Sunday, January 21, 2018

ജ്ഞാന വിദ്യ സ്വീകരിച്ച വ്യക്തി ചില കാര്യങ്ങളില്‍ നിയന്ത്രണ ജീവിതം പലിക്കണം. അതില്‍ നിന്നുള്ള വ്യതിചലിച്ച ജീവിത രീതിയെ കാണിക്കുന്നതാണ്‌ കാനനവാസം. പ്രപഞ്ച ധര്‍മ്മം മൂലം ശരീരം ദുര്‍ബലവും, മനസ്സ്‌ കന്മഷവും നിറഞ്ഞതുമായി ക്രോധ വികാരങ്ങളില്‍ പതിച്ച ജീവനില്‍ നിന്ന്‌ ആത്മ വിദ്യയാകുന്ന സീത കൈവിട്ടു പോകുന്നു. വീണ്ടും ആത്മവിദ്യ കൈവരിക്കുന്നതിനു വണ്ടി ഭക്തിയും, വൈരാഗ്യവുമാകുന്ന രണ്ടു ചിറകുകളുള്ള വിവേകമാകുന്ന ജഡായുവിന്റെ നിര്‍ദ്ദേശാനുസരണം സ്വന്തം സ്വരൂപമായ അകത്തീശ്വരന്റെ (അഗസ്‌ത്യന്‍) നിര്‍ദ്ദേശ പ്രകാരം പ്രാണായാമം സ്വീകരിച്ച്‌ (വായു പുത്രനായ ഹനുമാന്‍) അവിവേകവും, വിവേകവുമാകുന്ന ബാലി, സുഗ്രീവന്‍ എന്നീ രണ്ടു പേരില്‍ അവിവേകമാകുന്ന ബാലിയെ നിഗ്രഹിച്ചു. വിവേകം ഉദയം പൂണ്ട്‌ തന്നിലെ തന്നെ ആഗ്രഹങ്ങളാകുന്ന ശൂര്‍പ്പണഖയെന്ന രാക്ഷസീയത്തെ അറുത്തു മാറ്റി തന്നിലെ തന്നെ തമോഗുണമാകുന്ന കുംഭകര്‍ണ്ണനെ വധിച്ച്‌, രജോ ഗുണമാകുന്ന രാവണനേയും വധിച്ച്‌ സ്വാത്വീക ഗുണമായ വിഭീഷണന്റെ സഹായത്തോടെ ആത്മ ജ്ഞാന വിദ്യയാകുന്ന സീതയെ തിരികെ സ്വീകരിക്കുന്നു. ഇവിടെ ഒരു പ്രത്യേക സംഗതിയോര്‍ക്കണം. രാമന്‌ രാവണന്‍ ശത്രുവായിരുന്നില്ല. എന്നാല്‍ രാവണന്‌ രാമന്‍ ശത്രുവും ആയിരുന്നു. ആത്മ ജ്ഞാനാര്‍ത്ഥം കയറി പോകുന്ന വഴിയില്‍ ശത്രുവും, മിത്രവും ഇല്ല.
ശൂര്‍പ്പണഖ കാമസ്വരൂപണിയാണ്‌. ബുദ്ധി ശൂന്യത, ക്രൂരത, കാമം അഹംങ്കാരം എന്നിവയുടെ പ്രതീകമായിട്ടാണ്‌ ശൂര്‍പ്പണഖയെ അവതരിപ്പിച്ചിട്ടുള്ളത്‌. സല്‍ഗുണങ്ങള്‍ ദുര്‍ഗുണങ്ങളെ നശിപ്പിക്കുന്നു. ശൂര്‍പ്പണഖയെ അംഗ ഭംഗം വരുത്തി എന്നു പറഞ്ഞാല്‍ ദുര്‍ഗുണങ്ങളെ മനസ്സില്‍ നിന്ന്‌ പിഴുതുമാറ്റി എന്ന്‌ ധരിക്കണം.
ശൂര്‍പ്പണഖയെ ഉപദ്രവിച്ചു എന്നറിഞ്ഞ്‌ പകരം വീട്ടുന്നതിനായി ഖരന്‍, ദൂഷണന്‍ എന്നീ സഹോദരന്മാരോടൊപ്പം ത്രിശിരസ്സനും, രാക്ഷസ്സപടയും കൂടി പുറപ്പെട്ടു. പരുഷമായ രീതിയില്‍ സംസാരിക്കുന്നവനും, ക്രൂര കര്‍മ്മങ്ങള്‍ ചെയ്യുന്നവനുമാകുന്നു ഖരന്‍. സ്വന്തം ദോഷങ്ങള്‍ അിറയാതെ, ദുരഭിമാനത്തോടെ പരദൂഷണം ചെയ്യന്നവനും, നിര്‍ദ്ദയനുമാണ്‌ ദൂഷണന്‍. ക്രോധം, ലോഭം, മോഹം എന്നിവയാണ്‌ ത്രിശിരസ്സന്റെ മൂന്നു തലകള്‍. ഈ ദുര്‍ഗുണങ്ങളെയെല്ലാമാണ്‌ രാമന്‍ ഇവിടെ സംഹരിച്ചത്‌.
ത്രിഗുണങ്ങളുടെ (സത്വ-രജസ്‌-തമോ ഗുണങ്ങള്‍) സമ തുലനത തെറ്റുന്നതും, തിരുത്തപ്പെടുന്നതുമാണ്‌ ഇതിഹാസ വിഷയങ്ങള്‍. ശമദാമാദികള്‍ സത്വ ഗുണങ്ങളും, കാമ ക്രോധങ്ങള്‍ രജോ തമോ ഗുണങ്ങളുമാണ്‌. സാത്വീക ഗുണം ദൈവീകവും, രജോ തമോ ഗുണങ്ങള്‍ അസുരവും, രാക്ഷസീയവും, പൈശാചികവുമാണ്‌. താടകയും, ശൂര്‍പ്പണഖയും, രാവണനുമെല്ലാം അസുരതയുടെ, പൈശാ ചികതയുടെയെല്ലാം പ്രതീകങ്ങളാണ്‌. താടകയെ "ഭയങ്കരീ" എന്ന്‌ വിളിക്കപ്പെടുന്നു. ക്രോധമാണ്‌ താടകയുടെ ലക്ഷണം. ശൂര്‍പ്പണഖയാകട്ടെ കാമരൂപിണിയും. ഭൗതീക ഭോഗങ്ങള്‍ ആസ്വദിക്കുവാന്‍, അനുഭവിക്കുവാന്‍ എന്റെ കൂടെ പോരൂ എന്ന്‌ നിരന്തരം ക്ഷണിക്കുകയും, അപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയും ചെയ്യന്നു ഇവര്‍.
രാമനാകട്ടെ ഒരു ഉള്‍ പുഞ്ചിരിയോടെ ലക്ഷ്‌മണന്റെ അടുക്കലേക്ക്‌ ശൂര്‍പ്പണഖയെ തിരിച്ചു വിടുന്നു. ഇവര്‍ ഒരേ ഒന്നിന്റെ രണ്ടു മുഖങ്ങള്‍ മാത്രമാണ്‌. ലക്ഷ്‌മണനും അതേ വേഗത്തില്‍ തന്നെ ശൂര്‍പ്പണഖയെ (കാമം) തിരിച്ചു വിടുന്നു. ക്ഷമയറ്റ കാമം ഇവിടെ അക്രമാസക്തയാകുന്നു. അത്രത്തോളം എത്തുമ്പോള്‍ അവര്‍ അതിന്റെ ആകര്‍ഷണ ഉപാധികള്‍ മുറിച്ച്‌ നീക്കം ചെയ്യന്നു. കാമത്തിന്‌ ഏല്‍ക്കുന്ന മുറിവ്‌ നിസ്സാരമല്ല. അതിഘോരമാണ്‌. അതുകൊണ്ട്‌ അതില്‍ നിന്ന്‌ ക്രോധം ഉടലെടുക്കുന്നു. ആ ക്രോധം ഭീമമാണ്‌. നിഷ്‌ഠൂരമാണ്‌. (സ്‌ത്രീ പീഡനം, ബലാല്‍സംഗം എന്നിവയടെ ചരിത്രം പരിശോധിക്കുക. അത്‌ സമ്മോഹവും, സമ്മോഹം സ്‌മൃതി വിഭ്രമവും, ഈ വിഭ്രമം ബുദ്ധി നാശകവും വരുത്തുന്നു. ബുദ്ധി വിനാശം സര്‍വ്വ നാശം വരുത്തുന്നു. ശൂര്‍പ്പണഖ എന്ന കാമ രൂപത്തിനേറ്റ മുറിവില്‍ നിന്നുടലെടുക്കുന്ന ക്രോധത്തിന്റെ പ്രതീകങ്ങളാണ്‌ ഖര, ദൂഷണ, ശിരക്കളും, പതിനാലായിരം രാക്ഷസപ്പടയും. ഇവരത്രയും പേര്‍ മുന്നേമുക്കല്‍ നാഴിക നേരം കൊണ്ട്‌ നിഗ്രഹിച്ച്‌ ശാന്തമാകുന്നു...
rajeev kunnekkaat

No comments: