ദഹരാധികരണം തുടരുന്നു. ദഹരശബ്ദം പരമാത്മാവിനെ തന്നെയാണ് കുറിക്കുന്നതെന്ന് വീണ്ടും സൂത്രങ്ങളിലൂടെ വിവരിക്കുന്നു.
സൂത്രം- പ്രസിദ്ധേശ്ച
പ്രസിദ്ധിയുള്ളതിനാലും ദഹരാകാശം ബ്രഹ്മം തന്നെയാണ്.
ആകാശം എന്ന ശബ്ദം ബ്രഹ്മത്തിന്റെ പര്യായമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ അത് പ്രസിദ്ധമാണ്. അതിനാല്‍ ദഹരാകാശം ബ്രഹ്മം തന്നെയാണ്.
ദഹര ശബ്ദം ബ്രഹ്മ വാചകമാണ്.
ശ്രുതികളില്‍ ആകാശത്തെ ബ്രഹ്മവാചകമായി ഉപയോഗിച്ചിട്ടുണ്ട്. ഛാന്ദോഗ്യോപനിഷത്തില്‍
'ആകാശോ വൈ നാമ രൂപയോ നിര്‍വഹിതാ.'
'സര്‍വാണി ച ഭൂതാനി ആകാശാദേവ സമുദ്പദ്യ ന്തേ'
ഇത് പോലെ പലയിടത്തും ശ്രുതി ആകാശം ബ്രഹ്മം തന്നെയെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിനാലും ദഹരാകാശം ബ്രഹ്മമാണ്.
'കോ ഹ്യേവാന്യാല്‍ ക: പ്രാണ്യാത് യദേഷ ആകാശ ആനന്ദോ ന സ്യാത് ' ഈ ആകാശമാകുന്ന പരമാത്മാവ് ആനന്ദമയമല്ലെങ്കില്‍ ആരാണ് ജീവിക്കുക? എന്നതില്‍ ഈ വസ്തുതയെ കാണാം.
'സര്‍വ്വാണി ഹ വാ ഇമാനി ഭൂതാന്യാ
കാശാദേവ സമുത്പദ്യന്തേ' എല്ലാ ജീവജാലങ്ങളും ആകാശത്തില്‍ നിന്ന് ഉണ്ടാകുന്നു. ഇവിടേയും ആകാശം എന്നാല്‍ പരമാത്മാവ് തന്നെയാണ്. ഇത്തരത്തില്‍ ശ്രുതിയില്‍ പലയിടത്തും പറയുന്നതിനാല്‍ ദഹര ശബ്ദം ബ്രഹ്മ വാചകമാണ്.
സൂത്രം- ഇതര പരാമര്‍ശാത് സ ഇതി ചേന്നാസംഭവാത്
പരമാത്മാവില്‍ നിന്ന് ഇതരനായ ജീവനെ പരാമര്‍ശിക്കുന്നതിനാല്‍ അവനാണ് എന്ന് പറയുകയാണെങ്കില്‍ അങ്ങനെയല്ല. പിന്നീടുള്ള വിശേഷണങ്ങള്‍ ജീവന് സംഭവിക്കാത്തതു കൊണ്ട്.
ഈ സൂത്രത്തില്‍ പൂര്‍വപക്ഷവും അതിനുള്ള സമാധാനവും പറയുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ 'അഥ യ ഏഷ സംപ്രസാദോസ്മാച്ഛരീരാത്...ആത്മ' എന്നതില്‍ സംപ്രസാദനായ ജീവന്‍ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന് പരമമായ ജ്യോതിസ്സിനെ പ്രാപിച്ച് സ്വന്തം രൂപത്തില്‍ പ്രകാശിക്കുന്നു.
ഇവിടെ സംപ്രസാദന്‍ എന്ന് പറയുന്നത് സുഷുപ്
തിയിലെ ജീവനെയാണ്. ഇത് തന്നെയാണ് ദഹരാകാശ പ്രകരണത്തിലും പറയുന്നത്. അതിനാല്‍ ജീവനെയാണ് ദഹരാകാശ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
അത് ശരിയല്ല എന്ന് സൂത്രം തീര്‍ത്ത് പറയുന്നു. ദഹരാകാശത്തിന് പറഞ്ഞ വിശേഷണങ്ങളും ധര്‍മ്മങ്ങളും ജീവന് ഉണ്ടാകുകയില്ല. ജീവന്‍ ദേഹമാകുന്ന ഉപാധിയില്‍ അഭിമാനിക്കുന്നതും പരിച്ഛിന്നവുമാണ്. അതിനാല്‍ ഇവിടെ അപരിച്ഛിന്നനായ പരമാത്മാവിനെയാണ് ദഹരാകാശം എന്ന് പറയുന്നത്. എല്ലാ ധര്‍മ്മങ്ങള്‍ക്കും അപ്പുറമുള്ളവനാണ്.
ഛാന്ദോഗ്യത്തിലെ തന്നെ
'സ ബ്രൂ യാത് നാസ്യ... തം തമേവോപജീവന്തി' എന്ന മന്ത്രത്തില്‍ ജീവാത്മാവിനെയാണ് പറഞ്ഞിക്കുന്നത് എന്ന് കരുതുന്നത് ശരിയല്ല. ഇവിടെ പരമാത്മാവിനെ തന്നെയാണ് ദഹരശബ്ദം കൊണ്ട് പറയുന്നത്. സത്യകാമന്‍, സത്യസങ്കല്പന്‍ തുടങ്ങിയ വിശേഷണങ്ങളൊക്കെ പരമാത്മാവിനേ ചേരൂ.അതിനാല്‍ ദഹര ശബ്ദം പരമാത്മാവാചകമാണ് എന്ന് ഉറപ്പിക്കാം.
janmabhumi
No comments:
Post a Comment