Thursday, April 18, 2019

ശ്രീമദ് ഭാഗവതം 124* 

ഒരിക്കൽ ഒരു കുഷ്ഠരോഗിയായ ഒരു വ്യാപാരി ശൃംഗേരി മഠത്തിലെ അധികാരിയുടെ അടുത്ത് വന്നു പറഞ്ഞു. എന്റെ കുഷ്ഠരോഗം മാറാനായിട്ട് എന്തെങ്കിലുമൊക്കെ ഒരു പ്രായശ്ചിത്തം വിധിച്ച് സ്വാമികളോട് അനുഗ്രഹിക്കാൻ പറയണം എന്ന് പറഞ്ഞു. അപ്പോ ഈ മഠത്തിലെ മാനേജർ അകത്ത് ചെന്ന് സ്വാമികളോട് പറഞ്ഞു. ഒരു കുഷ്ഠ രോഗി ഉമ്മറത്തണ്ട് എന്തെങ്കിലുമൊക്കെ വിധിച്ച് ഈ രോഗം മാറാൻ അനുഗ്രഹിക്കണം. അയാൾ എന്തു പ്രായശ്ചിത്തവും ചെയ്യാൻ തയാറാണത്രേ. 

സ്വാമി പറഞ്ഞു. രോഗം മൂന്നു വിധത്തിലാണ്.

1. ചികിത്സ്യം, 
2. അപനേയം 
3. അസാധ്യം. 
ചില രോഗങ്ങൾ പൂർണ്ണമായി മാറാവുന്നതാണ്. അത് *അപനേയം.* 
രണ്ട്, കുറച്ചൊക്കെ ചികിത്സിച്ച് അടക്കി വെയ്ക്കാം.  അത് *ചികിത്സ്യം.* 
മൂന്നാമത്തേത് *അസാധ്യം.*  മാറില്ല്യ. 

അപ്പോ ഈ മാനേജർ സ്വാമിയോട് ചോദിച്ചു.  അതെങ്ങനെ മനസ്സിലാവും? ചികിത്സിച്ച് നോക്കിയാലല്ലേ അറിയാൻ പറ്റൂ? .അങ്ങനെ അല്ല വഴി ണ്ട് അറിയാൻ. എന്ന് പറഞ്ഞ് ഒരു ജോലിക്കാരനെ വിളിച്ചിട്ട് ഇയാളോട് ചെന്ന് പറയാൻ പറഞ്ഞു. "സ്വാമീ പറഞ്ഞു എന്ന് പറയാ. നിങ്ങളുടെ കുഷ്ഠരോഗം മാറാൻ വഴി ണ്ട്. വലിയ ഒരു ഹോമം ചെയ്യണം." അതിന് അന്നത്തെ കാലത്ത് മൂവായിരം രൂപ ചെലവാകും. ബാംഗ്ലൂരിൽനിന്നും മറ്റുമൊക്കെ വൈദികന്മാരെ കൊണ്ട് വരണം. അതിൽ അങ്ങയ്ക്ക് *പൂർണ്ണവിശ്വാസം* ണ്ടാവണം. അവര് ചെയ്യുന്നതിൽ കുറ്റം കാണരുത്. ഇനി അവര് ചെയ്തിട്ട് അത് ഫലിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ പാപം അത്ര കണ്ട് ണ്ട് എന്ന് അറിഞ്ഞു കൊള്ളണം. ഇങ്ങനെ യാതൊരു വിധത്തിലുള്ള വിശ്വാസക്കുറവും ഇല്ലെങ്കിൽ പ്രായശ്ചിത്തത്തിനും ഹോമത്തിനും  മഠത്തിൽ ഏർപ്പാട് ചെയ്യാം. അതിന് തയ്യാറാവണം. അതിന് ഇത്രയും ധനവ്യയം ണ്ടാവും. അങ്ങയുടെ പാപം ആണ് ഈ വ്യാധിക്ക് കാരണം എന്ന്  തീരുമാനിച്ചു കൊള്ളണം. ഇതിനൊക്കെ തയ്യാറാണെങ്കിൽ ഏർപ്പാടാക്കാം. 

സ്വാമി ഇത് ജോലിക്കാരനോട് പറഞ്ഞിട്ട് അയാളോട് പറയൂ. അയാള് ന്താ മറുപടി പറയുന്നത് അത് എന്നോട് വന്നു പറയാ ന്ന് പറഞ്ഞു. ഈ ജോലിക്കാരൻ ഇക്കാര്യം അയാളോട് ചെന്ന് പറഞ്ഞു. അപ്പോ അയാൾ "ഓ സ്വാമി അങ്ങനെ പറഞ്ഞുവോ നേരത്തെ കൂട്ടി ഇതൊക്കെ പറഞ്ഞത് നന്നായി. എന്റെ മനസ്സിൽ അങ്ങനെയൊന്നും തോന്നാൻ പാടില്ല്യ ല്ലോ. ഞാൻ നാളെ രാവിലെ ആകുമ്പോഴേയ്ക്കും ഒക്കെ ചിന്തിച്ചു ന്താ വേണ്ടതെന്ന്  പറയാം".

ഈ ജോലിക്കാരൻ തിരിച്ചു വന്നു സ്വാമിയുടെ അടുത്ത് വന്നു പറഞ്ഞു "നാളെ രാവിലെ പറയാം എന്ന് പറഞ്ഞു സ്വാമീ."
 
"വ്യാധി അസാധ്യം ആണ് ". സ്വാമി പറഞ്ഞു.  ഒരു പക്ഷെ അദ്ദേഹം എന്തിനും  തയ്യാറായിരുന്നുവെങ്കിൽ അദ്ദേഹം ഒരു പക്ഷേ ഈ പ്രായശ്ചിത്തമേ വിധിക്കില്ലായിരുന്നു. എന്തെങ്കിലും ഒരു മന്ത്രമോ ഉപദേശമോ കൊടുത്തു വിട്ടേനേ. ഉള്ളില് വിശ്വാസം ണ്ടോ എന്ന് അദ്ദേഹം ഒന്ന് പരീക്ഷിച്ചതാണ്. എത്ര കണ്ട് ഉള്ളിൽ ശ്രദ്ധ ണ്ട്. 

 *ശ്രദ്ധ* ഉള്ളില് ണ്ടെങ്കിൽ *നമ്മളുടെ തന്നെ അന്തര്യാമി* *ആണ് നമ്മളെ ചികിത്സിക്കണത്*. *സകലപാപത്തിനും പ്രായശ്ചിത്തത്തിനും ഉള്ള healing power നമ്മളുടെ ഉള്ളിൽ തന്നെ ണ്ട്.* മഹാത്മാക്കൾ അതിനെ ഉണർത്തി വിടണു. അത്രേ ള്ളൂ. പക്ഷേ അതിനുള്ള വിശ്വാസം നമുക്കുണ്ടോ എന്ന് നോക്കണം. 

അപ്പോ, പ്രായശ്ചിത്തം എന്ന് പറയണതും പ്രായ: എന്നാൽ തപസ്സ് എന്നാണ്. പ്രായോ: നാമ തപസ്പ്രോക്തം. പ്രായശ്ചിത്തം എന്നാൽ തപസ്സ് ആണ്. നമ്മള് ചെയ്ത പാപത്തിന് നമ്മളെ തന്നെ അല്പം ഒന്ന് വിഷമിപ്പിക്കാ. എന്തെന്ത് ദു:ഖം അനുഭവിക്കുമ്പഴും ഓർത്തുകൊള്ളണം നമ്മള് ചെയ്ത കുറേ പാപം ഒക്കെ പോയി. 

ദു:ഖം ഒരു തപസ്സ് ആണ്. ദു:ഖം യജ്ഞ തനു പ്രാപ്തം തപോ രൂപേണ ഭാവയേത്. ഇവിടെ ചെയ്യുന്ന പാപങ്ങൾക്കും ദുഷ്കൃത്യങ്ങൾക്കും ഇവിടെ തന്നെ പ്രായശ്ചിത്തം ചെയ്തിട്ടില്ലെങ്കിൽ ഈ നരകയാതനകളൊക്കെ അനുഭവിക്കേണ്ടിവരും എന്നാണ് ശുകാചാര്യർ അല്പം ഒന്ന് വിരട്ടിയത്. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad

No comments: