Sunday, April 07, 2019

എന്താണ്‌ സത്ത്‌?
സത്‌ കിം?
ശിഷ്യന്‍ ചോദിക്കുന്നു. 
"കാലത്രയേഭി യത്‌ തിഷ്‌ഠതി തത്‌ സത്‌."
മൂന്നുക്കാലത്തും മാറാതെ നിലനില്‍ക്കുന്നതെന്തോ അതിനെയാണ്‌ സത്ത്‌ എന്നു പറയുന്നത്‌. ഏതാണ്‌ മൂന്നുകാലം?
അനുഭവമണ്ഡലങ്ങളാണ്‌ മൂന്നുകാലങ്ങള്‍.
1.ജാഗ്രദ്‌-
ഇപ്പോള്‍ ഞാന്‍ കാണുന്നു,കേള്‍ക്കുന്നു,സ്‌പര്‍സിക്കുന്നു,ഘ്രാണിക്കുന്നു,
ഇങ്ങനെ നമ്മള്‍ ലോകത്തെ അനുഭവിക്കുന്നത്‌ ജാഗ്രദ്‌ അവസ്ഥ.
2.സ്വപ്‌നം-
നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുന്നു,
ഉണര്‍ന്നതിനു ശേഷം നമ്മള്‍ പറയുന്നു,ഞാന്‍ ഇന്നലെ ഒരു സ്വപ്‌നം കണ്ടു.
സ്വപ്‌നത്തെ മാറിനിന്ന്‌ നമ്മള്‍ കാണുകയായിരുന്നു.
അതുകൊണ്ടാണ്‌ നമ്മള്‍ക്ക്‌ പറയാന്‍ സാധിച്ചത്‌ ഞാന്‍ ഇന്നലെയൊരു സ്വപ്‌നം കണ്ടു എന്ന്‌. കാണുന്ന ദൃക്കും പിന്നെ ഒരു ദൃശ്യവും.
അവിടെയും ഒരു ഞാനുണ്ട്‌,സ്വപ്‌നം കണ്ട ഞാന്‍.
3.സുഷുപ്‌തി-
ഞാന്‍ ഒന്നും അറിഞ്ഞില്ല സുഖമായി ഉറങ്ങി.
ഇതും ഞാന്‍ അറിയുന്നു,ഞാനൊന്നും അറിഞ്ഞില്ല എന്നും ഞാനറിയുന്നു,
ഈ മൂന്ന്‌ അവസ്ഥയും അനുഭവിക്കുന്നു അറിയുന്നു.
ഇതിനെയാണ്‌ കാലത്രയം എന്നു പറയുന്നത്‌ മൂന്നു അനുഭവങ്ങള്‍.
ഈ മൂന്നു അനുഭവത്തെയാണ്‌ പുരാണത്തില്‍ ഭൂലോകം, സ്വര്‍ലോകം, പാതാളം എന്നു പറയുന്നത്‌.
ഭൂലോകം എന്നു പറഞ്ഞാല്‍ ജാഗ്രദ്‌ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു.
സ്വര്‍ലോകം സ്വപ്‌നാവസ്ഥയെ,
പാതാളം എന്നു പറഞ്ഞാല്‍ ഒരു വീഴ്‌ച്ചയാണ്‌ ഗാഢസുഷുപ്‌തി.
ഈ മൂന്നു ലോകവും ഞാന്‍ അറിയുന്നു അനുഭവിക്കുന്നുണ്ട്‌.
അതിനു മാറ്റമില്ല ആ ബോധമാണ്‌ പ്രപഞ്ചത്തിന്റെ മുഴുവന്‍ അസ്ഥിത്വവും അനുഭവമാക്കുന്നത്‌.
അതില്ലെങ്കില്‍ ഈ ലോകമില്ല,
ഈ മൂന്നു കാലങ്ങളില്‍,മൂന്നു അനുഭവങ്ങളില്‍ മാറാതെ യൊതൊന്നു നിലനില്‍ക്കുന്നു,
അതാണ്‌ സത്‌.
ഇത്‌ ശരീരവുമായി ബന്ധപ്പെട്ടതല്ല,
ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്നൊക്കെ പറയുന്ന ഞാന്‍ എന്ന ബോധമുണ്ട്‌. അതുതന്നെയാണ്‌ ഞാന്‍ ഒരു സ്വപ്‌നം കണ്ടു എന്നു പറയുന്നത്‌,
ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത്‌,
അനുഭവങ്ങള്‍ മാറുമ്പോഴും ഞാന്‍ മാറുന്നില്ല,
ആ സത്‌ എന്നു പറയുന്നത്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ കാരണമാണ്‌.
ഈ കാരണത്തെ അന്വേഷിക്കുകയാണ് വേണ്ടത്. ഈ അന്വേഷണ ജീവിതമാണ് അദ്ധ്യാത്മികത, ഇതാണ് ആത്മാന്വേഷണം. സ്വന്തം സത്തയെ കണ്ടെത്തുക. ഞാനും ഈ കാണുന്ന പ്രപഞ്ചവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന ബോധമാണ് വേണ്ടത്..
Raman Iyer

No comments: