'ശ്രീമദ് ഭഗവദ്ഗീത*
*415-ാം ദിവസം*
*അദ്ധ്യായം: പതിനൊന്ന്*
*വിശ്വരൂപം*
*ശ്ലോകം :54*
*ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോഽർജുന*
*ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരംതപ*
(കിം)തു - എന്നാൽ; അനന്യയാ - കാമ്യകർമ്മങ്ങളോ ജ്ഞാനമോ കലരാത്ത; ഭക്ത്യാ – ഭക്തികൊണ്ട്; പരംതപ - മഹാബാഹു; അർജുന - ഹേ അർജുനാ; ഏവംവിധം - ഇതുപോലുള്ള; അഹം - ഞാൻ; തത്ത്വേന - താത്ത്വികമായി; ജ്ഞാതും - അറിയപ്പെടാനും; ദ്രഷ്ടും ച -ദർശിക്കപ്പെടാനും; പ്രവേഷ്ടും ച - പ്രവേശിക്കപ്പെടാനും; ശക്യാ -സാദ്ധ്യനാണ്.
*വിവർത്തനം*
പ്രിയപ്പെട്ട അർജുനാ, എന്നിൽ ഏകാഗ്രമായ ഭക്തികൊണ്ട് മാത്രമേ എന്നെ ഇപ്പോൾ കാണുന്ന മട്ടിൽ നേരിട്ട് കാണാനും അറിയാനും സാധിക്കുകയുള്ള. ഈ മാർഗ്ഗത്തിൽക്കൂടി മാത്രമേ എന്റെ നിഗൂഢതയിലേക്ക് പ്രവേശിക്കാൻ കഴിയൂ.
*ഭാവാർത്ഥം:*
ഏകാഗ്രമായ ഭക്തിസാധനകൊണ്ടേ കൃഷ്ണനെ അറിയാൻ കഴിയൂ. ഊഹാപോഹപ്രക്രിയകൊണ്ട് ഭഗവദ്ഗീത മനസ്സിലാക്കാൻ ശ്രമിക്കുന്ന ആധികാരികത്വമില്ലാത്ത വ്യാഖ്യാതാക്കൾ വൃഥാ, സമയം പാഴാക്കുകയാണെന്ന് അവരെ അറിയിക്കുകയത്രേ ഈ ശ്ലോകത്തിലൂടെ ഭഗവാൻ ചെയ്യുന്നത്. കൃഷ്ണൻ ആരെന്നോ അവിടുന്ന് ചതുർഭുജനായി പ്രത്യക്ഷപ്പെടുകയും പിന്നീട് ദ്വിഭുജരൂപം കൈക്കൊള്ളുകയും ചെയ്തതെങ്ങനെയെന്നോ ആർക്കും അറിയാൻ സാധിക്കുകയില്ല. വേദാന്തചിന്തകൊണ്ടോ വേദപഠനംകൊണ്ടോ ഇതറിയാനാവില്ല. അതിനാലാണ് ആർക്കും കൃഷ്ണനെ കാണാനോ ഈ വസ്തുതകൾ ഗ്രഹിക്കാനോ കഴിയില്ലെന്ന് ഇവിടെ തീർത്തു പറയുന്നത്. വൈദികസാഹിത്യത്തിൽ നിന്ന് ഉത്കൃഷ്ടമായ അറിവ് നേടിയവർക്ക് കൃഷ്ണനെപ്പറ്റി പല വിധത്തിലും മനസ്സിലാക്കാം. അതിന് നിബന്ധനകൾ പലതുമുണ്ട്. കൃഷ്ണനെക്കുറിച്ച് അറിയേണ്ടവർ വൈദികഗ്രന്ഥ ങ്ങളിലുള്ള ആധികാരികമായ നിബന്ധനകളെല്ലാം അനുസരിക്കണം, തദനുസൃതമായ തപസ്സനുഷ്ഠിക്കണം. ഉദാഹരണമായി, ശരിക്കും തപസ്സ് ചെയ്യാനുദ്ദേശിക്കുന്ന ഒരാൾ കൃഷ്ണൻ അവതരിച്ച നാളിലും (ജന്മാഷ്ടമി നാളിലും) രണ്ടു ഏകാദശി നാളുകളിലും ഉപവസിക്കണം. ദാനം, ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിക്കുന്ന ഭക്തജനങ്ങൾക്ക് നൽകേണ്ടതാണ്. മനുഷ്യരാശിക്ക് ഒരനുഗ്രഹമത്രേ കൃഷ്ണാവബോധം. അതിപ്രയത്നംകൊണ്ട് മാത്രം നേടാനാവുന്ന കൃഷ്ണഭക്തിയെ ഉദാരമായി വിതരണംചെയ്തതുപോന്ന ചൈതന്യ മഹാപ്രഭുവാണ് ഏറ്റവുമധികം ദാനശീലനായ വ്യക്തിയെന്ന് രൂപഗോസ്വാമി പറയുന്നുണ്ട്. കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നവർക്ക് അതിന് ഉതകുംവിധം ധനം നൽകുകയാണ് ലോകത്തിൽ ഏറ്റവും മഹത്തായ ദാനം. വിധിപ്രകാരമുള്ള ക്ഷേത്രാരാധനയും (ഇന്ത്യയിൽ ധാരാളം കൃഷ്ണക്ഷേത്രങ്ങളും വിഷ്ണു ക്ഷേത്രങ്ങളുമുണ്ട്) ഭഗവത് സേവനത്തിലൂടെ ആത്മീയപുരോഗതി നേടാനുള്ള ഒരു വഴിയാണ്. ഭക്തിസാധനയുടെ ആദ്യഘട്ടത്തിൽ അത്യാവശ്യമായ ഒന്നാണ് ക്ഷേത്രദർശനവും ആരാധനയും. ശ്വേതാശ്വതരോപനിഷത്ത് (6.23) ഇങ്ങനെ പറയുന്നു.
യസ്യദേവേ പരാഭക്തിർ യഥാദേവേ തഥാ ഗുരൗ
തസ്യൈതേ കഥിതാഹ്യർഥാഃ പ്രകാശന്തേ മഹാത്മനഃ
"ഗുരുവിലും കൃഷ്ണനിലും അചഞ്ചലമായ വിശ്വാസമുള്ളവനും അങ്ങനെയുള്ള ഗുരുവിനാൽ നയിക്കപ്പെടുന്നവനുമായ ഒരാൾക്ക് പരമദിവ്യോത്തമപുരുഷന്റെ ദർശനമുണ്ടാകും”. മാനസിക വ്യായാമങ്ങൾകൊണ്ട് ആർക്കും കൃഷ്ണനെ മനസ്സിലാക്കാൻ കഴിയില്ല. വിശ്വാസ്യനായൊരു ആത്മീയഗുരുവിന്റെ മേൽനോട്ടത്തിലുള്ള പരിശീലനം ലഭിക്കാതെ കൃഷ്ണനെ മനസ്സിലാക്കുവാൻ ആരംഭിക്കുന്നതു പോലും ദുഷ്കരമാണ്. 'തു' എന്ന പദംകൊണ്ട് ഇതിന് മറ്റൊരു പ്രകിയ ഉപയുക്തമല്ലെന്നും ഒരിക്കലും വിജയത്തിലെത്തിക്കുകയില്ലെന്നും ഊന്നിപ്പറയുന്നു.
കൃഷ്ണന്റെ വ്യക്തിരൂപങ്ങൾ ദ്വിഭുജങ്ങളായാലും ചതുർഭുജങ്ങളായാലും അർജുനന് താത്ക്കാലികമായി പ്രത്യക്ഷമായ വിശ്വരൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വിശ്വരൂപം ക്ഷണികമെന്നിരിക്കെ മറ്റു രണ്ടു രൂപങ്ങളും ശാശ്വതങ്ങളും അതീന്ദ്രിയങ്ങളുമത്രേ. വിശ്വരൂപം ആരും കണ്ടിട്ടില്ലെന്ന് സുദുര്‍ദർശമെന്ന വാക്ക് സൂചിപ്പിക്കുന്നു. മാത്രമല്ല, ഭക്തന്മാർക്ക് അത് കാണേണ്ട ആവശ്യമില്ലെന്നും ഭാവിയിൽ സ്വയം അവതാരപുരുഷരെന്ന് ഭാവിക്കുന്നവരോട് ജനങ്ങൾക്ക് വിശ്വരൂപം കാട്ടിത്തരണമെന്ന് ആവശ്യപ്പെടാൻ കഴിയണമെന്നും ഉദ്ദേശിച്ചാണ് അർജുനന്റെ അപേക്ഷപ്രകാരം കൃഷ്ണൻ ആ രൂപം പ്രത്യക്ഷപ്പെടുത്തിയത്.
മുൻ ശ്ലോകത്തിൽ ‘ന’ എന്ന പദം പലവുരു ഉപയോഗിച്ചിട്ടുണ്ട്. വൈദികസാഹിത്യത്തിൽ പണ്ഡിതോചിതമായ പരിജ്ഞാനം പോലുള്ള ബഹുമതികൾ നേടിയതുകൊണ്ട് ആരും ഗർവിഷ്ഠരായിക്കൂടാ എന്നാണത് സൂചിപ്പിക്കുന്നത്. ഭക്തിപൂർവ്വം കൃഷ്ണനെ സേവിക്കുകയാണ് ആവശ്യം. എന്നിട്ട് മതി, ഭഗവദ്ഗീതയ്ക്ക് ഭാഷ്യങ്ങളെഴുതാനുള്ള യത്നം ആരംഭിക്കാൻ.
വിശ്വരൂപം മറച്ച്, പിന്നീട് കൃഷ്ണൻ ചതുർഭുജനായ നാരായണരൂപവും ഒടുവിൽ ദ്വിഭുജനായ സ്വരൂപവും കൈക്കൊള്ളുന്നുണ്ട്. വൈദികസാഹിത്യത്തിൽ പറയപ്പെടുന്ന ചതുർഭുജരൂപങ്ങളും മറ്റും ആദിമമായ ദ്വിഭുജ കൃഷ്ണരൂപത്തിൽ നിന്ന് ഉദ്ഭവിച്ചവയാണെന്ന് ഇതിൽ നിന്ന്‍ മനസ്സിലാക്കാം. എല്ലാ ആവിർഭാവങ്ങളുടേയും ഉറവിടമാണ് കൃഷ്ണൻ. ഈ രൂപങ്ങളിൽ നിന്നുപോലും വ്യത്യസ്തനത്രേ കൃഷ്ണൻ. നിർഗുണാകാരത്തെക്കുറിച്ച് പറയേണ്ടതുമില്ല. ചതുർഭുജ കൃഷ്ണരൂപങ്ങളെ സംബന്ധിച്ചിടത്തോളം, കൃഷ്ണന്റെ സമാനചതുർഭുജരൂപം (അസംഖ്യം പ്രപഞ്ചങ്ങൾ ശ്വാസോച്ഛാസത്തിലൂടെ ഉൾവലിച്ചും വെളിയിൽ വരുത്തിയും കൊണ്ട് മഹാവിഷ്ണു എന്നറിയപ്പെടുന്ന ഗർഭോദകശായി)പോലും പരമപുരുഷന്റെ രൂപവിസ്തരണമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മസംഹിത (5.48) പറയുന്നു.
യസ്യൈക നിശ്വസിത കാലമഥാവലംബ്യ
ജീവന്തി ലോമവിലജാ ജഗദണ്ഡനാഥാഃ
വിഷ്ണുർമഹാൻ സ ഇഹ യസ്യ കലാവിശേഷോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി
"ആര് ശ്വാസോച്ഛ്വാസങ്ങളാൽ അസംഖ്യം പ്രപഞ്ചങ്ങളെ ഉൾക്കൊള്ളുകയും വെളിപ്പെടുത്തുകയുംചെയ്യുന്നുവോ , അങ്ങനെയുള്ള മഹാവിഷ്ണു ആരുടെ സമഗ്രവിസ്തരണമാണോ, ആദിപുരുഷനായ ആ ഗോവിന്ദനെ, കൃഷ്ണനെ ഞാൻ ഭജിക്കുന്നു.” അതുകൊണ്ട് കൃഷ്ണന്റെ വ്യക്തിരൂപത്തെ സച്ചിദാനന്ദമൂർത്തിയായ ഭഗവാനെന്ന നിലയിൽ ആരാധിക്കുകയാണ് വേണ്ടതെന്ന് വ്യക്തം. അദ്ദേഹമാണ് വിഷ്ണു മൂർത്തിഭേദങ്ങളുടേയും എല്ലാ അവതാരങ്ങളുടേയും ഉറവിടവും ആദി പുരുഷനുമെന്ന് ഭഗവദ്ഗീത സ്ഥിരീകരിക്കുന്നു.
ഗോപാലതാപന്യൂപനിഷത്ത് (1.1),
സച്ചിദാനന്ദരൂപായ കൃഷ്ണായാക്ലിഷ്ടകാരിണേ
നമോ വേദാന്തവേദ്യായ ഗുരുവേ ബുദ്ധിസാക്ഷിണേ
"സച്ചിദാനന്ദമയമായ ദിവ്യരൂപമുള്ളവനായ കൃഷ്ണനെ ഞാൻ പ്രണമിക്കുന്നു. അദ്ദേഹത്തെ അറിയുന്നതാണ് വേദജ്ഞാനം. അദ്ദേഹമാണ് പരമഗുരു”. ‘കൃഷ്ണോവൈ. പരമം ദൈവതം’ (പരമദൈവം കൃഷ്ണനാകുന്നു.) ‘ഏകോ വശീ സർവഗഃ കൃഷ്ണ ഈഡ്യഃ അങ്ങനെയുള്ള കൃഷ്ണനാണ് ആരാധ്യനായ പരമദിവ്യോത്തമപുരുഷൻ. ‘ഏകോഽപി സാൻ ബഹുധാ യോവഭാതി’ (കൃഷ്ണൻ ഒരാളേയുള്ളവെങ്കിലും നാനാ രൂപങ്ങളായും അവതാരങ്ങളായും പല വിധം കാണപ്പെടുന്നു) എന്ന് ഗോപാലതാപന്യുപനിഷത്ത് (1.3, 1.21)
ബ്രഹ്മസംഹിത (5.1) ഇപ്രകാരം പറയുന്നു.
ഈശ്വരഃ പരമഃ കൃഷ്ണഃ സച്ചിദാനന്ദ വിഗ്രഹഃ
അനാദിരാദിർഗോവിന്ദഃ സർവകാരണകാരണം
"സച്ചിദാനന്ദമൂർത്തിയായ കൃഷ്ണനത്രേ പരംപുരുഷൻ. എല്ലാറ്റിനുമാദിയായ അദ്ദേഹം അനാദിയും ഏതൊരു കാരണത്തിനും കാരണവുമാണ്."
‘യത്രാവതീർണം കൃഷ്ണാഖ്യം പരംബ്രഹ്മനരാകൃതിഃ’ എന്ന് മറ്റൊരിടത്തു പറയുന്നു. "പരമസത്യം ഒരു വ്യക്തിയാണ്. കൃഷ്ണനെന്ന് പേരുള്ള അദ്ദേഹം ചിലപ്പോൾ ഭൂമിയിൽ അവതരിക്കുന്നു." ഭാഗവത ത്തിലും പല രൂപങ്ങളിലുള്ള അവതാരങ്ങളെപ്പറ്റി വിവരിക്കുന്നതിനിടയിൽ കൃഷ്ണനെപ്പറ്റിയും പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ കൃഷ്ണൻ ഒരു അവതാരമല്ല, ആദിമനായ പരമപുരുഷൻ, സ്വയം ഭഗവാൻ തന്നെയെന്നും ഭാഗവതം എടുത്തു പറയുന്നു. ‘ഏതേ ചാംശകലാ പുംസഃ കൃഷ്ണസ്തു ഭഗവാൻ സ്വയം’.
ഭഗവദ്ഗീതയിൽ ഭഗവാൻ ‘മത്തഃ പരതരം നാന്യത്’ എന്നാണ് പറയുന്നത്. "കൃഷ്ണരൂപിയായ എന്നേക്കാൾ ശ്രേഷ്ഠനായി ആരുമില്ല." അഹമാദിർഹിദേവാനാം "എന്നിൽ നിന്നാണ് ദേവന്മാരുടെ ഉദ്ഭവം" എന്നും അദ്ദേഹം പറയുന്നു. കൃഷണനിൽ നിന്ന് ഭഗവദ്ഗീത കേട്ടശേഷം അർജുനനും ഇങ്ങനെയാണ് പ്രഖ്യാപിക്കുന്നത്. ‘പരം(ബഹ്മ പരംധാമ പവിത്രം പരമം ഭവാൻ’ "പരമപുരുഷനും പരമാശ്രയവും പര മസത്യവും അങ്ങു തന്നെ എന്ന് ഞാനിപ്പോൾ പൂർണ്ണമായും മനസ്സിലാക്കുന്നു." ഈ നിലയിൽ അർജുനനു കാണിച്ച വിശ്വരൂപമല്ല മൗലിക മായ ഐശ്വരാകാരം. സാക്ഷാൽ കൃഷ്ണന്റെ മൗലികരൂപമാണ് ആ ഐശ്വരാകാരം. അനേകായിരം തലകളും കൈകളുമുള്ള ആ മഹത്തായ വിശ്വരൂപം ഭഗവാനിൽ പ്രേമമില്ലാത്തവരുടെ ശ്രദ്ധയെ ആകർഷിക്കുവാൻ വേണ്ടിമാത്രം വെളിപ്പെടുത്തിയതാണ്. ഇത് ഭഗവാന്റെ യഥാർത്ഥ മായ രൂപമല്ല.
ഭഗവാനുമായി നാനാവിധത്തിൽ ദിവ്യപ്രേമംകൊണ്ട് ബന്ധപ്പെട്ടവർക്ക് വിശ്വരൂപം ആകർഷകമായി അനുഭവപ്പെടില്ല. തന്റെ മൗലികമായ കൃഷ്ണാകൃതിയോടെയാണ് ഭഗവാൻ ദിവ്യപ്രേമത്തെ കൈക്കൊള്ളുന്നതും കൊടുക്കുന്നതും. തന്മൂലം കൃഷ്ണണനുമായി അത്രയുമധികം അടുത്ത സൗഹൃദബന്ധമുണ്ടായിരുന്ന അർജുനന് ഈ വിശ്വവ്യാപ്തമായ രൂപം സന്തുഷ്ടിയുളവാക്കിയില്ല എന്നുമാത്രമല്ല, ഭീകരമായിതാനും. എന്നെന്നും കൃഷ്ണന്റെ സുഹൃത്തായിരുന്ന അർജുനന് അതീന്ദ്രിയദൃഷ്ടി കൈവന്നിരിക്കണം. ഒരു സാധാരണ മനുഷ്യനായിരുന്നില്ല അർജുനൻ. അതുകൊണ്ട് അദ്ദേഹം വിശ്വരൂപത്താൽ ആകർഷിതനുമായില്ല. ഫലോദ്ദിഷ്ടകർമ്മങ്ങളാൽ സ്വയം ഉന്നതി നേടുന്നതിൽ താത്പര്യമുള്ളവർക്ക് ആശ്ചര്യകരമാവാം, വിശ്വരൂപം. ഭക്തിപരമായ ഭഗവത്സേവനത്തിൽ ഏർപ്പെട്ടവർക്കാകട്ടെ, ദ്വിഭുജമായ കൃഷ്ണന്റെ രൂപം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്.
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
C&P
No comments:
Post a Comment