Friday, January 26, 2018

കർണ്ണൻ കൃഷ്ണനോട്
"കൃഷ്ണാ, എന്റെ കാര്യം നോക്കൂ. ഞാൻ ജനിച്ചയുടൻ തന്നെ എന്റെ 'അമ്മ എന്നെ ഉപേക്ഷിച്ചു; അച്ഛനില്ലാതെ ജനിച്ചത് എന്റെ കുറ്റമാണോ?
ക്ഷത്രിയൻ അല്ല എന്ന കാരണത്താൽ ദ്രോണാചാര്യരിൽ നിന്നും എനിക്ക് വിദ്യാഭ്യാസം ലഭിച്ചില്ല.
പരശുരാമന്റെ പക്കൽ നിന്നും പഠിച്ച അഭ്യാസം ആവശ്യമുള്ളപ്പോൾ മറന്നു പോകും എന്ന ശാപം കിട്ടി, ക്ഷത്രിയൻ ആണ് എന്ന കാരണത്താൽ.
എന്റെ അമ്പേറ്റു ഒരു പശു മരിച്ചത് മനഃപൂർവ്വമല്ല, എന്നാലും അതിന്റെ ഉടമസ്ഥൻ എന്നെ ശപിച്ചു.
ദ്രൗപദിയുടെ സ്വയംവരത്തിനു ഞാൻ എത്രമാത്രം അധിക്ഷേപിക്കപെട്ടു!
അവസാനം കുന്തിമാതാവ് എന്റെ ജനനരഹസ്യം വെളിപ്പെടുത്തിയത് തന്നെ അവരുടെ അഞ്ചു മക്കൾക്ക് അപകടം സംഭവിക്കാതിരിക്കാ നായിരുന്നു!
എനിക്ക് എന്റെ ജീവിതത്തിൽ ലഭിച്ച എല്ലാ നന്മകളും ദുര്യോധനന്റെ കാരുണ്യത്താലായിരുന്നു. അപ്പൊ ഞാൻ കൗരവപക്ഷം തിരഞ്ഞെടുത്തതിന് എന്നെ കുറ്റപ്പെടുത്താമോ കൃഷ്ണാ?"
കൃഷ്ണൻന്റെ മറുപടി ഇപ്രകാരം ആയിരുന്നു:
"കർണ്ണാ, എന്റെ കാര്യം നോക്കൂ. ഞാൻ ജനിച്ചു വീണത് എന്നെ കൊല്ലാൻ ശപഥമെടുത്തിരിക്കുന്ന കംസന്റെ ജയിലിനുള്ളിൽ. ഞാൻ ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് തന്നെ എന്നെ കൊലപ്പെടുത്താൻ ഒരു രാജവംശം കാത്തിരുന്നു.
ജനിച്ചയുടൻ എന്റെ മാതാപിതാക്കളിൽ നിന്നും ഞാൻ വേർപെട്ടു.
ബാല്യകാലം നീ കേട്ട് വളർന്നത് രഥങ്ങളുടെയും വാൾപ്പയറ്റിന്റെയും കുതിരകളുടെയും ശബ്ദം കെട്ടായിരുന്നു. ഞാനോ, പശുക്കളും പാലും ചാണകവും ... പോരെങ്കിൽ നടക്കാറാവുന്നതിനു മുൻപ് തന്നെ എന്നെ ഒളിഞ്ഞും തെളിഞ്ഞും കൊല്ലാൻ വരുന്നവരുടെ ആക്രമണവും!
വിദ്യാഭ്യാസവും സേനാപഠനവും തീരെ ഇല്ലാതെ!
നിന്നെ നിന്റെ അസ്ത്രപാടവത്തിനു എല്ലാവരും അഭിനന്ദിച്ചപ്പോൾ ഞാൻ അതൊന്നും പഠിച്ചിട്ടേ ഇല്ല.! ഞാൻ സന്ദീപമുനിയുടെ ഗുരുകുലത്തിൽ പഠിക്കാൻ തുടങ്ങിയത് പതിനാറാമത്തെ വയസിലാണ്.
നിന്റെ ഇഷ്ടപ്രകാരമാണ് നീ വിവാഹം കഴിച്ചത്. ഞാനോ.. ഞാൻ സ്നേഹിച്ച പെൺകുട്ടിയ എനിക്ക് കല്യാണം കഴിക്കാൻ പറ്റിയില്ല. പിന്നെയോ.. എന്നെ ആഗ്രഹിച്ച പെൺകുട്ടികളെയും അല്ലെങ്കിൽ ഞാൻ ദുഷ്ടരിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടികളെയും ആണ് ഞാൻ വിവാഹം ചെയ്തത്.
ജരാസന്ധനിൽ നിന്നും രക്ഷിക്കാൻ എന്റെ കൂട്ടരെ യമുനാ തീരത്തു നിന്നും മാറ്റിയതിനു ഓടിപ്പോയ ഭീരു എന്ന പേരും എനിക്ക് കിട്ടി.
കുരുക്ഷേത്ര യുദ്ധത്തിൽ ദുര്യോധനൻ ജയിച്ചിരുന്നെങ്കിൽ അതിന്റെ എല്ലാ പേരും പെരുമയും നിനക്ക് കിട്ടുമായിരുന്നു. ധർമ്മപുത്രരുടെ കൂടെ നിന്നതിനു എനിക്ക് കിട്ടിയതോ, മക്കളെ കൊന്നതിനു ഗാന്ധാരി ശാപവും എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ എന്ന പേരും!
ഒരു കാര്യം ഓർക്കു കർണ്ണാ !
എല്ലാവർക്കും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. മിക്കവാറും ആർക്കും എല്ലാം തികഞ്ഞു കിട്ടാറില്ല. ദുര്യോധനനും ധർമ്മപുത്രർക്കും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്.
പക്ഷെ ഏതു സാഹചര്യം വന്നു ഭവിച്ചാലും, എത്ര നാണം കെട്ടാലും, ഏതെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും, നമ്മുടെ മനസാക്ഷിക്കു ധർമ്മത്തിന്റെ പാത തിരഞ്ഞെടുക്കാൻ പറ്റണം- ധാർമികമായി അവയെ നേരിടാൻ പറ്റണം. നമ്മുടെ സമീപനമാണ് മാറ്റേണ്ടത് കർണാ.
പരാതി പറയൽ ഒന്നിലും പരിഹാരമല്ല. ജീവിതത്തിൽ എന്ത് വന്നാലും ധർമ്മത്തിന്റെ പാതയിൽ സഞ്ചരിച്ചാൽ ഒരിക്കലും തോൽക്കേണ്ടി വരുകയില്ല കർണ്ണാ. ജീവിതത്തിൽ പ്രതിസന്ധി വരുക എന്നത് അധർമം പിന്തുടരാനുള്ള അവകാശമല്ല. ചെയ്യുന്ന കർമങ്ങളുടെ ഫലം അനുഭവിച്ചു തന്നെ ആകണം കർണ്ണാ."

No comments: