Monday, April 08, 2019

ശ്രീമദ് ഭാഗവതം 114* 

ഈ ആസക്തി ഒക്കെ ഒരു  one way traffic ആണ്.  അച്ഛൻ മക്കളോട് ആസക്തരാവും. മക്കൾ അവരുടെ മക്കളോട് ആസക്തരാവും. അവര് എവിടെയെങ്കിലുമൊക്കെ ജോലി കിട്ടി പോവും. എപ്പഴെങ്കിലും ആയിരിക്കും ഒരു ഫോൺ ചെയ്യലോ, ഒരു വരവോ, ഇവിടെ മുത്തശ്ശനോ മുത്തശ്ശിയോ അവരെ വിചാരിച്ചു കൊണ്ടിരിക്കും. കഷ്ടിച്ച് ഇത്തിരി വൈരാഗ്യം വന്ന് ചിന്തിച്ച്, ഇങ്ങനെ നമ്മുടെ ജീവിതം കളയാൻ പാടില്ല്യ. അവരൊക്കെ സ്വതന്ത്രരായി. ഇനി മുതൽ ഞാൻ ഭജിക്കും എന്നൊക്കെ തീരുമാനിച്ചു ഭജിക്കാൻ തുടങ്ങി മരണക്കിടക്കയില് കിടക്കുമ്പോ, അപ്പോ എല്ലാവരും വന്നു ചേരുകയും ചെയ്യും. അതാണേ നമ്മുടെ പ്രാരബ്ധം. വന്നിട്ട് മുമ്പില് വന്ന് യ്യോ... ഞങ്ങളെ വിട്ടു പോവാണോന്ന് ചോദിക്കും. അപ്പോ തോന്നും. പേരക്കുട്ടിക്ക് എത്ര സ്നേഹം എന്റടുത്ത്. 

ഭരതൻ കിടപ്പിലായി, മാൻകുട്ടി വന്നു. അടുത്ത് വന്നിങ്ങനെ പ്രിയമായിട്ട് നോക്കി നില്ക്കാണ്. മാൻകുട്ടിയുടെ കണ്ണിലേക്ക് നോക്കി. മാൻകുട്ടിയും നോക്കി. 

യം യം വാപി സ്മരൻ ഭാവം 
ത്യജന്ത്യന്തേ കളേബരം 
തമേവൈതി  കൗന്തേയ 
സദാ തത് ഭാവ ഭാവിത:

അലംഘനീയമായ ഒരു നിയമം ആണിത്. എന്തിനെ സ്മരിച്ചു കൊണ്ടാണോ എന്തിനെ ഭാവത്തിൽ വെച്ച് കൊണ്ടാണോ ശരീരം ഉപേക്ഷിക്കണത് നിശ്ചയമായിട്ടും അടുത്ത ജന്മം അത് തന്നെ. അത് ലംഘനം ചെയ്യാൻ വയ്യ.

 അപ്പോ നമ്മളിപ്പോ മകനേയോ പേരക്കുട്ടിയേയോ സ്മരിച്ചതുകൊണ്ട് അവർക്ക് ഒരു ഗുണവും ഇല്ല്യ. നമ്മൾ ആസക്തരായി. ഒരു പ്രയോജനവും ഇല്ല്യ. അതേസമയം നമുക്ക് വാസനയുടെ ഒരു കൂടും ണ്ടാക്കി. തിരിച്ചു വരാനുള്ള റിട്ടേൺ ടിക്കറ്റ് എടുത്ത് നമ്മൾ പുറപ്പെടുമല്ലോ അത് പോലെ ആണ്. to and fro ticket. ഇവിടുന്ന് പോയി തിരിച്ചു വരണം. ന്താച്ചാൽ ഇവരോടൊക്കെ ആസക്തി, ഇവരൊക്കെ എന്റെ ഓർമ്മയിലണ്ട്. ഇവരെ ഒക്കെ സങ്കല്പത്തിൽ വെച്ച് കൊണ്ടാണ് ഇവിടെ നിന്ന് പോകണത്. ഒന്നും വേസ്റ്റ് ആവില്ല്യ. തിരിച്ചു വന്നേ ഒക്കൂ. അത് നിയമം ആണ്. 

ഒരു പക്ഷേ നിങ്ങളുടെ സയൻസ് ഒക്കെ പിഴച്ചു പോവും. ഇത് പിഴയ്ക്കില്ല്യ. ഈ വാസന ണ്ട്. അതിനെ എന്തു ചെയ്യും? എവിടെ എങ്കിലും it should be executed. ഈ ആഗ്രഹത്തോടു കൂടെ പോകുന്നു. തിരിച്ചു വരണു. അതാണ് കുട്ടികളൊക്കെ ജനിക്കുമ്പോ പറയും. മുത്തശ്ശനെ പോലെ ണ്ട്. പോലെ അല്ല, അതന്നെ വന്നിരിക്കണേ. ചില സ്വഭാവങ്ങളൊക്കെ അതേ പോലെ കാണിക്കും. പ്രബലമായ വാസനയോടു കൂടെ പോയി അതേ റൂട്ടിൽ തിരിച്ചു വരാണ്. തിരിച്ചു വന്ന് ഇവിടെ സ്ഥലം കിട്ടിയിട്ടില്ലെങ്കിലോ, വേറെ എന്തെങ്കിലും ഒക്കെയായി ട്ട് വന്നു കൂടും. എല്ലാർക്കും ചാൻസ് കിട്ടില്ലല്ലോ. നമ്മളുടെ എത്രയോ പിതൃക്കൾ ഒക്കെ അവിടെ നില്ക്കണ്ടാവും. 

ഈ ശ്രാദ്ധകർമ്മം തന്നെ പിതൃക്കളെ വിളിക്കാനാണ്. അത് ഒരു തലത്തിൽ ഒരു പുത്രകാമേഷ്ടി പോലെ ആണ്. .ഹവിസ്സ് ഒക്കെ വെച്ച് ഈ പുരുഷ ശരീരത്തിലേയ്ക്ക് ആവാഹനം ചെയ്ത് വീണ്ടും പുത്രജന്മം ആയിട്ട് അങ്ങട് വരും. അതാണ് പിതൃശ്രാദ്ധാദികൾ ചെയ്തിട്ടില്ലെങ്കില് ഈ പുത്രജന്മം ഒന്നും ണ്ടാവില്ല്യ എന്ന് പറയണത്. അതൊക്കെ ബന്ധപ്പെട്ട് കിടക്കണു. എന്താച്ചാൽ ഇവരൊക്കെ തന്നെ ആണേ ചുറ്റി ചുറ്റി ചുറ്റി. അങ്ങനെ പുത്രൻ ആയിട്ട് വരാൻ സാധിച്ചിട്ടില്ലെങ്കിലോ പുണ്യപാപത്തിന് അനുസരിച്ച്  വീട്ടില് എന്തെങ്കിലും ജീവി ആയിട്ടൊക്കെ വന്നു നില്ക്കും. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*.
Lakshmi Prasad

No comments: