ദക്ഷിണാമൂർത്തി സ്തോത്രം-5
ദക്ഷിണാമൂർത്തിയെന്നാൽ കാരുണ്യം രൂപമെടുത്ത ഈശ്വരൻ. ദക്ഷിണാ എന്നാൽ ജ്ഞാനം, ചിത്പൂർത്തി. ചൈതന്യം അല്ലെങ്കിൽ ആത്മാനുഭവം തന്നെ ദക്ഷിണാമൂർത്തി. തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മൂർത്തിയെന്നും ദക്ഷിണാമൂർത്തിയ്ക്ക് അർത്ഥമുണ്ട്. ദക്ഷിണാമൂർത്തി സ്തോത്രം രമണ ഭഗവാൻ തമിഴിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അതിൽ തെൻമുഖ മൂർത്തിയെന്നും വിശേഷിപ്പിച്ചിരിക്കുന്നു.
ദക്ഷിണ ദിശയിലേയ്ക്ക് നോക്കി ഇരിക്കുകയോ ,നമസ്കരിക്കുകയോ സാധാരണയായി ആരും ചെയ്യാറില്ല. എന്താ കാരണം? ഭയമാണ്.
യമായ ധർമ്മ രാജായ മൃത്യവേ ശാന്തകായച
തെക്ക് യമന്റെ സ്ഥാനമാണ്. അത് അഭിമുഖീകരിക്കാനുള്ള ഭയം. നചികേതസ്സ് അല്ലല്ലോ നമ്മൾ. അതിനാൽ മരണത്തിനെ നേരിടാനുള്ള ഭയം എപ്പോഴുമുണ്ട്. മരണത്തിനെ മുഖാമുഖം നോക്കാൻ നമുക്ക് ഭയമാണ് എന്നാൽ ആ ഭയമില്ലാതെ ഈശ്വരൻ ദക്ഷിണാമൂർത്തി രൂപത്തിൽ യമനെ നോക്കി ഇരുന്നു.
നമുക്കറിയാം മരണത്തെ നേരിട്ട് നോക്കിയാൽ കയറിലെ പാമ്പു പോലെ അത് മറഞ്ഞു പോകും. പാമ്പാണെന്ന് കരുതി വെളിച്ചം വീശി നോക്കിയപ്പോൾ പാമ്പില്ല കയറേ ഉള്ളു. അതു പോലെ മരണത്തെ സൂക്ഷിച്ച് നോക്കിയപ്പോൾ മനസ്സിലായി മരണമില്ല ആത്മാവേ ഉള്ളു.നിത്യ സത്യമേ ഉള്ളു. നോക്കാത്തതു കൊണ്ട് മാത്രമാണ് ഈ മിഥ്യാ ധാരണ ഉണ്ടാകുന്നത്.
സംസ്കൃതത്തിൽ ദക്ഷിണ, മൂർത്തി ഇവയെ ബന്ധിപ്പിക്കാൻ ഒരിക്കലും ദീർഘ 'അ' കാരം വരേണ്ടതല്ല. പിന്നെ എന്തിനാകാം ആ രീതിയിൽ ദക്ഷിണാമൂർത്തിയെന്ന് പറയപ്പെടുന്നത്. ഉത്തരം ഇതാണ് ദക്ഷിണ + അമൂർത്തി യാണ് ദക്ഷിണാമൂർത്തിയായത്. ചിത്സ്വരൂപമായ ,ജ്ഞാന സ്വരൂപമായ, ചൈതന്യ സ്വരൂപമായ അമൂർത്തി.
അമൂർത്തിയെന്നാൽ രൂപമില്ലാത്തത്. പുറമേയ്ക്ക് രൂപമൊന്നുമില്ല. ഉള്ളിൽ ആത്മസ്വരൂപമായി അഹമഹമെന്ന് നടനമാടുന്ന നടരാജൻ. ചിതംബര നടംഭര ഭജേ. ചിതംബരം എന്നാൽ ചിതാകാശം, ഹൃദയാകാശം. ആ ഹൃദയാകാശത്തിൽ നിരന്തരം അവിച്ഛിതമായ ഒരു അനുഭൂതി ,"ഞാനുണ്ട് " എന്ന അനുഭൂതി എല്ലാവരുടേയും ഉള്ളിലുണ്ട് .ആ അനുഭൂതി തന്നെയാണ് ദക്ഷിണാമൂർത്തി. എല്ലാ ഉപദേശവും അവിടെ നിന്ന് കിട്ടും. മൗനിയായി ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു.
പുറമെ നിന്ന് ഒരു ആചാര്യൻ ഉപദേശിച്ചാലും നിങ്ങൾക്ക് അത് ശ്രാവ്യമായി തീരുന്നത് എപ്പോഴെന്നാൽ നിങ്ങളുടെ ചിത്തമാകുന്ന ശ്രോത്രം ഹൃദയമാകുന്ന ദക്ഷിണാമൂർത്തിയുടെ മണ്ഡലത്തിലേയ്ക്ക് പ്രവേശിച്ചാൽ മാത്രമേ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ അന്തർ ശ്രോത്രത്തിന് വിഷയമാവുകയുള്ളു. അല്ലെങ്കിൽ പുറമെ കേൾക്കും എന്നേ ഉള്ളു.
Nochurji.
Malini dipu
No comments:
Post a Comment