Monday, April 08, 2019

ഓങ്കാരത്തിന്റെ അകാര ഉകാര മകാരങ്ങളും കടന്ന് അമാത്രയിലെത്തുക - അകാരം സൃഷ്ടിയുടെയും ഉകാരം സ്വപ്നത്തിന്റെയും മകാരം സുഷുപ്തിയുടെയും തലങ്ങളാണ്. ഇവയും കടന്ന് തുരീയത്തിന്റെ തലത്തിലെത്തുക. സൃഷ്ടി സമ്യക്കായി അവസാനിച്ച്, സംരക്ഷണമെല്ലാം തീർന്ന് നിർജീവമായൊരു അവസ്ഥയിലെത്തുമ്പോൾ ശിവമായി. അങ്ങനെയുള്ള ശിവത്തെയാണ് ഭാരതീയർ ആരാധിച്ചത് - ശൈവസങ്കല്പം.* *ഈ ശിവശീർഷത്തിലെത്തുമ്പോൾ, നമ്മുടെ കൈലൊന്നും വേണ്ട; ഒരു ആലംബനവും വേറെ വേണ്ട* - *ഒരേയൊരു ആലംബനമേ വേണ്ടൂ , അക്ഷരം*; *ബ്രഹ്മപരമായ അക്ഷരം*. *ഇതാണ് ജ്ഞാനത്തിന്റെ വഴി*. *ആ ഒരു ആലംബനത്തിന്റെ കേന്ദ്രബിന്ദുവിൽ സമുജ്ജ്വലമായി നിലനില്ക്കുക - സദാചാരമര്യാദകളൊന്നും ലംഘിക്കാതെ സംഹാരമൂർത്തിയെ സമന്വയിപ്പിച്ചു നിർത്തുക. ഭാരതീയ ദേവതാസങ്കല്പവും ഭാരതീയ വൈജ്ഞാനികതയും ഇത്രയും സമുജ്ജ്വലമായിട്ടാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങളെ കോർത്തിണക്കിയിരിക്കുന്നത്*. 

        *മാനവചേതനയിൽ ഉറഞ്ഞുകൂടിയിരിക്കുന്ന സൃഷ്ടിയുടെ രഹസ്യങ്ങളെക്കാൾ, സ്ഥിതിയുടെ രഹസ്യങ്ങളെക്കാൾ സംഹാരരഹസ്യത്തിനാണ് ജീവിതത്തിലുടനീളം ഏറെ പ്രാധാന്യം. ഒരുവൻ അനുഭവിക്കേണ്ടുന്ന ശാന്തിയിലും സമാധാനത്തിലുമൊക്കെ ഏറെ പ്രാധാന്യം നല്കേണ്ടത് ഈ രഹസ്യത്തിനാണ്. ഇവിടെയാണ് ആധുനികത പരാജയപ്പെട്ടത്. ആധുനികലോകം ഇതുവരെ സംഹാരചൈതന്യത്തെ ഇങ്ങനെ കണ്ടതേയില്ല. മനസ്സിൽ, വാക്കിൽ, പ്രവർത്തിയിൽ സംഹാരത്തിന്റെ ഭാവങ്ങളെ കടത്തിവിടുമ്പോൾ രാഷ്ട്രത്തിന്റെ സമുദായത്തിന്റെ, വ്യക്തിയുടെ, അറിവിന്റെ തലങ്ങളിലെല്ലാം സംഹാരത്തിന്റെ ദേവത അഴിഞ്ഞാടുകയാണെന്ന് ആധുനികർ തിരിച്ചറിഞ്ഞതുപോലുമില്ല*. 

           *ആധുനികലോകമെമ്പാടും സംഹാരത്തിന് ഒരുക്കം കൂട്ടുമ്പോൾ ഭാരതത്തിന്റെ സംഹാരദേവത, ഋഷിസങ്കല്പത്തിന്റെ ജാജ്ജ്വല്യമാനമായ വിജ്ഞാനത്തിൽ, കൈലാസാചലത്തിൽ സമാധിസ്ഥനായി ഇരിക്കുകയാണ്. സംഹാരത്തിന്റെ സംവർത്തകാഗ്നിയെ തന്റെ മൂന്നാംകണ്ണിൽ നിഗൂഹനം ചെയ്ത് മൂന്നാംകണ്ണടച്ച് ധ്യാനനിരതനായി ഇരിക്കുകയാണ്. ശാന്തി ആഗ്രഹിക്കുന്ന മാനവൻ - വ്യക്തിക്കും കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ശാന്തി ആഗ്രഹിക്കുന്ന മാനവൻ - മംഗളകാരകനായ ശിവനെ ധ്യാനിക്കണം. തന്നിലെ ശിവനെ ധ്യാനിച്ച് സംഹാരത്തിന്റെ ദേവതയെ ശാന്തമായൊരു സമാധിയിലൊതുക്കിവെക്കണം. സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവതകൾക്ക്, സൃഷ്ടിയും സ്ഥിതിയും തടയപ്പെടാതെ നീങ്ങാൻ അനുമതി നല്കണം. തന്നിലെ സൃഷ്ടിയെയോ സ്ഥിതിയെയോ ഒരുവൻ നേരിടാനാണ് ഒരുങ്ങുന്നതെങ്കിൽ , അവിടെ സംഹാരദേവത സംഹാരതാണ്ഡവമാടും ; പുനർജീവിതം തേടാൻ വിധിക്കപ്പെടും.*

            *സമ്പത്തിനെ മുൻനിർത്തി ഭൗതികയാഥാർഥ്യങ്ങളോടു ധാർമികേതരമായി പ്രവർത്തിച്ചാൽ, സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവതകളെ മറികടന്ന് സംഹാരത്തിന്റെ ദേവതയെ തുറന്നുവിടാനിടയാകും. തുറന്നുവിട്ടാൽ, അടുത്തക്ഷണത്തിൽ വിനാശകരമായൊരു ഇതിഹാസമുണ്ടാകുമെന്ന് വ്യക്തിയും കുടുംബവും സമുദായവും രാഷ്ട്രവും അറിയണം. ഇത്തരമൊരു ഉജ്ജ്വലപാഠമാണ് ശിവൻ നമുക്കു തരുന്നത്. ആ ശിവന്റെ ശീർഷകത്തിൽ, കൈലാസാചലത്തിൽ സമാധിസ്ഥനായിരിക്കുന്ന ശിവന്റെ പാദാരവിന്ദങ്ങളിൽ പ്രണമിക്കുന്നത് ഇക്കാലത്ത് ഉചിതമാണ്. അനുക്ഷണം മംഗളകാരിയായ, സംഹാരത്തിന്റെ ദേവതയായ, സമാധിസ്ഥനായ ശിവന്റെ പാദാരവിന്ദങ്ങളിൽ ഭക്തിപൂർവം നമുക്ക് പ്രണയിക്കാം. 

No comments: