Monday, January 29, 2018

പത്താമധ്യായത്തില്‍
''ന മേ വിദുഃ സുരഗണാഃ
പ്രഭവം, ന മഹര്‍ഷയഃ (2)
യോ മാ മജമനാദിം ച
വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മര്‍ത്യേഷു (-3)
(എന്റെ ഉല്‍പ്പത്തിയും പ്രഭാവവും ദേവഗണങ്ങള്‍ക്കൊ മഹര്‍ഷിമാര്‍ക്കോ അറിയുകയേ ഇല്ല. എനിക്ക് ഉല്‍പ്പത്തിയോ തുടക്കമോ ഇല്ല എന്നും എല്ലാത്തരം ലോകങ്ങള്‍ക്കും ഈശ്വരന്മാര്‍ക്കും നിയന്താവായ മഹേശ്വരനാണ് ഞാനെന്ന അറിവ് നേടിയവന്‍ മനുഷ്യരില്‍വച്ച് ശ്രേഷ്ഠനായ ജ്ഞാനിയാകുന്നു).
ഇങ്ങനെ ബ്രഹ്മത്തെയും പരമാത്മാവിനെയും തദുപാസകന്മാരെയും പ്രശംസിച്ച ഭഗവാന്‍ തന്നെ, ഭഗവാന്റെ രൂപത്തെയും ലീലകളെയും ഇവ കീര്‍ത്തിക്കുന്നവരെയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് നോക്കുക:
രണ്ടാമധ്യായത്തില്‍
താനി സര്‍വ്വാണി സംയമ്യ
യുക്ത ആസീത മത്പരഃ
വശേഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (2-61)
(എന്നെ പരമപുരുഷനായിക്കണ്ട്, എന്റെ ഭക്തനായി തീര്‍ന്ന വ്യക്തി എന്നാണ് മത്പരഃ എന്ന പദത്തിന് അര്‍ത്ഥം. ആ വ്യക്തി എല്ലാ ഇന്ദ്രിയങ്ങളെയും ഭഗവത് സേവനത്തിനായി മാത്രം ഉപയോഗിക്കുന്നു. അങ്ങനെ എപ്പോഴും എന്നോടു മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന (യുക്തിഃ) അത്തരം ഭക്തനു മാത്രമേ, ഈ രീതിയില്‍ മാത്രമേ, ഇന്ദ്രിയങ്ങളെ വശത്താക്കാന്‍ കഴിയുകയുള്ളൂ; അവന്‍ സ്ഥിതപ്രജ്ഞനായിത്തീരുകയും ചെയ്യും.)
മൂന്നാമധ്യായത്തില്‍ 
മയി സര്‍വ്വാണി കര്‍മ്മാണി
സംന്യസ്യാധ്യാത്മചേതസാ
നിരാശിഃ നിര്‍മ്മമോ ഭൂത്വാ
യുദ്ധസ്വ വിഗതജ്വരഃ- (3-30)
(മയി-സര്‍വ്വജ്ഞനും എല്ലാത്തിന്റെയും ആത്മാവുമായ ഈ വസുദേവ പുത്രനെ-സേവിക്കുന്ന വിധത്തില്‍-അധ്യാത്മ ചേതസാ-ഒരു ഭൃത്യന്‍ യജമാനനെ സന്തോഷിപ്പിക്കുംവിധം, എല്ലാ കര്‍മ്മങ്ങളും സമര്‍പ്പിക്കണം. മറ്റൊന്നും ആഗ്രഹിക്കാതെയോ, കര്‍ത്തൃത്വം സ്വയം ഏറ്റെടുക്കാതെയോ (നിര്‍മ്മമഃ)ചെയ്യണം.
നാലാമധ്യായത്തില്‍
ചേയഥാമാം പ്രപദ്യന്തേ
താംസ്തഥൈവഭജാമ്യഹം (4-11)
(=എന്നെ ശരണം പ്രാപിച്ച് ഭജിക്കുന്നവര്‍, അവരുടെ ഭജനത്തിന്റെ ഉദ്ദേശ്യം അനുസരിച്ച്, ഞാന്‍, ഫലം ആഗ്രഹിക്കുന്നവര്‍ക്ക് ഫലം കൊടുക്കും, മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് മോക്ഷം കൊടുക്കും, ദുഃഖിതന്മാര്‍ക്ക് ദുഃഖം നീക്കിക്കൊടുക്കും).
അഞ്ചാമധ്യായത്തില്‍
ഭോക്താരം യജ്ഞതപസാം
സര്‍വ്വലോകമഹേശ്വരം
സുഹൃദം സര്‍വ്വഭൂതാ നാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി(5-29)
(=എന്റെ ഭക്തന്മാര്‍ അനുഷ്ഠിക്കുന്ന യജ്ഞങ്ങളും വ്രതങ്ങളും സ്വീകരിച്ച് ഫലം കൊടുക്കുന്നത് ഞാനാണ്. എല്ലാ ലോകേശ്വരന്മാര്‍ക്കും, നിയന്താവായി നില്‍ക്കുന്നതും ഞാനാണ്. ഞാന്‍ എല്ലാ പ്രാണികള്‍ക്കും പ്രത്യുപകാര കാംക്ഷിക്കാതെ ഉപകാരം ചെയ്യുന്ന സുഹൃത്താണ്. ഇക്കാര്യം മനസ്സിലാക്കി എന്നെ ഭജിക്കുന്നവര്‍ സംസാര ദുഃഖത്തില്‍ നിന്ന് മോചനം നേടി, ശാശ്വതസുഖം പ്രാപിക്കും.)
ആറാം അധ്യായത്തില്‍
യോഗിനാമപിസര്‍വ്വേഷാം
മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാന്‍ ഭജതേ യോമാം
സമേയുക്തതമോ മതഃ-(6-17)
(=ശ്രീരുദ്രന്‍, ആദിത്യന്‍, വരുണന്‍ തുടങ്ങിയ ദേവന്മാരെ യോഗശാസ്ത്രപ്രകാരം ധ്യാനിച്ച് യോഗപൂര്‍ണതയില്‍ എത്തിച്ചേരുന്നവരുണ്ട്. അത്തരം എല്ലാ യോഗികളെക്കാളും വസുദേവപുത്രനായ ഈ കൃഷ്ണനില്‍ മനസ്സ് മുഴുവന്‍ സമാവേശിപ്പിച്ച്, ശ്രദ്ധാപൂര്‍വം സേവിക്കുന്നവനാണ് ശ്രേഷ്ഠതമന്‍ എന്നുതന്നെയാണ് എന്റെ തീരുമാനം.
ഏഴാം അധ്യായത്തില്‍
മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ!
മയി സര്‍വ്വമിദം പ്രോതാ(7-7)
സൂത്രേ മണിഗണാ ഇവ.
(=എന്നില്‍നിന്ന് വേറെയായിട്ടോ, എന്നെക്കാള്‍ ഉത്കൃഷ്ടമായിട്ടോ ഒരു തത്ത്വവും ഈശ്വരനും ഇല്ല. വസുദേവനപുത്രനായ എന്നില്‍ എല്ലാം-നൂലിന്‍ മണികള്‍ പോലെ കോര്‍ത്തുവച്ചിരിക്കുന്നു.)
എട്ടാമധ്യായത്തില്‍
അനന്യചേതാഃസതതം
യോമാം സ്മരതി നിത്യശാ
തസ്യാഹം സുലഭഃ പാര്‍ഥ,
നിത്യയുക്തസ്യയോഗിനഃ (8-14)
(=ഈ കൃഷ്ണനെ വിട്ട്, മറ്റു വിഷയങ്ങളിലേക്കു മനസ്സിനെ പ്രവേശിപ്പിക്കാതെ എപ്പോഴും സര്‍വേശ്വരനായ എന്നെ-ആറുമാസമോ ഒരു കൊല്ലമോ എന്ന വ്യവസ്ഥ സ്വീകരിക്കാതെ-മരണംവരെ ഒരുനിമിഷംപോലും ഉപേക്ഷിക്കാതെ-ചിന്തിക്കുംവിധത്തില്‍ ജീവിതം നയിക്കുന്ന ഭക്തന് എന്നെ സുഖമായി-പ്രയത്‌നം കൂടാതെ, സാക്ഷാത്കരിക്കാന്‍ കഴിയും. അവന്‍; സര്‍വവിധ പ്രവൃത്തികളും എപ്പോഴും എന്നോട് ബന്ധിപ്പിച്ചുകൊണ്ടു ചെയ്യുന്ന യോഗിയാണ്.)....kanapram

No comments: