത്പരരായി ജീവിക്കുക.... അപ്പോൾ പൂർണ്ണമായും മനസ്സിന് ശാന്തി ലഭിക്കും...
എപ്പോഴും എല്ലാകാര്യത്തിലും ധർമ്മം അളന്ന് ചെയ്യുന്നവന് മോക്ഷം ലഭിക്കും...

"ഏതൊന്നിലെത്തിയാൽ മനുഷ്യന് വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്....
ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും അതേസ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും"....