ഒരു ദിവസം രുഗ്മിണിദേവി കണ്ണന്റെ അടുത്തേയ്ക്കു ചെന്നപ്പോൾ കണ്ണന് ഏതോ ആലോചനയിൽ മുഴുകി പ്രസന്നവദനനായി ഇരിക്കുന്നതു കണ്ടു. കണ്ണൻ വൃന്ദാവനത്തേയും രാധയേയും ഗോപഗോപീവൃന്ദങ്ങളേയും ചിന്തിച്ചിരിക്കുകയാണ് ന്നാണ് രുഗ്മിണിദേവി കരുതിയത്.
" ദേവാ അങ്ങ് വൃന്ദാവനത്തിലെത്തിയോ?"
രുഗ്മിണിദേവിയുടെ ചോദ്യം കേട്ടപ്പോൾ കണ്ണന് ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇല്ല പ്രിയേ..... ഞാനെന്റെ ഭക്തന്റെ കൂടെ ആയിരുന്നു. "
അതു കേട്ടപ്പോൾ ദേവിക്ക് ഉത്സാഹമായി. ഭക്തന്മാരുടെ വിശേഷങ്ങൾ കേൾക്കാൻ രുഗ്മിണിദേവിക്ക് വലിയ ഇഷ്ടമാണ്.
" നാഥാ ആ വിശേഷങ്ങൾ കേൾക്കാൻ എനിക്കും ആഗ്രഹമുണ്ട്."
ഭക്തനെക്കുറിച്ച് പറയാൻ കണ്ണനും ഉത്സാഹമാണ്.
"തമിഴകത്ത് എന്നെക്കുറിച്ച് പാടിയിരുന്ന ഒരു ഭക്തന്‍ ഇവിടെ ഉണ്ടായിരുന്നു." കണ്ണൻ കഥ പറഞ്ഞു തുടങ്ങി. രുഗ്മിണിദേവി സന്തോഷത്തോടെ മൂളിക്കേട്ടു. കഥ പറയുമ്പോൾ മൂളി കേൾക്കണം. അതാണ് കണ്ണനിഷ്ടം.
തമിഴ് നാട്ടിൽ ഒരു വൈഷ്ണവ ഭക്തൻ ഉണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ചേരിയുടെ അടുത്ത് ഒരു വരാഹമൂർത്തിക്ഷേത്രം ഉണ്ടായിരുന്നു. ശൂദ്ര ജാതിയില്‍ ജനിച്ചതുകൊണ്ട് അദ്ദേഹത്തിന് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്ത് ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അതുകൊണ്ട്
ഗോപുരത്തിന്റെ മുന്നില്‍ നിന്നു ഭക്തിയോടെ അദ്ദേഹം ഭഗവാനെ സ്തുതിച്ചു പാടും. വരാഹമൂർത്തിയുടെ അതിമനോഹരമായ സ്വരൂപത്തെപ്പറ്റി ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തന്മാർ പറയുന്നതു കേൾക്കുമ്പോൾ ഒരിക്കലെങ്കിലും ആരൂപം ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അതിയായി മോഹിച്ചു. പക്ഷേ ക്ഷേത്ര ഗോപുരത്തിന്റെ മുന്നിലുള്ള ധ്വജസ്തംഭം തടസ്സമായ കാരണം അദ്ദേഹത്തിന് ക്ഷേത്രത്തിലെ മൂർത്തിയെ ദൂരെ നിന്നുപോലും കാണാൻ സാധിച്ചില്ല. ഭക്തന്മാർ പറഞ്ഞു കേട്ട ഭഗവാന്റെ വരാഹ സ്വരൂപം എപ്പോഴും മനസ്സിൽ ധ്യാനിച്ചു. ഒരിക്കല്‍ അദ്ദേഹം എന്തോ ആവശ്യത്തിനു അയൽ ഗ്രാമത്തിൽ പോയി തിരിച്ചുവരുമ്പോൾ കാട്ടു വഴിയില്‍ ഒരു ബ്രഹ്മ രക്ഷസ്സ് അദ്ദേഹത്തെ പിടി കൂടി തിന്നാന്‍ ഭാവിച്ചു. അദ്ദേഹം ബ്രഹ്മരക്ഷസ്സിനോടു പറഞ്ഞു "ഇതാണ് നിന്റെ വിധിയെങ്കിൽ അത് നടന്നു തന്നെ ആകണം. ഇന്ന് ഏകാദശിയാണ്. ഞാൻ ഭഗവാനെ കാണണമെന്ന് അതിയായ മോഹത്തോടുകൂടി കൂടി വരികയായിരുന്നു. ഏതായാലും എന്നെ തിന്നാന്‍ പോവുകയല്ലേ. എങ്കിൽ അത് ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വന്നതിനു ശേഷം ആയിക്കൂടെ?" ഇതുകേട്ട് ബ്രഹ്മരക്ഷസ് പറഞ്ഞു. "പ്രാണഭയം കൊണ്ട് നീ നുണ പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നതല്ലേ? നിന്നെ വിട്ടയച്ചാൽ ഒരിക്കലും തിരിച്ചു വരികയില്ല "
ആ ഭക്തൻ വീണ്ടും പറഞ്ഞു "ഞാൻ ഒരിക്കലും നുണ പറയുകയല്ല. എനിക്കു എന്നായാലും മരണം സുനിശ്ചിതമാണ്. അത് ഇന്നാവണം എന്നതായിരിക്കും ദൈവനിശ്ചയം. എന്തായാലും ഇനി ഒരു ഏകാദശി ദര്‍ശനം വിധിച്ചിട്ടില്ല. അപ്പോള്‍ ഇതെങ്കിലും ഒന്നനുവദിക്കണം. ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വരും എന്ന് ഞാൻ സത്യം ചെയ്യുന്നു. അഥവാ ഞാൻ തിരിച്ചു വന്നില്ലെങ്കില്‍ പരമാത്മാവും ഇതര ദേവതകളും സമം എന്ന് വിചാരിക്കുന്നവനു എന്തു പാപം ലഭിക്കുമോ അതേ പാപം എനിക്കു ലഭിക്കട്ടെ " ഇതുകേട്ട ബ്രഹ്മരക്ഷസ് അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം സന്തോഷത്തോടെ ക്ഷേത്രത്തിലേക്ക് ഓടി. ദൂരെ ക്ഷേത്രത്തിനു മുമ്പിൽ നിന്നു തൊഴുതു പ്രാര്‍ത്ഥിച്ചു. 'ഹേ പ്രഭോ ഇന്ന് ഞാൻ പാടുന്ന കീർത്തനം കൊണ്ട് അവിടുന്ന് സന്തോഷിക്കണേ. ഇനി ഒരിക്കലും ഈ തിരുനടയിൽ വന്ന് അങ്ങയെ കീർത്തിക്കാൻ അടിയന് സാധിക്കില്ല. ഭഗവാനേ അങ്ങയെ കാണാനാവാത്ത ദു:ഖത്തില്‍ പോകുന്നതുകൊണ്ട് തീര്‍ച്ചയായും എനിക്ക് അടുത്ത ജന്മം ഉണ്ടാവും. അപ്പോഴെങ്കിലും അങ്ങയെ അടുത്തു നിന്നു തൊഴാനുള്ള ഭാഗ്യം അടിയനു തരണേ!" ഭഗവാനെ ദർശിക്കാൻ കഴിയാത്ത വിഷമം കൊണ്ട് ആ ഭക്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭക്തന്റെ വിഷമം കണ്ടാൽ ഭഗവാന് സഹിക്കാനാവുമോ? ഭഗവാനും ഭക്തനും ഇടയില്‍ തടസ്സമായി നിന്നാല്‍ ധ്വജസ്തംഭം ആയാലും ഭഗവാന്‍ മാറ്റി നിര്‍ത്തും. നമ്മുടെ ഭക്തി തീവ്രമാണെങ്കിൽ അതിനു തടസ്സമായി വരുന്നതെല്ലാം ഭഗവാന്‍ മാറ്റി തരും. ഭഗവാന്‍ ഉടനെ ധ്വജസ്തംഭത്തോട് അല്പം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ധ്വജസ്തംഭം മാറിനിന്നു. അതിമനോഹരമായ വരാഹമൂർത്തിയുടെ സ്വരൂപം ആ ഭക്തന് കാണുവാൻ സാധിച്ചു. അദ്ദേഹം
ആനന്ദനൃത്തമാടിക്കൊണ്ട് സ്തുതിഗീതം പാടി. അതിനുശേഷം ഭഗവാനോട് അനുവാദവും ചോദിച്ചു മടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ കാരുണ്യം കൊണ്ടാണ് തനിക്ക് ഇപ്പോൾ ഈ ഭഗവത് ദർശനം സാദ്ധ്യമായത്. അതുകൊണ്ട് എത്രയും പെട്ടെന്ന് പറഞ്ഞ വാക്ക് പാലിക്കണമെന്ന് ചിന്തിച്ചുകൊണ്ട് തിരിച്ചു പോകുന്ന വഴി ഭഗവാന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ എതിരേ വന്നു. ബ്രാഹ്മണൻ പറഞ്ഞു. "താങ്കൾ ഇപ്പോൾ ആ കാട്ടിനകത്തേക്ക് പോകരുത്. അവിടെ മനുഷ്യമാംസം തിന്നുന്ന ഒരു ബ്രഹ്മരക്ഷസ് ഉണ്ട് "
ഭക്തൻ വിനയത്തോടെ പറഞ്ഞു. " ഇന്ന് ഞാനാണ് ബ്രഹ്മരക്ഷസ്സിന്റെ ഭക്ഷണം. അതുകൊണ്ട് എനിക്ക് അവിടെ പോകാതിരിക്കാൻ ആവില്ല. "
ഇതുകേട്ട ആ ബ്രാഹ്മണൻ അതിശയം അഭിനയിച്ചു കൊണ്ട് ചോദിച്ചു. "എന്ത് താങ്കൾ സ്വയം ആ ബ്രഹ്മരക്ഷസ്സിന് ഭക്ഷണമായി തീരുകയോ?"
അദ്ദേഹം ഉണ്ടായതെല്ലാം ബ്രാഹ്മണനോട് പറഞ്ഞു. ബ്രാഹ്മണന്‍ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. "ജീവന്‍ രക്ഷിക്കാന്‍ കളവു പറയുന്നത് അത്ര വലിയ തെറ്റല്ല! അതു കൊണ്ട് ഇനി അങ്ങോട്ട് പോകണ്ട കാര്യമില്ല. നിങ്ങൾ മടങ്ങിപ്പോകൂ." പക്ഷെ അദ്ദേഹം അതു സമ്മതിച്ചില്ല." ഇപ്പോൾ ഈ ഹൃദയം നിറയെ എന്റെ പ്രഭുവാണ് . സത്യ ലംഘനം ചെയ്തു അത് കളയാന്‍ ഞാൻ ഒരുക്കമല്ല. മാത്രമല്ല ആ രക്ഷസ്സിന്റെ കാരുണ്യം കൊണ്ടു കൂടിയാണ് എനിക്ക് ഇതു സാധിച്ചത്. അതുകൊണ്ട് ഇതേ സ്ഥിതിയിൽ മരിക്കുവാന്‍ എനിക്ക് യാതൊരു വിഷമവുമില്ല എനിക്കു ഇപ്പോള്‍ സര്‍വത്ര ഭാഗവാനെ കാണാന്‍ സാധിക്കുന്നു." ഉടനെ ബ്രാഹ്മണന്‍ അതിമനോഹരമായി ഉറക്കെ പൊട്ടി ച്ചിരിച്ചു . ഭഗവാന്റെ അതിമനോഹരമായ ആ ചിരി എല്ലാവരും ഒന്നു സങ്കല്പിച്ചുനോക്കൂ. കടകടേ ന്നുള്ള ചിരി എന്തു രസമാണ് ല്ലേ?
ഭഗവാൻ ചോദിച്ചു.
"അപ്പോള്‍ നീ എന്നെയും ഭാഗവാനായി കാണുന്നുണ്ടോ?"
അതിലെന്താണ് ഇത്ര സംശയം? അങ്ങ് എന്റെ വരാഹമൂർത്തി തന്നെയാണ്"
അതു പറഞ്ഞു തീരും മുന്‍പ് ഉത്തമഭക്തിക്കു വശംവദനായി ഭഗവാൻ ആ ഭക്തന്റെ മുമ്പിൽ വീണ്ടും പ്രത്യക്ഷ ദര്‍ശനം നല്‍കി. അദ്ദേഹം ആനന്ദത്തില്‍ മതി മറന്നു . ഭഗവാന്‍ ഭക്തനെ അനുഗ്രഹിച്ചു മറഞ്ഞു. അദ്ദേഹം തുള്ളിച്ചാടിക്കൊണ്ടു ബ്രഹ്മരക്ഷസ്സിന്റെ അടുക്കലേക്കു ഓടി. 'ഹേ ബ്രഹ്മരക്ഷസേ അങ്ങ് വേഗം എന്നെ ഭക്ഷിക്കൂ". അതദ്ദേഹത്തിന്റെ ആനന്ദം കണ്ട് ബ്രഹ്മരക്ഷസ്സ് അൽഭുതപ്പെട്ടു. മരിക്കാൻ ഒരുങ്ങുന്ന സമയത്തും എങ്ങനെയാണ് ഇദ്ദേഹത്തിന് ഇത്ര ആനന്ദത്തോടുകൂടി ഇരിക്കാൻ കഴിയുന്നത്? ബ്രഹ്മരക്ഷസ്സ് ആ ആനന്ദത്തിന്റെ കാരണം ചോദിച്ചു. അദ്ദേഹം പറഞ്ഞു.
"എനിക്കു ഭഗവാന്‍ പ്രത്യക്ഷ ദര്‍ശനം നല്‍കി. ഇപ്പോള്‍ എന്റെ ഹൃദയം നിറയെ ഭഗവാനാണ്. അവിടെ
കാമക്രോധാദികളക്ക് എന്ത് സ്ഥാനം? ഇതേ സ്ഥിതിയില്‍ ജീവൻ വെടിഞ്ഞാൽ എനിക്കു ഭഗവാനില്‍ ലയിക്കാം. ഇനിയും ഒരു നിമിഷം കൂടി വൈകിയാൽ ഈ സംസാരത്തിന്റെ മാലിന്യങ്ങൾ വീണ്ടും എന്റെ ഉള്ളിൽ കടന്നു കൂടിയേക്കാം. അതുകൊണ്ട്
ഇതില്‍ നിന്നും താഴേക്കു ഇറങ്ങുന്നതിന് മുമ്പുതന്നെ അങ്ങ് എന്നെ ഭക്ഷിച്ചാലും." ബ്രഹ്മരക്ഷസ്സിന് ഇതെല്ലാം കേട്ടപ്പോൾ അദ്ദേഹത്തെ തിന്നാനുള്ള ആവേശം കെട്ടടങ്ങി. ഭഗവാന്റെ ദര്‍ശനം ലഭിച്ച മനുഷ്യനെ കണ്ടപ്പോള്‍ ബ്രഹ്മ രക്ഷസ്സിന് അദ്ദേഹത്തെ തിന്നാന്‍ തോന്നിയില്ല. എത്രയോകാലം താന്‍ ബ്രഹ്മരക്ഷസ്സ് എന്നസ്ഥിതിയില്‍ പെട്ടുപോയല്ലോ എന്ന് പശ്ചാത്തപിച്ചു. അദ്ദേഹത്തെ കണ്ടത് മുജ്ജന്മ പുണ്യം കൊണ്ടാണെന്ന് തോന്നി. ബ്രഹ്മരക്ഷസ്സ് ചോദിച്ചു. " അങ്ങയെ കണ്ടത് എന്റെ മുജ്ജന്മ പുണ്യം കൊണ്ടാണ്. ഭഗവാന്റെ പ്രത്യക്ഷ ദര്‍ശനം ലഭിച്ച അങ്ങയുടെ പുണ്യത്തില്‍ കുറച്ചു ദാനമായി നല്‍കാമോ." ഇത് കേട്ട് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു." അങ്ങ് എന്നെ വധിക്കാതെ വിട്ടയച്ചതുകൊണ്ടാണ് ഇന്ന് എനിക്ക് ഭഗവാന്റെ മുന്നിൽ നിന്ന് പാടാൻ കഴിഞ്ഞത്. അതുകൊണ്ട് ആ പാട്ടിന്റെ പുണ്യം ഞാനിതാ അങ്ങയ്ക്കു നല്കുന്നു." ഇതു പറഞ്ഞു തീർന്നതും എത്രയോ കോടി ജന്മങ്ങളായി ചുറ്റിത്തിരിഞ്ഞു തളര്‍ന്നുപോയ ബ്രഹ്മരക്ഷസ്സിനു മോക്ഷം ലഭിച്ചു. ഇതാണ് ദൃഢമായ ഭക്തിയുടേയും, സത്സംഗത്തിന്റേയും മഹത്വം. എല്ലാവർക്കും ഇതുപോലെ ദൃഢമായ ഭക്തി ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ.....C&P
No comments:
Post a Comment