*കനകധാരാസഹസ്രനാമം വ്യാഖ്യാനം*.

*ഓം കനകധാരാദേവ്യൈ നമഃ*

*

ധ്യാനശ്ലോകം*


*അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ*
*ഭൃംഗാങ്ഗനേവ മുകുളാഭരണം തമാലം*
*അംഗീകൃതാഖിലവിഭൂതിരപാങ്ഗലീല*
*മംഗല്യദാസ്തു മമ മംഗലദേവതായാഃ*

*

ശ്ലോകം 91*


*പ്രധാനേശീ പ്രജാദ്ധ്യക്ഷാ പ്രജ്ഞാനഘനരൂപിണീ*
*പ്രഥിതാ പ്രത്യക്ചിതീരൂപാ പശുപാശവിമോചിനീ*


*455. പ്രധാനേശീ*


ശ്യാമളാദേവിയുടെ പതിനാറു മുഖ്യ നാമങ്ങളിൽ ഏഴാമത്തേത്. പ്രധാനന്മാരുടെ മേലധികാരിണി. രാഷ്ട്രതന്ത്രത്തിലെ ഒരു സാങ്കേതികസംജ്ഞയാണു പ്രധാനൻ. മന്ത്രിമാരെ സഹായിക്കുന്ന ഭരണാധിപൻ. ഇന്നത്തെ വകുപ്പദ്ധ്യക്ഷന്മാരുടെ സ്ഥാനമാണ് പണ്ട് പ്രധാനന്മാർക്കുണ്ടായിരുന്നത്. സചിവേശാനീ പ്രധാനേശിയും ആയാലേ ഭരണം നടക്കൂ.


*456. പ്രജാദ്ധ്യക്ഷാ*


പ്രജാദ്ധ്യക്ഷൻ എന്നതും പ്രാചീനരാഷ്ട്രതന്ത്രത്തിലെ ഒരു സാങ്കേതികസംജ്ഞയാണ്. ജനങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കൂട്ടം കൂടി ചർച്ച ചെയ്തു തീരുമാനിക്കുമ്പോൾ അദ്ധ്യക്ഷസ്ഥാനത്തിരുന്നു നടപടികൾ നിയന്ത്രിക്കുന്ന രാജപ്രതിനിധിയാണ് പ്രജാദ്ധ്യക്ഷൻ . ശക്തി സാമ്രാജ്യത്തിലെ സചിവേശാനിയും പ്രധാനേശിയുമായ ദേവി പ്രജാദ്ധ്യക്ഷയുമാണ്.


*457. പ്രജ്ഞാനഘനരൂപിണീ*


പ്രജ്ഞാനഘനം രൂപമായവൾ. പ്രകൃഷ്ടമായ - ശ്രേഷ്ഠമായ ജ്ഞാനം പ്രജ്ഞാനം. നിരന്തരമായ സംശയലേശമില്ലാത്ത എന്ന അർത്ഥത്തിലാണ് ഘനം എന്ന പ്രയോഗം. നിരന്തരമായ പ്രജ്ഞാനമെന്നു പറയുമ്പോൾ അവിദ്യാസ്പർശമില്ലാത്ത ശുദ്ധജ്ഞാനം എന്നർത്ഥം. ആ ജ്ഞാനം രൂപമായവൾ. "പ്രജ്ഞാനം ബ്രഹ്മ " എന്നു മഹാവാക്യം. അത് നിർദ്ദേശിക്കുന്ന ശുദ്ധജ്ഞാനം രൂപമായവൾ , പരാശക്തി.


*458. പ്രഥിതാ*


പ്രശസ്തയായവൾ, കീർത്തിമതി. പ്രഥിത എന്നതിന് വർദ്ധിച്ച, വ്യാപിച്ച എന്നും അർത്ഥം. ഈ അർത്ഥം സ്വീകരിച്ചാൽ വ്യാപനശീലനായ വിഷ്ണുവായി രൂപംപൂണ്ടവൾ എന്നും വ്യാഖ്യാനിക്കാം. പ്രഥിത എന്നതിന് താത്പര്യമുള്ള എന്നും അർത്ഥം പറയാം. ഈ അർത്ഥം സ്വീകരിച്ചാൽ തൻറെ ഭക്തർക്ക് ഇഹപരലോകങ്ങളിൽ സുഖം നൽകാൻ താത്പര്യമുളളവൾ എന്നർത്ഥം.


*459. പ്രത്യക്ചിതീരൂപാ*


പ്രത്യക്കായ ചിത്ത് രൂപമായവൾ. ഒന്നുമായി കൂടിച്ചേരാത്ത അവ്യക്തതമായ ചിത്ത് രൂപമായവൾ. ശുദ്ധജ്ഞാനമാണ് ചിത്ത്. അതുതന്നെയാണ് ബ്രഹ്മം. അതിന് നാമരൂപങ്ങളോ ഉത്പത്തിനാശങ്ങളോ ഇല്ല. അന്തർമുഖമായ ബ്രഹ്മമാണ് പ്രതീചി. അതു ചിത്തുമായി ചേരുമ്പോൾ അവ്യക്തബ്രഹ്മമായി. അതിനെയാണ് പ്രത്യക്ചിതി എന്ന് പറയുന്നത്. പ്രത്യക്ചിതി രൂപമായവൾ.


*460. പശുപാശവിമോചിനീ*


പശുക്കളെ പാശങ്ങളിൽ നിന്നു മോചിപ്പിക്കുന്നവൾ എന്ന് പദാർഥം. ആത്മജ്ഞാനം ലഭിച്ചിട്ടില്ലാത്ത ജീവനെയാണ് പശു എന്ന് പറയുന്നത്. ആ ജീവനെ ലോകവുമായി ബന്ധിക്കുന്ന മായാജന്യമായ കാമം തുടങ്ങിയവ പാശങ്ങൾ. ആ പാശങ്ങളിൽ നിന്നുള്ള മോചനമാണ് മുക്തി. ജീവന്മാർക്ക് മുക്തി നൽകുന്നവൾ പശുപാശവിമോചിനി.

ഹരി ഓം
( തുടരും)
കടപ്പാട് : ഡോ . ബി. സി. ബാലകൃഷ്ണൻ
✍ കൃഷ്ണശ്രീ
No comments:
Post a Comment