ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങളില്‍വച്ച് ഏറ്റവും സംഭവബഹുലമായിരിക്കുന്നത് ശ്രീകൃഷ്ണാവതാരമാണ്. പൂര്‍ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണമെന്ന് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണഭഗവാന്‍ അവതരിക്കുന്നത്. ജനിച്ചയുടനെതന്നെ ശ്രീകൃഷ്ണനെ വസുദേവര്‍ നന്ദഗോപരുടെ ഗൃഹത്തിലാക്കി. നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികെക്കൊണ്ട് കിടത്തി. സാക്ഷാല്‍ മായാദേവി തന്നെയായ ആ ശിശുവിനെ വധിക്കുവാന്‍ വേണ്ടി കംസന്‍ തുനിഞ്ഞു. ആ സമയത്ത് ബാലിക ആകാശത്തിലേക്കുയര്‍ന്ന് നിന്റെ അന്തകനായിരിക്കുന്നവന്‍ ഭൂമിയില്‍ ജനിച്ചിരിക്കുന്നു എന്നുപറഞ്ഞു. ഇതുകേട്ടതോടുകൂടി അത്യധികം ഭയചകിതനായ കംസന്‍ ആയിടയ്ക്ക് ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുന്നതിനായി പൂതന എന്ന രാക്ഷസിയെ അയച്ചു. നന്ദഗോപഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് വിഷം പുരട്ടിയ സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ, സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവന്‍ വെടിഞ്ഞ് ഭൂമിയില്‍ പതിച്ചു. ഇതിനുശേഷം കംസന്‍ തൃണാര്‍ത്തന്‍ എന്ന അസുരനെ കൃഷ്ണനെ നിഗ്രഹിക്കാനായി പറഞ്ഞയച്ചു. അമ്പാടിയിലെത്തിയ തൃണാവര്‍ത്തന്‍ ചുഴലിക്കാറ്റായി വന്ന് ശ്രീകൃഷ്ണനെ എടുത്തുകൊണ്ട് ആകാശത്തിലേക്ക് ഉയര്‍ന്നു. ശ്രീകൃഷ്ണന്‍ അസുരന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ച് അവനെ കൊന്നുകളഞ്ഞു. പിന്നെ ശകടന്‍ എന്നൊരു അസുരന്‍ ശകടമായി വന്ന് കൃഷ്ണനെ വധിക്കുവാന്‍ നോക്കി. കൃഷ്ണന്‍ തന്റെ കുഞ്ഞിക്കാലുകള്‍കൊണ്ട് മെല്ലെ തട്ടിയതോടുകൂടി ശകടാസുരന്‍ മരിച്ചുവീണു. വല്‍സന്‍ എന്നൊരു അസുരന്‍ പശുവായി വന്ന് കൃഷ്ണനെ വധിക്കുവാന്‍ നോക്കി. കൃഷ്ണന്‍ അതിന്റെ വാലും, കാലും കൂട്ടിപ്പിടിച്ച് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ അവനും മരിച്ചുവീണു. ആതിനുശേഷം കംസന്‍, പൂതനയുടെ സഹോദരനായ ബകനെ കൃഷ്ണവധത്തിനായി നിയോഗിച്ചു. അവന്‍ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച് ശ്രീകൃഷ്ണനെ വിഴുങ്ങി. കൃഷ്ണസ്പര്‍ശംകൊണ്ട് അവന്റെ ഉദരം ദഹിക്കുവാന്‍ തുടങ്ങി. അങ്ങനെ അവന്‍ മരിച്ചുവീണു. ഇതിന് ശേഷം വന്നത് അഘന്‍ എന്ന അസുരനായിരുന്നു. അവന്‍ ഒരു പെരുമ്പാമ്പിന്റെ രൂപം പൂണ്ട് രാമകൃഷ്ണന്മാരെയും ഗോപാലന്മാരെയും വിഴുങ്ങി. ശ്രീകൃഷ്ണന്‍ അവന്റെ ഉദരത്തെ ദഹിപ്പിച്ച് അവനെ കൊന്നുകളയുകയും, ബലരാമനോടും ഗോപാലന്മാരോടുമൊപ്പം പുറത്തുചാടുകയും ചെയ്തു. ശ്രീകൃഷ്ണന്റെ ബാല്യലീലകള്‍ ഏവര്‍ക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നതായിരുന്നു. രാമകൃഷ്ണന്മാര്‍ക്ക് നാമകരണം ചെയ്തത് ഗര്‍ഗ്ഗമുനിയായിരുന്നു. ഒരു നാള്‍ ശ്രീകൃഷ്ണന്‍ മണ്ണുതിന്നുന്നതായി ഗോപികമാര്‍ യശോദയോട് പറഞ്ഞു. അതനുസരിച്ച് ശ്രീകൃഷ്ണന്റെ വായ തുറന്നുനോക്കിയപ്പോള്‍ യശോദ അവിടെ ഈരേഴുപതിനാല് ലോകങ്ങളും കാണുകയുണ്ടായി. അതുകണ്ട് പരിഭ്രമിച്ച് കണ്ണുകളടച്ചുകളഞ്ഞു. ശ്രീകൃഷ്ണനെതിരെയുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോള്‍ കംസന്‍ ധനുര്‍യാഗം നടത്തുവാന്‍ തീരുമാനിച്ചു. ആ സന്ദര്‍ഭത്തില്‍ കൃഷ്ണനെ ഇല്ലാതാക്കാനായിരുന്‍ കംസന്‍ ശ്രമിച്ചു. കംസന്റെ ക്ഷണം സ്വീകരിച്ച് രാമകൃഷ്ണന്‍മാര്‍ മധുരാപുരിയില്‍ എത്തിച്ചേര്‍ന്നു. രാമകൃഷ്ണന്‍മാര്‍ യാഗവേദിയില്‍ പ്രവേശിച്ച് പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. എതിരിടാന്‍ വന്നവരെയെല്ലാം അവര്‍ അടിച്ചുകൊന്നു. അടുത്ത ദിവസം കംസന്‍ മല്ലയുദ്ധരംഗം സജ്ജീകരിച്ചു. യുദ്ധവേദിയിലേക്ക് പ്രവേശിക്കുന്നിടത്ത് കംസന്‍ കുവലയാപീഢന്‍ എന്നൊരു കൊലയാനയെ നിറുത്തിയിരുന്നു. രാമകൃഷ്ണന്‍മാര്‍ ആ ആനയെ വധിച്ച് യുദ്ധവേദിയിലേക്ക് പ്രവേശിച്ചു. അവിടെ അവരെ എതിരേറ്റത് ചാണുതന്‍, മുഷ്ടികന്‍ എന്നീ രണ്ടുമല്ലന്മാരായിരുന്നു. കൃഷ്ണന്‍ ചാണൂരനെയും ബലരാമന്‍ മുഷ്ടികനെയും മല്ലയുദ്ധം ചെയ്ത് വധിച്ചുകളഞ്ഞു. തുടര്‍ന്നും അനവധി മല്ലന്മാര്‍ രാമകൃഷ്ണന്മാരോട് എതിരിടാന്‍ വന്നു. അവരും കാലതാമസം കൂടാതെ യമപുരിയെ പ്രാപിച്ചു. ഇതിനുശേഷം കൃഷ്ണന്‍ കംസനെ വധിച്ചു. പിന്നെ ഭഗവാന്‍ വസുദേവര്‍, ദേവകി, ഉഗ്രസേനന്‍ തുടങ്ങിയവരെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിക്കുകയും, ഉഗ്രസേനനെ മധുരയിലെ രാജാവായി വാഴിക്കുകയും ചെയ്തു. കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂരഭാരം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്. കൗരവര്‍ കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടര്‍ന്ന് പാണ്ഡവന്മാര്‍ 12 വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൗരവര്‍ നല്‍കിയില്ല. തുടര്‍ന്ന് യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികെ നേടുവാന്‍ പാണ്ഡവര്‍ പരിശ്രമിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണന്‍ സമാധാനദൂതനായി കൗരവസദസ്സിലേക്ക് ചെന്നു. കൗരവര്‍ ശ്രീകൃഷ്ണന്റെ വാക്കുകളെ മാനിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കാന്‍ വരെ ശ്രമിച്ചു. ഒടുവില്‍ കൗരവരും പാണ്ഡവരും തമ്മില്‍ കുരുക്ഷേത്രത്തില്‍വച്ച് അതിഘോരമായ യുദ്ധം നടന്നു. പാണ്ഡവപക്ഷത്തില്‍ ഏഴ് അക്ഷൗഹിണിപടകളും, കൗരവപക്ഷത്തില്‍ പതിനൊന്ന് അക്ഷൗഹിണിപടകളുമാണ് ഉണ്ടായിരുന്നത്. 21870 രഥങ്ങള്‍, അത്രതന്നെ ആനകള്‍, 65610 കുതിരകള്‍, 109350 കാലാളുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഒരു അക്ഷൗഹിണിപ്പട. മഹാഭാരതയുദ്ധത്തില്‍ ഏകദേശം 60 ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്തതായാണ് ഈ കണക്കനുസരിച്ച് പറയാന്‍ സാധിക്കുക. ശത്രുപക്ഷത്തുനില്‍ക്കുന്ന തന്റെ പിതാമഹന്മാരെയും ഗുരുക്കന്മാരെയും കണ്ടതോടുകൂടി അര്‍ജ്ജനന്‍ അത്യധികം വിഷാദമഗ്നനായി തീര്‍ന്നു. അദ്ദേഹം യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങുവാന്‍ വരെ ഒരുങ്ങി നിന്നു. ഈ സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവത്ഗീത. ഒരു മനുഷ്യന്റെ പരമമായ കര്‍ത്തവ്യം എന്താണ്, എങ്ങനെയാണ് അലസതകളില്‍ നിന്നും വിഷാദത്തില്‍ നിന്നും മുക്തിപ്രാപിക്കാന്‍ സാധിക്കുക തുടങ്ങിയ മുതല്‍ അത്യുനന്നതമായ വേദാന്തസങ്കല്‍പങ്ങള്‍ വരെ ഭഗവത്ഗീതയില്‍ അടങ്ങിയിരിക്കുന്നു. ഭഗവാന്റെ ഉപദേശം ശ്രമിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും, ശത്രുപക്ഷത്തെ എതിരിടുകയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. പാണ്ഡവപക്ഷത്ത് പഞ്ചപാണ്ഡവരും, സാത്യകിയും മാത്രം അവശേഷിച്ചു. അതുപോലെ കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപര്‍, കൃതവര്‍മാവ് എന്നീ മൂന്നുപേരും മാത്രം അവശേഷിച്ചു. തന്റെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതുകൊണ്ട് അത്യധികം ദുഃഖിതയായ ഗാന്ധാരി ഈ സര്‍വനാശത്തിന്റെ കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു. "കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ, മുപ്പാത്താറുവര്‍ഷം കഴിയുമ്പോള്‍ നിന്റെയും വംശം പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ." ഭഗവാന്‍ ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി സ്വീകരിച്ചു. യാവനാശത്തിന് മുനിശാപവും കാരണമായി പറയുന്നു. ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് വരികയുണ്ടായി. അപ്പോള്‍ യാദവന്മാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് വന്നു. അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേക്ക് കൊണ്ടുവന്ന് ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്ന് ചോദിച്ചു. ഇതുകേട്ട് കുപിതരായ മുനിമാര്‍ ഗര്‍ഭിണി ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അത് യാദവകുലത്തിന്റെ നാശത്തിന് കാരണമായിത്തീരുമെന്നും ശപിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യാദവന്മാര്‍ ആ ഇരുമ്പുലക്കയടെ രാകിപ്പൊടിച്ച് കടലിലെറിഞ്ഞു. അത് സമുദ്രതീരത്ത് വന്നടിഞ്ഞ എരപ്പുല്ലുകളായി വളര്‍ന്നുവന്നു. അല്‍പകാലം കഴിഞ്ഞപ്പോള്‍ നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായി. അപ്പോള്‍ കൃഷ്ണന്‍ യാദവരെയും കൂട്ടി തീര്‍ത്ഥയാത്രയ്ക്കിറങ്ങി. പ്രഭാസത്തിലെത്തിയപ്പോള്‍ അവര്‍ അമിതമായി മദ്യപിച്ച് കലഹിക്കുവാന്‍ തുടങ്ങി. പിന്നെ അവര്‍ സമുദ്രതീരത്ത് മുളച്ചുനില്‍ക്കുന്ന ഏരകപ്പുല്ലുകള്‍ പറിച്ചെടുത്ത് പരസ്പരം പ്രഹരിക്കാന്‍ തുടങ്ങി. അവ പറിച്ചെടുക്കുന്ന മാത്രയില്‍ തന്നെ ഇരുമ്പുലക്കകളായി മാറിക്കൊണ്ടിരുന്നു. അനേകം യാദവന്മാര്‍ അവിടെവച്ച് തമ്മിലടിച്ച് മരിച്ചുവീണു. ഇതു കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നു കൃഷ്ണന്‍ എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് ശേഷിച്ച യാദവരെയൊക്കെ കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായിത്തീര്‍ന്നു. പിന്നെ, കൃഷ്ണന്‍ തന്റെ ജ്യേഷ്ഠനായ ബലരാമന്‍ സമാധിയില്‍ മുഴുകി ദേഹം വെടിഞ്ഞിരിക്കുന്നത് കണ്ടു. കുറച്ചുനേരം വനത്തില്‍ ചുറ്റിക്കറങ്ങിയതിന് ശേഷം കൃഷ്ണന്‍ യോഗനിരതനായി പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കിടന്നു. ഈ സമയത്ത് ജരന്‍ എന്നൊരു വേടന്‍ ഭഗവാന്റെ തൃപ്പാദങ്ങള്‍ കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. ജരന്‍ പൂര്‍വജന്മത്തില്‍ വാനരരാജാവായ ബാലിയായിരുന്നു. അന്ന് ശ്രീരാമചന്ദ്രന്‍ ബാലിയെ അമ്പെയ്തതിന്റെ പകരമായിരുന്നു ഇപ്പോള്‍ ഭഗവാന്‍ കൃഷ്ണനെ അമ്പെയ്തത്. ആ അമ്പേറ്റ് ഭഗവാന്‍ കൃഷ്ണന്‍ ദേഹം വെടിഞ്ഞ് വിഷ്ണു സ്വരൂപത്തോടുകൂടി തന്റെ ആവാസസ്ഥാനമായിരിക്കുന്ന വൈകുണ്ഠത്തിലേക്ക് പോയി.
No comments:
Post a Comment