Friday, December 28, 2018

ഗീതാ തത്ത്വം.
ആരാണ് കർമ്മയോഗി?
-----------------------------------
കർമ്മം യോഗത്തിനായിക്കൊണ്ട് ചെയ്യുന്നവൻ കർമ്മയോഗി എന്ന് പറയാമെങ്കിലും
വളരെ വിശദമായ വിവരണം ആവശ്യമാണ്. എന്താണ് കർമ്മം. സാധാരണയായി
ഉയർത്തുക, താഴ്ത്തുക, വലിയ്ക്കുക, ചുരുക്കുക തുടങ്ങിയ ക്രിയകൾ ആണ് കർമ്മം എന്ന് പറയുന്നത് എങ്കിലും കർമ്മത്തിന്റെ ആത്യന്തികാർത്ഥം അതിനും അപ്പുറത്താണ്. ദശേന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും എന്ത് ചെയ്താലും അത് കർമ്മമാണ്‌. ചെറിയ ഒരു ചിന്ത പോലും ഒരു മാനസിക കർമ്മം ആണ്. യോഗം എന്ന വാക്കിന്റെ അർത്ഥം, കർമയോഗം എന്ന വാക്കിനെ ആധാരമാക്കി പറയുമ്പോൾ, ഐക്യം, ചേർക്കൽ, യോജിപ്പിയ്ക്കൽ എന്നൊക്കെയാണ്. അപ്പോൾ കർമ്മയോഗത്തിന്റെ ലളിതമായ അർത്ഥത്തിൽ ജീവാത്മ പരമാത്മ ഐക്യത്തിന് വേണ്ടി ഇന്ദ്രിയമനോബുദ്ധികൾ കൊണ്ട് ചെയ്യുന്ന കർമ്മം കർമ്മയോഗം ആണ്.
ജീവ ബ്രഹ്മ ഐക്യത്തിന് 'ജ്ഞാനം ' എന്ന് പറയുന്നു. അതുകൊണ്ടു , ജ്ഞാനി ചെയ്യുന്നതെന്തോ, അതെല്ലാം കർമ്മയോഗമാണ്, കർമ്മയോഗം ചെയ്താൽ അയാൾ ക്രമേണ ജ്ഞാനസ്വരൂപൻ ആകും. കർമ്മം ചെയ്യാനുള്ള സാമർത്ഥ്യത്തെയാണ് യോഗം (കർമ്മയോഗം ) എന്ന് ഭഗവദ് ഗീത പറയുന്നത്. യോഗസ്ഥ കുരു കർമ്മാണി - യോഗമായിട്ടു കർമ്മം ചെയ്യൂ എന്ന് ഭഗവാൻ അർജ്ജുനനോട് പറയുന്നു. 'കർമ്മണ്യേ വാധികാരസ്തേ' എന്ന്‌ തുടങ്ങുന്ന ശ്ലോകം കർമ്മയോഗത്തിന്റെ കാതലാണ്.
ഇവിടെ ഭഗവാൻ പറയുന്നു, അർജുനാ കർമ്മത്തിൽ മാത്രമാണ് നിനക്ക് അധികാരം, ഫലത്തിൽ അല്ല. കർമ്മം ചെയ്യണം എന്നും ഫലം എടുക്കരുത് എന്നും ആണോ ഭഗവാൻ പറഞ്ഞത്? അല്ല. ഭഗവദ് ഗീതയിൽ ഉടനീളം പറയുന്ന ഒരു കാര്യം ഫലത്തിൽ സംഗം ഇല്ലാതിരിയ്ക്കുക എന്നതാണ്.അതായത് ഫലസംഗം ഇല്ലാതെ കർമ്മം ചെയ്യുക. തുടർന്ന് ഭഗവാൻ അതെ ശ്ലോകത്തിൽ പറയുന്നു, കർമ്മഫലത്തിന് നീ കാരണമായി ഭവിയ്ക്കരുത് എന്ന്. അതായത് ഞാൻ കാരണമാണ് ഈ ഫലം ഉണ്ടായത് എന്ന കർത്ത്ര്യത്വം ഉണ്ടാകരുത് എന്ന്.
ഇത്രയും ഒക്കെ കേൾക്കുന്ന ആൾ, എങ്കിൽ പിന്നെ ഞാൻ കർമ്മം ഒന്നും ചെയ്യുന്നില്ല എന്ന് വിചാരിയ്ക്കുമല്ലോ. അതിനുള്ള മറുപടി ആണ്, ശ്ലോകത്തിന്റെ അവസാന ഭാഗം, അർജ്ജുനാ കർമ്മം ചെയ്യാതിരിയ്ക്കുന്നതിലും നിനക്ക് താത്പര്യം ഉണ്ടാകരുത്.
കർമ്മയോഗത്തിൽ അല്പം ഭക്തികൂടി ഉണ്ടെങ്കിൽ അത് ഇങ്ങനെ പ്രാവർത്തികമാക്കാം.
കർമ്മങ്ങൾ ചെയ്യുക. ഫലത്തെക്കുറിച്ചു വ്യാകുലപ്പെടാതിരിയ്ക്കുക, ഫലം തരുന്നത് ഭഗവാൻ ആണ് എന്ന് ഉറച്ചു വിശ്വസിയ്ക്കുക. അപ്പോൾ കർമ്മത്തിൽ ഉള്ള അഭിമാനം ഇല്ലാതാകും. ഫലത്തിൽ അധികാരം ഭഗവാന് സമർപ്പിയ്ക്കുക. അങ്ങിനെ ഫലത്തിൽ ഉള്ള സംഗവും ഇല്ലാതാകും. ഞാൻ ആണ് ഭോക്താവ്‌ അഥവാ അനുഭവിയ്ക്കുന്നവൻ എന്ന ധാരണയും ഇല്ലാതാകും. (ഞാൻ ചെയ്യുന്നു ഞാൻ അനുഭവിയ്ക്കുന്നു എന്ന് മൂഡനാണ് കരുതുന്നത് എന്ന് ഭഗവാൻ പറയുന്നുണ്ട്.)
യജ്ഞം എന്ന നിലയിൻ കർമ്മം ചെയ്യണം എന്ന് കർമ്മയോഗത്തെ മറ്റൊരുതരത്തിൽ ഭഗവാൻ പറയുന്നു. യജ് എന്ന ധാതുവിൽ നിന്നാണ് യജ്ഞം എന്ന വാക്ക് ഉണ്ടായത്. ത്യജിയ്ക്കുക എന്നതാണ് ഇതിന്റെ അർത്ഥം. എന്താണ് ത്യജിയ്ക്കേണ്ടത്. കർമ്മം ത്യജിയ്ക്കരുത് എന്ന് പല തവണ ഭഗവാൻ പറയുന്നുണ്ട്. അപ്പോൾ ത്യജിയ്ക്കേണ്ടത് ഫലത്തിൽ ഉള്ള ആസക്തി ആണ്. വിഷയത്തിൽ ആസക്തി ഇല്ലാതെ വിഷയങ്ങളെ ഭുജിച്ചാലും അവൻ ശാന്തിയെ പ്രാപിയ്ക്കും. അപ്പോൾ, കർമ്മയോഗത്തിന്റെ കാതൽ വിഷയം (ഫലം )
അനുഭവിയ്ക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതും അല്ല. ഇന്ദ്രിയങ്ങൾക്കു അതിൽ സംഗം ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്നുള്ളതാണ് പ്രധാനം. അതായത് മനസ്സിൽ ആണ് കാര്യം. അതുകൊണ്ടാണ് പുറമെ കർമ്മം ചെയ്യാതെ മനസ്സുകൊണ്ട് വിഷയങ്ങളെ ഭുജിയ്ക്കുന്നവനെ ഭഗവാൻ കള്ളൻ എന്ന് വിളിയ്ക്കുന്നത്.
യജ്ഞം ആയി കർമ്മം ചെയ്യേണ്ടത് എങ്ങനെയാണ് -"യാതൊന്നിനെ ചെയ്യുന്നുവോ, യാതൊന്നിനെ ഭുജിയ്ക്കുന്നുവോ, യാതൊന്നിനെ ഹോമിയ്ക്കുന്നുവോ, യാതൊന്നിനെ കൊടുക്കുന്നുവോ, യാതൊന്നിനെ തപസ്സു ചെയ്യുന്നുവോ, അതൊക്കെയും ഭഗവാന് അർപ്പണമായി ചെയ്യുക".
ഒരു കർമ്മയോഗിയുടെ ലോകത്തോടുള്ള വീക്ഷണം എങ്ങിനെ ആണ് എന്ന് ഗീത പറയുന്നു.
കിട്ടുന്നതിലും കിട്ടാത്തതിലും സമഭാവനയോടും സർവ ജീവികളിലും സമഭാവനയിലും ആയിരിയ്ക്കും
കർമ്മയോഗി പെരുമാറുക. ജ്ഞാനിയുടെ ലക്ഷണം പറയുമ്പോഴും ഇതൊക്കെ തന്നെ പറയുന്നതുകൊണ്ട് ഒരു കർമ്മയോഗി ജ്ഞാനി ആയിരിയ്ക്കും. സാംഖ്യവും യോഗവും വേറെ വേറെ ആണെന്ന് ബാലന്മാർ പറയും എന്ന് പറഞ്ഞു ഭഗവാൻ തന്നെ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. സാംഖ്യം എന്ന് പറഞ്ഞത് ജ്ഞാനയോഗത്തെയും യോഗം എന്ന് പറഞ്ഞത് കർമ്മയോഗത്തെയും ആണ്. അതായത് കർമ്മയോഗി ജ്ഞാനി ആകാനേ തരമുള്ളൂ, അല്ലെങ്കിൽ പ്രായേണ അങ്ങിനെ ആയിത്തീരും.
അത് എങ്ങിനെ ആണ് എന്ന് പറയാം. കർമ്മയോഗി ഫലത്തിൽ ഉള്ള സംഗം ഇല്ലാതെ കർമ്മം ചെയ്യുന്നതുകൊണ്ട് അയാളുടെ മനസ്സിൽ (ലിംഗ ശരീരത്തിൽ) വാസനകൾ പറ്റിക്കൂടുന്നില്ല. ക്രമേണ വാസനകൾ എല്ലാം അകന്നു ചിത്തശുദ്ധി ലഭിയ്ക്കുന്നു. അപ്പോൾ, സ്വച്ഛന്ദമായ തടാകത്തിന്റെ അടിത്തട്ട് കാണുംപോലെ, ശുദ്ധമായ ബോധം മനസ്സിൽ പ്രതിഫലിയ്ക്കുന്നു.അപ്പോൾ, താൻ ജീവനല്ല, കേവലം സച്ചിതാനന്ദ സ്വരൂപം ആണെന്ന് ജീവന് പ്രക്ത്യക്ഷമായി തന്നെ ബോദ്ധ്യപ്പെടുന്നു. ജീവാത്മ പരമാത്മ ഐക്യം തന്നെയാണ് ജ്ഞാനം എന്ന് പറയുന്നത്. ജ്ഞാനി ഇത് തത്ത്വ വിചാരം കൊണ്ട് സാധിയ്ക്കുന്നു എങ്കിൽ കർമ്മയോഗി അത് നിഷ്കാമ കർമ്മം കൊണ്ട് സാധിയ്ക്കുന്നു. (ഇത് തന്നെ ധ്യാന യോഗി മനസ്സിനെ ബലമായി നിയന്ത്രിച്ചതും ഭക്തൻ പരിപൂർണ്ണ സമർപ്പണത്തിലൂടെയും നേടുന്നു).
ഇനി, കർമ്മയോഗി ജ്ഞാനി ആയ ശേഷം, കർമ്മങ്ങളെ ഉപേക്ഷിയ്ക്കേണ്ടതുണ്ടോ എന്ന് ഒരു സംശയം ഉണ്ടാകാം. കർമ്മങ്ങൾ എല്ലാം വാസനകളെ സൃഷ്ടിയ്ക്കുന്നതുകൊണ്ടു അത് സാക്ഷാത്കാരത്തിന് തടസ്സമാണെന്നും അതുകൊണ്ടു ഉപേക്ഷിയ്ക്കേണം എന്നും സാംഖ്യന്മാർ വാദിയ്ക്കുന്നുണ്ട്. ഇതിനു ഭഗവാന്റെ തീർപ്പുകല്പിയ്ക്കൽ ഇങ്ങനെയാണ്.
പരിശുദ്ധി ഉണ്ടാക്കുന്ന യജ്ഞം, ദാനം , തപസ്സു എന്നിവ ഉപേക്ഷിയ്ക്കേണ്ടതില്ല, പക്ഷെ ഫലാസക്തി കൂടാതെ ചെയ്യണം. കർത്തവ്യ കർമ്മം ഉപേക്ഷിയ്ക്കാൻ പാടില്ല.
ഉദാഹരണത്തിന്, നിങ്ങൾ ഒരു ഗൃഹസ്ഥൻ ആണ് എങ്കിൽ, കർമ്മയോഗി ആയ ശേഷവും, നിങ്ങളുടെ ഭാര്യയുടെയും കൂട്ടികളുടെയും ധാർമ്മികമായ ആവശ്യങ്ങൾ സാധിപ്പിയ്ക്കാൻ നിങ്ങൾക്ക് കർത്തവ്യം ഉണ്ട്. പക്ഷെ, അവിടെയും അഹന്താ മമതകൾ (ഞാൻ എന്നും എന്റേത് എന്നും ഉള്ള ഭാവങ്ങൾ) ഉപേക്ഷിച്ചു വേണം പ്രവൃത്തികൾ.
എല്ലാ കർമ്മങ്ങളും ഉപേക്ഷിയ്ക്കുവാൻ പ്രാവർത്തികമായി സാധ്യമല്ല. കാരണം, പുറമെ ഒന്നും
ചെയ്യുന്നില്ലെങ്കിലും, മനസ്സ് പ്രവർത്തിയ്ക്കാം. അതും ഒരു കർമ്മമാണ്‌ . അപ്പോൾ കർമ്മ ത്യാഗം അല്ല ,കർമ്മ ഫല സംഗ ത്യാഗം മാത്രമാണ് പ്രാവർത്തികം. അതാണ് ഒരു കർമ്മയോഗി ചെയ്യുന്നത്.( Hindu Ikyavedi ..facebook)

No comments: