ശ്രീമദ് ഭഗവദ്ഗീത*
*423-ാം ദിവസം*
*അദ്ധ്യായം: പന്ത്രണ്ട്*
*ഭക്തിയോഗം*
*ശ്ലോകം : 9*
*അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം*
*അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ*
അഥഃ – അഥവാ; മയി - എന്നിൽ; ചിത്തം - മനസ്സിനെ; സ്ഥിരം – സ്ഥിരമായി; സമാധാതും – ഉറപ്പിക്കുന്നതിന്; ന ശക്നോഷി - നീ ശക്തനാകുന്നില്ലെങ്കിൽ; തതഃ - അനന്തരം; ധനഞ്ജയ - ഹേ ധനഞ്ജയ; അഭ്യാസയോഗേന - ഭക്തിയുതസേവനംകൊണ്ട്; മാം - എന്നെ; ആപ്തും - പ്രാപിക്കുവാൻ; ഇച്ഛ - ഇച്ഛിക്കുക.
*വിവർത്തനം*
പ്രിയപ്പെട്ട അർജുനാ, ധനത്തെ ജയിച്ചവനേ, എന്നിൽ മനസ്സുറ പ്പിച്ചു നിർത്താൻ നിനക്കു കഴിയുന്നില്ലെങ്കിൽ ഭക്തിയോഗത്തിന്റെ നിബന്ധനകൾ അനുഷ്ഠിച്ചുകൊണ്ട് എന്നെ പ്രാപിക്കാനുള്ള ആഗ്രഹം വളർത്തുക.
*ഭാവാർത്ഥം:*
ഭക്തിയോഗത്തിന്റെ രണ്ടു വ്യത്യസ്ത പ്രക്രിയകൾ ഈ ശ്ലോകം സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്തേത്, പരമദിവ്യോത്തമപുരുഷനായ കൃഷണനിൽ ദിവ്യപ്രേമത്തോടെ യഥാർത്ഥമായി ആസക്തി വളർത്തിയിട്ടുള്ള ഒരാൾക്ക് യോജിച്ചതാണ്. അപ്രകാരം പരമപുരുഷനോട് ദിവ്യപ്രേമത്തോടെയുള്ള ആസക്തി ഉണർന്നുവരാത്തവർക്ക് യോജിച്ചതാണ് മറ്റേത്. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർക്ക് ചില വിധി പൂർവ്വകമായ നിബന്ധനകൾ ആചരിക്കേണ്ടതുണ്ട്. അവ അനുഷ്ഠിക്കുന്നതുകൊണ്ട് ക്രമേണ കൃഷണനിൽ ആസക്തി വളർന്നു വരും.
ഭക്തിയോഗമെന്നാൽ ഇന്ദ്രിയങ്ങളുടെ ശുദ്ധീകരണം തന്നെ. ഇന്ന്, ഭൗതികജീവിതത്തിൽ സുഖഭോഗങ്ങളിൽ മുഴുകിയിരിക്കുന്നതുകൊണ്ട് ഇന്ദ്രിയങ്ങൾ എപ്പോഴും അശുദ്ധങ്ങളാണ്. ഭക്തിയോഗംകൊണ്ട് അവയെ ശുദ്ധീകരിക്കാൻ കഴിയും. ശുദ്ധി വന്നാൽ അവയെ ഭഗവാനുമായി നേരിട്ട് ബന്ധപ്പെടുത്തുകയുംചെയ്യാം. ഈ ഭൗതികലോകത്തിൽ നാം ഏതെങ്കിലുമൊരു യജമാനനെ സേവിക്കുന്നുണ്ട്. എങ്കിലും വാസ്തവത്തിൽ സ്നേഹത്തോടെയാവില്ല. വെറും പണത്തിനുവേണ്ടിയാണ് ആ സേവനം. യജമാനനുമില്ല സ്നേഹം; നമ്മുടെ സേവനം അയാളുപയോഗപ്പെടുത്തുന്നു. പകരം പണം തരുന്നു, എന്നു മാത്രം. സ്നേഹത്തിന്റെ പ്രശ്നമേ വരുന്നില്ല. ആത്മീയജീവിതത്തിലാകട്ടെ, വിശുദ്ധസ്നേഹത്തിന്റെ തലത്തിലേയ്ക്കുയരുകതന്നെ വേണം. ഇതേ ഇന്ദ്രിയങ്ങളെക്കൊണ്ട് ഭക്തിപൂർവ്വകമായ സേവനമനുഷ്ഠിക്കുന്നതുകൊണ്ട് ആ തലത്തിലേയ്ക്കുയരാം.
ഏതൊരാളുടെ ഹൃദയത്തിലും ഈശ്വരനോടുള്ള പ്രേമം ഉറങ്ങി ക്കിടപ്പുണ്ട്, വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ അത് വെളിപ്പെടുത്തുന്നുമുണ്ട്. ഭൗതിക ബന്ധംകൊണ്ട് മാലിന്യം പൂണ്ടിട്ടാണെന്നു മാത്രം. ഭൗതികതാ ബന്ധമുള്ള മനസ്സിനെ ഇപ്പോൾ ശുദ്ധീകരിക്കുകയും ഉറങ്ങികിടക്കുന്ന നൈസർഗ്ഗികമായ കൃഷ്ണപ്രേമത്തെ ഉണർത്തുകയും വേണം. അതാണ് ഈ പ്രകിയ,
ഭക്തിയോഗത്തിന്റെ വിധിപൂർവ്വക നിയമങ്ങൾ പരിശീലിക്കാൻ നിപുണനായ ഒരു ആദ്ധ്യാത്മികഗുരുവിന്റെ ഉപദേശമനുസരിച്ച് ദിനചര്യകൾ ചിട്ടപ്പെടുത്തണം. പ്രഭാതത്തിലുണർന്ന് സ്നാനംചെയ്ത ശേഷം ക്ഷേത്രത്തിൽപ്പോയി പ്രാർത്ഥിക്കുകയും 'ഹരേ കൃഷ്ണ" മഹാമന്ത്രം ജപിക്കുകയും വേണം. ഭഗവാന് അർപ്പിക്കാൻവേണ്ടി പൂക്കൾ ശേഖരിക്കണം, നിവേദ്യം തയ്യാറാക്കണം, പ്രസാദം ഭക്ഷിക്കണം. ഇങ്ങനെ ഭക്തൻ തുടർന്നുചെയ്യുന്ന നിയമനിബന്ധനകൾ പലതുമുണ്ട്. ശുദ്ധഭക്തരിൽ നിന്ന് ഭാഗവതവും ഭഗവദ്ഗീതയും തുടർച്ചയായി കേൾക്കണം. ഈ പരിശീലനംകൊണ്ട് ആർക്കും ഭഗവതപ്രേമത്തിന്റെ തലത്തി ലേയ്ക്കുയരാൻ കഴിയും. അങ്ങനെ ക്രമേണ ആത്മീയമായ ദൈവിക സാമ്രാജ്യത്തിലേയ്ക്കുള്ള അയാളുടെ മുന്നേറ്റം സുനിശ്ചിതമാണ്. ഇങ്ങനെ ഒരാത്മീയാചാര്യന്റെ മേൽനോട്ടത്തിൽ വേണ്ടുന്ന നിയമനിബന്ധനകളോടെചെയ്യുന്ന ഭക്തിയോഗപരിശീലനം ആരേയും ഭഗവത്പ്രേമതലത്തിലേയ്ക്കക്കെത് തിക്കും.
No comments:
Post a Comment