Thursday, April 04, 2019

ദക്ഷിണാമൂർത്തി സ്തോത്രം-7

ഒരു ശിഷ്യൻ ഗുരുവിന്റെ മുൻമ്പിൽ വന്നിരിക്കുമ്പോൾ. ശിഷ്യന് ഉള്ളിലെ സംശയവും, വേദനയും കൊണ്ട് എന്തെങ്കിലുമൊക്കെ പറയുന്നു. ആ വാക്കുകൾ അന്തരംഗത്തിലെ മണിദ്വീപിൽ ഒരാഘാതം ഉണ്ടാക്കുന്നുണ്ട്. ഒരു മണി മുഴക്കുന്നതു പോലെ അതിൽ പ്രതിധ്വനി ഉണ്ടാകുന്നതാണ്. ശിഷ്യന്റെ വേദനയുടെ, മുമുക്ഷുത്വത്തിന്റെ തീവ്രതക്കനുസരിച്ച് അത് ഗുരുവിന്റെ മനസ്സിനേയും തരണം ചെയ്ത് ഹൃദയസ്ഥാനത്ത് പോയി സ്പർശിക്കും. 

ആ ഹൃദയ സ്ഥാനത്തിന് ചുറ്റളവില്ല. ഒരു കേന്ദ്രമായി നിലകൊള്ളുന്നെങ്കിലും  ശരീരത്തിനുള്ളിലുള്ള ഒരു സ്ഥാനമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും സർവ്വാത്മ ഭാവത്തിന്റെ സ്ഥാനമാണത്. അവിടെ ചെന്ന് തൊടുമ്പോൾ വാക്കിന്റെ രൂപത്തിലോ മന്ത്രത്തിന്റെ രൂപത്തിലോ ഉപദേശത്തിന്റെ രൂപത്തിലോ അഥവാ മൗനത്തിന്റെ രൂപത്തിലോ ഗുരുവിൽ നിന്ന് ഒരു പ്രതിപ്രസരണം ലഭിക്കുമ്പോൾ അത് ശിഷ്യന് വിശ്രാന്തിയേകുന്നു.

 ആ പ്രതിപ്രസരണം ആണ് മൗനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആ പ്രതിപ്രസരണം ആണ് മൗനം, അലൗകിക ഭാഷ, ദേവ ഭാഷ, യോഗ ഭാഷ, അപൗരുഷേയ ഭാഷ, സമാധി ഭാഷ, ആപ്ത വചനം എന്നൊക്കെ പറയാൻ കഴിയാതെ നമ്മൾ പറയുന്നത്.

മനസ്സിൽ തെറ്റു വരാം, ബുദ്ധിയിൽ തെറ്റു വരാം എന്നാൽ ആ കേന്ദ്രത്തിൽ തെറ്റിന് സ്ഥാനമേ ഇല്ല. It is infallible. ഒരു ഉത്തമ ജിജ്ഞാസുവിന് തനിക്ക് സത്യം വേണമെന്നും ശാന്തി വേണമെന്നും പരമാർത്ഥ നിശ്ചയം വേണമെന്നുമുള്ള ഉത്കടമായ പ്രബലമായ വാഞ്ചയുണ്ടെങ്കിൽ അതൊരു കൊടുങ്കാറ്റു പോലെ ആ ഹൃദയ സ്ഥാനത്ത് ഒരാഘാതം ഏല്പിക്കുന്നു. എന്നാൽ ഈ ഹൃദയ കേന്ദ്രം എല്ലാവർക്കും തുറന്നിട്ടില്ലല്ലോ. അതിന് ദക്ഷിണാമൂർത്തി വേണം. ജ്ഞാന നിഷ്ഠനായ, അനുഭൂതി സമ്പന്നനായ ആ ആചാര്യന്റെ ഹൃദയ സ്ഥാനത്ത് നിന്നും, ആ മണി ദ്വീപിൽ നിന്നും മൗനോപദേശ രൂപത്തിൽ ഒരു പ്രതിധ്വനി പുറത്തേയ്ക്ക് വരുന്നു.

Nochurj.
malini dipu

No comments: