Saturday, April 13, 2019





ശ്രീമദ് ഭാഗവതം 119

അങ്ങനെ സദാ മൗനിയായ ജഡഭരതൻ ആദ്യമായി വായ തുറന്നു.  രാജാവിനെ നോക്കി പറഞ്ഞു. 

ത്വയോദിതം വ്യക്തമവിപ്രലബ്ധം 
ഭർത്തു: സ മേ സ്യാദ്യദി വീര്യ!  ഭാര:
ഗന്തുര്യദി സ്യാദധി ഗമ്യമധ്വാ 
പീവേതി രാശൗ ന വിദാം പ്രവാദ:
സ്ഥൗല്യം കാർശ്യം വ്യാധയ ആധയശ്ച 
ക്ഷുത്തൃഡ്ഭയം കലിരിച്ഛാ ജരാ ച
നിദ്രാ രതിർമ്മന്യുരഹം മദ: ശുചോ 
ദേഹേന ജാതസ്യ ഹി മേ ന സന്തി. 
ജീവന്മൃതത്വം നിയമേന രാജൻ! 
ആദ്യന്തവദ്യദ്വികൃതസ്യ ദൃഷ്ടം 
സ്വസ്വാമ്യഭാവോ ധ്രുവ ഈഡ്യ!  യത്ര 
തർഹ്യുച്യതേഽസൗ വിധികൃത്യയോഗ:
വിശേഷബുദ്ധേർവ്വിവരം മനാക് ച 
പശ്യാമ യന്ന വ്യവഹാരതോഽന്യത് 
ക ഈശ്വര: തത്ര കിമീശിതവ്യം 
തഥാപി രാജൻ കരവാമ കിം തേ 
ഉന്മത്തമത്തജഡവത്സ്വസംസ്ഥാം 
ഗതസ്യ മേ വീര! ചികിത്സിതേന 
അർത്ഥ: കിയാൻ ഭവതാ ശിക്ഷിതേന 
സ്തബ്ധ പ്രമത്തസ്യ ച പിഷ്ടപേഷ:

ഹേ രാജൻ, അവിടുന്ന് പറഞ്ഞത് ഞാനല്പം ഒന്ന് പറയാം. ഞാൻ ഭാരമേ വഹിക്കിണല്ല്യല്ലോ. എന്തെങ്കിലും ഭാരം വഹിച്ചെങ്കിലല്ലേ അത് എനിക്ക് ഭാരം ആവൂ. ഞാനൊരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് എങ്ങനെ   പോവാൻ?  എനിക്ക് പോവാൻ ഒരു  സ്ഥലം  ഇല്ല്യ . തടിച്ചത് മെലിഞ്ഞത് ഒക്കെ ശരീരത്തിനാണ്. എനിക്കല്ല. വിശപ്പ്,  ദാഹം ഇതൊക്കെ പ്രാണന്റെ ധർമ്മം ആണ്. എന്റെ അല്ല. 

കാമം ക്രോധം  ജരാ  ഉറക്കം മുതലായിട്ടുള്ളതും ഒക്കെ മനസ്സിന്റെ ആണ്. അതൊന്നും എന്റെ ധർമ്മം അല്ല. ഇതൊന്നും ഞാനും അല്ല. 

ഹേ രാജൻ, അവിടുന്ന് 
"നീ ജീവച്ഛവമാണോ" എന്ന് ചോദിച്ചു. ജീവിച്ചിരിക്കുന്നവർ ശവം ആവില്ല്യ. ശവം ജീവിക്കയും ഇല്ല്യ. ശവം നടക്കുന്നു. അത് ആശ്ചര്യം. അതിനകത്ത് ഇരിക്കുന്ന ജീവന് ഇതിനോടൊരു ബന്ധവും ഇല്ല്യ. 

തന്നെ അടിക്കും ശിക്ഷിക്കും ന്നൊക്കെ നീ പറഞ്ഞു. നീ ആരാ എന്നെ അടിക്കാൻ, ശിക്ഷിക്കാൻ? ഞാനേ വിശപ്പ് സഹിച്ച്, ചൂട് സഹിച്ച്, തണുപ്പു സഹിച്ച്, ആരെങ്കിലുമൊക്ക ചീത്ത വിളിച്ചാൽ അതൊക്കെ കേട്ട്, ഇങ്ങനെ  ഞാൻ   അടിച്ചതിന് മേലെ ആണോ നീ  ഇപ്പൊ അടിക്കാൻ പോകുന്നത്? പൊടിച്ചതിനെ ഇനി എന്ത് പൊടിക്കാൻ?

 പിഷ്ടപേഷ:;
ഞാൻ തന്നെ ഈ ശരീരത്തിനെ അരച്ച് നല്ല മാവാക്കിയിരിക്കണു. ഇതിന് മേലെയാണോ നീ   ഇപ്പൊ ഈ ശരീരത്തിൽ വല്ലതും ചെയ്താൽ ഫലിക്കാൻ പോണത്?

ഹേ രാജൻ, ഇതൊന്നും എന്നെ ബാധിക്കണില്ല്യ. ഞാൻ ഈ ശരീരമേ അല്ല. 

ദേഹേന ജാതസ്യ ഹി മേ ന സന്തി. 

ജനിക്കുമ്പഴേ ഞാൻ ദേഹത്തോട് കൂടെ ജനിച്ചിട്ടില്ല്യ. എനിക്ക് ഈ ദേഹവുമായി യാതൊരു ബന്ധവും ഇല്ല്യ. ഈ ദേഹത്തിനെ നിങ്ങൾ ആരാധിച്ചാലും അപമാനിച്ചാലും അതൊന്നും എന്നെ ബാധിക്കണില്ല്യ. 

ഇത് കേട്ടതോടു കൂടി രാജാവിന് അടിവയറ്റിൽ നിന്ന് വിദ്യുത് പ്രവാഹം. അദ്ദേഹത്തിന് മഹാത്മാക്കളെ കുറിച്ച് കുറച്ചൊക്കെ അറിയാം. എന്തോ ഒരു അഹങ്കാരം കൊണ്ട് അറിയാതെ ഇങ്ങനെ ചെയ്തു പോയി അദ്ദേഹം.

കപിലമഹർഷിയുടെ അടുത്ത് നിന്ന് ഉപദേശം വാങ്ങാനാണ് രാജാവ് പുറപ്പെട്ടത്. അദ്ദേഹം വേഗം മഞ്ചത്തിൽ നിന്ന്  ഇറങ്ങി  സാക്ഷ്ടാംഗം വീണു നമസ്ക്കരിച്ചു. കണ്ണീര് വിട്ടു കൊണ്ട് രാജാവ് ചോദിച്ചു. 

ഹേ പ്രഭോ, അവിടുന്ന് ആരാണ്?

കസ്തം നിഗൂഢശ്ചരസി ദ്വിജാനം 
ബിഭർഷി സൂത്രം കതമോഽവധൂത:
കസ്യാസി കുത്രത്യ ഇഹാപി കസ്മാത് 
ക്ഷേമായ നശ്ചേദസി നോത ശുക്ല:
നാഹം വിശങ്കേ സുരരാജവജ്രാ- 
ന്ന ത്ര്യക്ഷശൂലാന്ന യമസ്യ ദണ്ഡാത് 
നാഗ്ന്യർക്കസോമാനിലവിത്തപാസ്ത്രാ-
ച്ഛങ്കേ ഭൃശം ബ്രഹ്മകുലാവമാനാത് 

ബ്രാഹ്മണരെ പോലെ പൂണൂലിട്ടണ്ട്. പക്ഷേ അത് മുഴുവൻ മഷി പിടിച്ചു കറുത്ത് കരുവാളിച്ച് കിടക്കണു. ബ്രാഹ്മണനെ പോലെ ണ്ട്. പക്ഷേ ബ്രാഹ്മണന്റെ ലക്ഷണവും കാണാനില്ല്യ.
ശ്രീനൊച്ചൂർജി 
 *തുടരും. .*.
Lakshmi Prasad

No comments: