Saturday, April 13, 2019

ദക്ഷിണാമൂർത്തി 
-------------------------
              

         ഗുരുവിനെ പൂർണ്ണ വസ്തുവായി കാണുന്ന ഗുരു തത്ത്വമാണ് ദക്ഷിണാമൂർത്തി തത്ത്വം. ഇത് മനസ്സിലാകാനുള്ള കാര്യമല്ല. കാരണം, ഈ പറഞ്ഞതൊക്കെയും അലൗകിക ഭാഷയാണ്, ആകാശഗംഗയാണ്, ഭൂസ്പർശം ഇല്ലാത്തതാണ്. അതിനെ അങ്ങനെ ഗ്രഹിച്ചാൽ നാം അനുഗ്രഹീതരാണ്.

          ശിവനെ ശങ്കരൻ എന്ന് വിളിക്കുമ്പോൾ ദക്ഷിണാമൂർത്തി എന്നാണ് അർത്ഥം. 
''ശം കരോതി ഇതി ശങ്കര:''
സദാശിവൻ, ശിവൻ, ശങ്കരൻ എന്നീ നാമങ്ങൾ ജ്ഞാന സംബന്ധമായിട്ടാണ് ഉപയോഗിക്കുന്നത് . അത് അനുഗ്രമാണ് , ശാന്തമാണ്. വേദത്തിൽ രുദ്രൻ എന്ന് വിളിക്കുന്നുണ്ട്; എന്നാൽ അത് ഉഗ്രരൂപമാണ്. 

            ജ്ഞാനസ്വരൂപനായ ദക്ഷിണാമൂർത്തിയെ ഭഗവത്പാദർ ഈ ആശയത്തിന് വേണ്ടി ഹൃദയത്തിൽ വച്ചു. ഒരു മുമുക്ഷു ആത്മ ജ്ഞാനത്തിനായി ഉപാസകാർത്ഥം ശിവനെ  എങ്ങനെ ഉപാസിക്കണം എന്ന ചോദ്യത്തിന് ആചാര്യസ്വാമികൾ പറയുന്നു. 

''ഉപാസകാനാം യത് ഉപാസനീയം
ഉപാസ്ഥവാസം വടശാഖി മൂലേ''

           വടവൃക്ഷ ചുവട്ടിലിരിക്കുന്ന ദക്ഷിണാമൂർത്തിയുടെ രൂപത്തിൽ ഉപാസിക്കണം. തിരുവണ്ണാമലയിൽ രമണാശ്രമത്തിന് സമീപത്തായി ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു മൂർത്തിയുണ്ട്. ഉള്ളിൽ വിരിയുന്ന ആനന്ദം പതുക്കെ പുറമേയ്ക്ക് പൊങ്ങി വരുന്ന പോലെ മന്ദഹസിച്ച് സമാധി സ്ഥിതിയിലിരിക്കുന്ന ഒരു മൂർത്തിയാണ്. ആ രൂപത്തെ ഉള്ളിൽ ധ്യാനിക്കേണ്ടിയിരിക്കുന്നു.

        രോഗങ്ങൾ വരുമ്പോൾ ആയുർവേദക്കാർ പറയും അതിന് മരുന്നായി കീഴാർനെല്ലി, കുറുന്തോട്ടി, വനസ്പതി എന്നീ ഔഷധികൾ എന്ന്. അതുപോലെ സംസാരരോഗം വരുമ്പോൾ ആരെന്നെ കരകയറ്റും എന്ന് അന്വേഷിക്കുമ്പോൾ 

''ദാക്ഷിണ്യ ദുഷാസ്വ മൂർത്ത്യാ
ജാഗർത്തു ചിത്തേ മമ ബോധരൂപം''

    എന്റെ ഹൃദയത്തിൽ ജാഗർത്തു, ഉദിച്ചു വരട്ടെ എന്ന്. പ്രകാശിക്കട്ടെ എന്ന്. എന്താണ് പ്രകാശിക്കേണ്ടത് ? ആ മൂർത്തി..!!. ദാക്ഷണ്യ ജുഷാസ്വ മൂർത്തി. കരുണയോടെ എന്നെ അനുഗ്രഹിച്ചു കൊണ്ട് എന്റെ ഹൃദയത്തിൽ ബോധസ്വരൂപമായി ആത്മ സ്വരൂപമായി ഉണരട്ടെ എന്ന്.
                                     (

കടപ്പാട്: നൊച്ചൂര്‍ജീയുടെ പ്രഭാഷണങ്ങള്‍

No comments: