Saturday, April 13, 2019

അമൃതവചനം*

 *ഭൗതികത +ആദ്ധ്യാൻമികത=സനാതനധർമ്മം*

ഭൗതികതയെയും ആദ്ധ്യാത്മികതയെയും പരസ്പര വിരുദ്ധമായി സനാതനധർമ്മം കാണുന്നില്ല. ആദ്ധ്യാത്മികതയുടെ പേരിൽ അതു ഭൗതികതയെയും ലോകജീവിതത്തെയും തിരസ്‌കരിക്കുന്നില്ല, മറിച്ച്‌ *ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു അതു പഠിപ്പിക്കുന്നു.* ഭൗതികശാസ്ത്രങ്ങളും കലകളും പോലും ആദ്ധ്യാത്മികതയുടെ അടിത്തറയിലാണു ഋഷീശ്വരന്മാർ പടുത്തുയർത്തിയത്. അവയെപ്പോലും പരമസത്യത്തിലേക്കുള്ള പടവുകളായി കണ്ട ഋഷീശ്വരന്മാർ ആത്യന്തികമായി ഈശ്വരനിലേക്കു നയിക്കുന്ന വിധമാണ് അവയെ ആവിഷ്‌കരിച്ചത്.

അങ്ങനെ അനേകമനേകം ശാസ്ത്രങ്ങൾ ഭാരതത്തിൽ വികാസം പ്രാപിച്ചു. ഭാഷാശാസ്ത്രം, തച്ചുശാസ്ത്രം വാസ്തുശാസ്ത്രം, ജ്യോതിശ്ശാസ്ത്രം , ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, അർത്ഥശാസ്ത്രം (രാജനീതി, സാമ്പത്തികം), നാട്യശാസ്ത്രം, സംഗീതശാസ്ത്രം, കാമശാസ്ത്രം, നാഡീശാസ്ത്രം, തർക്കശാസ്ത്രം ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര ശാസ്ത്രശാഖകൾ ഇവിടെ വികാസം പ്രാപിച്ചു. *മനുഷ്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു മേഖലയെയും സനാതനധർമ്മം നിഷേധിക്കുന്നില്ല.* എല്ലാ ശാസ്ത്രങ്ങളെയും കലകളെയും പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണ് ഇവിടെ നിലനിന്നിരുന്നത്.

മാതാ അമൃതാനന്ദമയി ദേവി 

No comments: