Thursday, April 04, 2019

'നിങ്ങൾ‍ ബുദ്ധികൊണ്ടുമാത്രം ഗ്രഹിക്കുന്നത്, ഒരു പുതിയ യുക്തികൊണ്ട് തകിടംമറിഞ്ഞെന്നു വരാം. എന്നാൽ നിങ്ങൾ‍ സാക്ഷാല്‍ക്കരിക്കുന്നത് എന്നും നിങ്ങളുടേതുതന്നെ. സകല ജീവജാലങ്ങളുടെയും പിന്നിൽ‍ ഈശ്വരനെ പ്രതിഷ്ഠിക്കുക. സ്നേഹവും ഭക്തിയും ഈശ്വരനോടാകട്ടെ!, അഥവാ ഈശ്വരനിലൂടെയാകട്ടെ!''
(വിവേകാനന്ദസ്വാമികൾ‍)

സ്നേഹബന്ധങ്ങൾ‍ ചിന്താപരം ആകുമ്പോൾ‍ അത് സ്വാർത്ഥചിന്തകൾകൊണ്ടു നശിച്ചുപോകുന്നു.    എന്നാൽ അനുഭൂതിപരമാകുമ്പോഴാകട്ടെ ബന്ധങ്ങൾ‍ക്ക് നിലനില്‍ക്കാൻ‍ വാക്കുകളുടെ കെട്ടുറപ്പും വിശദീകരണങ്ങളും ഒന്നും വേണ്ടിവരുന്നില്ല! സകലതിനും പിന്നിൽ‍ ഈശ്വരനെ അനുഭവിക്കുവാനായാൽ‍ സ്നേഹത്തിന്‍റെ തുടർച്ച മുറിയാത്ത ആ അനുഭൂതിയിൽ‍ ചിന്തകളുടെ തെറ്റിദ്ധാരണകൾ‍ അകന്നുപോകുന്നു! ഈശ്വരനെ നാം അറിയുന്നത് ചിന്തകൊണ്ടല്ല, അനുഭൂതിയിലാണ്. ദമ്പതികളാകട്ടെ സുഹൃത്തുക്കളാകട്ടെ എല്ലാ ബന്ധങ്ങളും ഈശ്വരീയംതന്നെ. പക്ഷേ നാം ചിന്തിക്കുന്നത് ശരീരത്തെ കുറിച്ചാണെങ്കിൽ സ്നേഹം ശരീരപരമാകുന്നു! ശരീരമെന്നത് നശിക്കുന്നതാകയാൽ നാം സ്നേഹിക്കുന്നത് സത്യത്തെയല്ല, നിത്യതയെയല്ല! ചിന്തയും ശരീരവും ഉപാധി മാത്രമാണ്!  എന്നതിനാൽ അതിലപ്പുറം എന്തുണ്ടെന്നതാണ് ഈശ്വരീയമായ അനുഭൂതി!  ചിന്തയും ശരീരവും മാറിക്കൊണ്ടിരിക്കുന്നു.  അപ്പോഴും മാറാതെയൊന്നുണ്ട്.  സ്നേഹവും ഭക്തിയും അനുഭൂതിയാകുന്നത് അവിടെയാണ് !  നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന ചിന്തകളുടെയും യുക്തിയുടെയും ഓർമ്മകളുടെയും പിൻബലത്തിലുള്ള മറ്റു ബന്ധങ്ങളൊന്നും നിത്യമല്ല!  
ഓം....krishnakumar kp

No comments: