ഒരിക്കല്‍ കാക്കശേരി ഭട്ടതിരി ഉണ്ണി അടുത്തുള്ള ഒരു അമ്പലത്തില്‍ പോയി മടങ്ങിവരികയായിരുന്നു. കൂടെയുണ്ടായിരുന്നത് ഏതാനും സുന്ദരികളായിരുന്നു.
സുന്ദരികളായ സ്ത്രീകളുടെ മുന്നില്‍ ഒന്നു ഞെളിയാനുദ്ദേശിച്ച് ഒരു വഴിപോക്കന്‍ കാക്കശ്ശേരി ഉണ്ണിയോട് കുശലം പറയാനാരംഭിച്ചു.
ങാ, ഉണ്ണി എവിടെപ്പോയിരുന്നു.
ഞാന്‍ മൂക്കറ്റത്തമ്പലത്തില്‍ പോയിവര്വാ.
ഓ, അതുശരി, അപ്പോള്‍ ദേവി എന്താ പറഞ്ഞേ, എന്തൊക്കെയാ അവിടെ വിശേഷങ്ങള്‍.
സ്വയം ഞെളിയാനുള്ള പരിഹാസമാണ് ചോദ്യത്തിലെന്നറിഞ്ഞ് കാക്കശേരി മറുപടി പറഞ്ഞു.
''യോഗിമാര്‍ സതം പൊത്തും
തുമ്പത്തെ തള്ളകാരഹോ
നാഴിയില്‍ പാതിയാടീല്ല
പലകാശേന വാളനവാ''
കാക്കശ്ശേരി പറഞ്ഞത് വഴിപോക്കന് ഒന്നും മനസ്സിലായില്ല. എന്താ ആ പറഞ്ഞത്, മനസിലാകണില്ല. ഞെളിയാന്‍ നോക്കി ചളിഞ്ഞ മുഖവുമായി നിന്ന വഴിപോക്കനോടു കാക്കശ്ശേരി വിശദീകരിച്ചു. യോഗിമാര്‍ സതതം പൊത്തുന്നത് മൂക്ക്, അതിന്റെ തുമ്പ് അതിന്റെ അറ്റം മൂക്കറ്റം. തള്ള-അമ്മ. അവിടുത്തെ അമ്മ മൂക്കറ്റത്തമ്മ. ഒന്നും പറഞ്ഞില്ല. ബഹുമാനംകൊണ്ടാണോ അല്ലയോ എന്നറിയില്ല എന്ന ഒരു വിശദീകരണവും നല്‍കി. നാഴിയില്‍ പാതി ഉരി. നാഴിയില്‍ പാതിയാടീല്ല, ഉരിയാടീല്ല. ഒന്നും പറഞ്ഞില്ല. പല ബഹു ആകാശം-മാനം. പലാകാശം ബഹുമാനം പലാകാശേന-ബഹുമാനേന-ബഹുമാനത്താല്‍ വാ നവാ. ബഹുമാനത്താലാണോ അല്ലയോ.
ഞെളിയാന്‍ ചോദിച്ചയാള്‍ ഇളിഭ്യനായി.
ഇതായിരുന്നു കുട്ടിക്കാലത്തുതന്നെയുള്ള രീതി.
വളര്‍ന്നുവന്നതോടെ വേദങ്ങളും വേദാംഗങ്ങളും ശാസ്ത്രങ്ങളുമെല്ലാം എളുപ്പം പഠിച്ചെടുത്തു. എല്ലാത്തിലും പ്രവര്‍ത്തിക്കുന്നത് ഭഗവാന്‍ തന്നെയെന്ന് മനസ്സിലാക്കി. അദ്വൈതത്തില്‍ മനസ്സുറച്ചു. ആചാരങ്ങളും അനാചാരങ്ങളുമെല്ലാം ഒരേപോലെ കാണാന്‍ തുടങ്ങി. ജാതി മത വര്‍ഗ വ്യത്യാസങ്ങളോ സ്ത്രീപുരുഷ വ്യത്യാസങ്ങളോ ഒന്നും വിഷയമല്ലാതായി. നിയമങ്ങളും ചിട്ടകളും ഒന്നുംതന്നെ ബാധകമല്ലാത്ത തലത്തില്‍ ചിന്തകളുറച്ചു.
ഏതുവിഷയത്തിലായാലും ആരെങ്കിലും ചോദ്യം ചെയ്യാന്‍ ആരംഭിച്ചാല്‍ തര്‍ക്കങ്ങളും ന്യായങ്ങളും നിരത്തി അവരെ മടക്കും. ഫലത്തില്‍ ഇദ്ദേഹത്തിന്റെ ന്യായങ്ങള്‍ക്കു മറുപടി നല്‍കാനുള്ള അറിവ് അവര്‍ക്കാര്‍ക്കുമില്ല. ഇതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന അവസ്ഥയായി. എന്നാല്‍ ഇദ്ദേഹത്തിന്റെ ന്യായങ്ങളെ എല്ലാം നാട്ടില്‍ ആചാരങ്ങളെല്ലാം മുടങ്ങും. എല്ലാം അടുക്കും ചിട്ടകളും നശിക്കും. അതിനാല്‍ കാക്കശേരിക്കു ഭ്രഷ്ടു കല്‍പിച്ചേ പറ്റൂ എന്നായി പലരും.
ഇതിനെന്താ ഒരു മാര്‍ഗം. ബ്രാഹ്മണരും മറ്റും ചേര്‍ന്ന് കൂടിയാലോചിച്ചു. ആരുടെ മുന്നിലും ഒരു മാര്‍ഗവും തെളിഞ്ഞുകിട്ടിയില്ല. ചര്‍ച്ച വഴിമുട്ടി. ഇനി എന്തു ചെയ്യും. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. കാക്കശേരി ഭട്ടതിരിയോടുതന്നെ ചോദിക്കാം.
ബ്രാഹ്മണ ശ്രേഷ്ഠര്‍ കാക്കശേരി ഭട്ടതിരിയുടെ മുന്നിലെത്തി. കൈകൂപ്പിക്കൊണ്ടു ചോദിച്ചു.
''ആപദി കിം കരണീയം''
ആപത്തുഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത്/
മറുപടി ഉടന്‍ എത്തി.
''സ്മരണീയം ചരണയുഗളം അംബായാ''
അമ്മയുടെ ഇരുകാലടികളേയും സ്മരിക്കുക.
അടുത്ത ചോദ്യം. ''തത്‌സ്മരണത്താല്‍ കിം കുരുതേ''
ആ സ്മരണകൊണ്ട് എന്തു സംഭവിക്കും.
മറുപടി: ''ദേവാനാമപി കിങ്കരീ കുരുതേ''
ദേവാനാമപി കിങ്കരീ കുരുതേ.''
ബ്രാഹ്മണ ശ്രേഷ്ഠര്‍ ഈ ചോദ്യോത്തരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും യോഗം ചേര്‍ന്നു. ഇതേ ത്തുടര്‍ന്ന് പന്ത്രണ്ടുനാള്‍ തുടരെ ത്രികാല പൂജയായി ഭഗവതിസേവ നടത്തി. ഓരോ നേരത്തും പ്രത്യേകമായി ലളിതാസഹസ്രനാമ അര്‍ച്ചനയും നടത്തി.
പന്ത്രണ്ടാം ദിവസം പൂജ പൂര്‍ത്തിയാക്കി. സമര്‍പണത്തിനു മുന്‍പായി കുളിയും തേവാരവും ശുദ്ധിയുമൊന്നുമില്ലാത്ത രൂപത്തില്‍ കാക്കശ്ശേരി അവിടെയെത്തി. സര്‍വം ബ്രഹ്മമയം എന്ന ഭാവം.
കാക്കശ്ശേരി അവിടെ എത്തിയതോടെ അവിടെയുണ്ടായിരുന്നവര്‍ ബഹുമാനത്തോടെ തന്നെ മനസ്സറിയാതെ എഴുന്നേറ്റുനിന്നു.
കാക്കശേരി കുടിക്കാന്‍ അല്‍പം വെള്ളം ചോദിച്ചു. അവര്‍ വെള്ളമെടുത്തുകൊടുത്തു.
അദ്ദേഹം ആ വെള്ളം കുടിച്ചശേഷം പാത്രം കമഴ്ത്തിവച്ചു. ഇതെന്താ. ഇങ്ങനെ എന്ന് ചില ബ്രാഹ്മണര്‍ ചോദ്യം ഉന്നയിച്ചു. എനിക്ക് ഭ്രഷ്ടുണ്ട്. അതാണിങ്ങനെ എന്നുപറഞ്ഞുംകൊണ്ട് കാക്കശേരി അവിടെനിന്നുപോയി. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.
ദേവീഭക്തനായിരുന്ന കാക്കശ്ശേരിയുടെ സ്മരണാര്‍ത്ഥം ചോറ്റാനിക്കരദേവീ ക്ഷേത്രത്തില്‍ പ്രത്യേകം ഒരു മണ്ഡപം ഉണ്ടാക്കിയിട്ടുണ്ട്. കാക്കശേരി മണ്ഡപം.
(കടപ്പാട്: ഐതിഹ്യമാലയോട്)
No comments:
Post a Comment