Wednesday, January 24, 2018



ഭൂമിപൂജ: ഭൂമിപൂജ, ഭാരതീയ ആചാരങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണിത്. അയം മാതാ പൃഥ്വി പുത്രോളഹം പൃഥിവ്യാ എന്ന് അഥര്‍വ വേദം ഉദ്‌ഘോഷിക്കുന്നു. ഇത് മാതാവായ ഭൂമിയാണ്. ഞാന്‍ ഭൂമിയുടെ പുത്രനാണ്.
പൃഥ്വീ ത്വയാ ധൃതാ ലോകാഃ ദേവീ 
ത്വാം വിഷ്ണുനാ ധൃതാ
ത്വം ച ധാരയ മാം ദേവീ പവിത്രം 
കുരു ശാസനം
ഹേ ഭൂമിദേവീ നീ ലോകജനതയെ ധരിക്കുന്നു. വിഷ്ണു നിന്നേയും വഹിക്കുന്നു. നീ എന്നെ വഹിച്ചാലും എന്റെ കര്‍മ്മത്തെ മംഗളമാക്കിയാലും! സര്‍വജീവജാലങ്ങള്‍ക്കും വായുവും ജലവും ആഹാരവും വസ്ത്രവും വാസസ്ഥലവും തരുന്നത് ഭൂമി എന്ന ഗ്രഹമായതിനാല്‍ ഭൂമി പുത്രന്‍ പരിരക്ഷ നല്‍കുന്ന അമ്മയ്ക്ക് തുല്യയാണ്. അതുകൊണ്ട് അമ്മയെ പാദത്താല്‍ സ്പര്‍ശിക്കുന്നതിന് മുന്‍പ് നാം ക്ഷമചോദിക്കുന്നു. സമുദ്രവസനേ ദേവീ പര്‍വതസ്തന മണ്ഡിതേ വിഷ്ണുപത്‌നീ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ.
സ്വന്തം വാസസ്ഥലമുണ്ടാക്കുമ്പോഴും ഭൂമി പൂജ നടത്താറുണ്ട്, പ്രത്യേക അനുഗ്രഹത്താല്‍ പൂഴിമണ്ണില്‍ പണിയുന്ന അനവധി നില കെട്ടിടങ്ങള്‍ പോലും മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗതത്തില്‍ കറങ്ങുന്ന ഭൂമിയില്‍ അനങ്ങാതെ-തകരാതെ-ചെരിയാതെ നില്‍ക്കുവാനുള്ള അനുഗ്രഹത്തിനും സ്വന്തം വിശ്വാസത്തിനുമാകാം ഈ കര്‍മ്മം.
ഭൂമിപൂജയുടെ മറ്റൊരു രൂപമാണ് വാസ്തുപൂജ. ഓരോ ചെറിയ പുരയിടത്തിലും ഒരു വാസ്തുപുരുഷരൂപം ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അതിന്റെ ഘടനയനുസരിച്ച് ഗൃഹനിര്‍മാണം നടത്തണം. ഓരോ വീടിന്റെയും നിര്‍മാണത്തിന് മുന്‍പ് ചില നിയമങ്ങളനുസരിച്ചിരിക്കണം എന്നത് ആധുനിക കണ്ടുപിടുത്തമല്ല, പുരാതന ഭാരതീയ ശാസ്ത്രമാണത്.
അമേരിക്കയിലും കാനഡയിലും മുനിസിപ്പല്‍ ബസ്സുകളുടെ ഇരുവശത്തും എഴുതിവച്ചിട്ടുള്ള ഒരു സന്ദേശമുണ്ട്. പ്രൊട്ടക്ട് മദര്‍ എര്‍ത്ത്. ഭൂമിയെ ഉപഭോഗവസ്തുവായിക്കണ്ട് ചൂഷണം ചെയ്യുവാന്‍ ആഹ്വാനം നല്‍കിയിരുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍ മാതാവായ ഭൂമിയെ സംരക്ഷിക്കുവാന്‍ ആഹ്വാനം നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ അന്ധവിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന വന്‍ ശാസ്ത്രജ്ഞസമൂഹമുള്ള ഒരു രാഷ്ട്രത്തില്‍ 21-ാം നൂറ്റാണ്ടിലും ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നതാണീ സന്ദേശം പ്രകൃതി സംരക്ഷണ ശാസ്ത്രത്തിലെ ഈ സന്ദേശം ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നതുമാണല്ലോ!
സൂര്യവന്ദനം: സര്‍വജീവജാലങ്ങള്‍ക്കും ആധാരഭൂതമായ അന്നവും ജലവും വായുവും സന്തുലിതമായി നിലനിര്‍ത്തുന്നത് സൂര്യനെന്ന് നക്ഷത്രത്തിന്റെ സാന്നിദ്ധ്യംകൊണ്ട് മാത്രമായതിനാല്‍
മിത്രോ ദാധാര പൃഥ്വി........എന്നും, മിത്രായ ഹവ്യം ഘൃതമജ്ജുഹോതാ ....... എന്നും പറയുന്നു. മിത്രനാണ് ഭൂമിക്കാധാരം, മിത്രനായി ഞാന്‍ ഈ ഹവിസ്സും നെയ്യും ചേര്‍ത്ത് ഹോമിക്കുന്നു.....
അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ഡയോക്‌സൈഡ് സ്വീകരിച്ച് ഭൂമാതാവില്‍ നിന്നെടുത്ത ജലവും, വായുവിലെ ഓക്‌സിജനും ചേര്‍ത്ത് ''സൂര്യന്‍ തയ്യാറാക്കുന്നതാണ്''. സസ്യങ്ങളിലെ അന്നജം അത്യന്താധുനിക സംവിധാനമുപയോഗിച്ചാല്‍ പോലും കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ ജലവുമായി ചേര്‍ത്ത്, ഒരു ലാബറട്ടറിയില്‍ അന്നജത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാക്കുവാന്‍ സാധ്യമല്ല. അതു സൂര്യ ചൈതന്യത്തിന്റെ ദാനമാണ്. ഈ അന്നജമാണ് ജന്തുക്കള്‍ക്കും കീടങ്ങള്‍ക്കുമാവശ്യമായ ഭക്ഷ്യദ്രവ്യങ്ങളുണ്ടാകുന്നത്. കടല്‍സസ്യങ്ങള്‍ കടല്‍മത്സ്യങ്ങള്‍ക്കും കരസസ്യങ്ങള്‍ ജന്തുക്കള്‍ക്കും ആധാരമാകുന്നു. ഇതിന് ആധാരം സൂര്യനും. അതുകൊണ്ട് നാം സൂര്യനെ പൂജിക്കുന്നു. 
ജ്യോതിശുക്ലശ്ചതേജശ്ച ദേവാനാം സതതം പ്രിയ
പ്രഭാകരോ മഹാതേജോ ദീപോളയം പ്രതിഗ്രഹ്യതാം
ദേവന്മാര്‍ക്കുപോലും പ്രിയങ്കരനും ജ്യോതിസ്വരൂപനും മഹാതേജസ്വിയുമായ സൂര്യദേവാ ഈ ദിപം സ്വീകരിച്ചാലും!
പുസ്തകപൂജ: സര്‍വജീവജാലങ്ങളിലും രണ്ടുവിധ ജ്ഞാനമുണ്ട്. ആന്തരികജ്ഞാനമാണ്. നമ്മുടെ ഹൃദയമിടിപ്പ്-ദഹനക്രിയ തുടങ്ങിയ ശരീരപ്രവര്‍ത്തനങ്ങള്‍ 'ലിഖിത'മായി ജീനുകളില്‍ അടങ്ങിയതാണ്. രണ്ടാമത്തെ വിഭാഗം ജ്ഞാനമുണ്ട് ബാഹ്യലോകത്തില്‍ നിന്ന് ലഭിക്കുന്നത്. അത് ഗുരുവില്‍നിന്നും ഗ്രന്ഥങ്ങളില്‍നിന്നും ലഭിക്കുന്നു. ശരീരത്തില്‍ വസിക്കുന്ന ജ്ഞാനം ഈശ്വരന്‍ നേരിട്ടു നല്‍കി. ബാഹ്യജ്ഞാനം ഗുരുവില്‍നിന്നും ലഭിക്കുന്നു. അതിനാല്‍ ഗുരുവും ഗുരുസ്ഥാനീയങ്ങളായ പുസ്തകങ്ങളും ഈശ്വരീയമായി നാം പൂജിക്കുന്നു.
ആയുധപൂജ: അന്നം ബ്രഹ്മേതിവിജാനാത്. ആഹാരം ഈശ്വരനാണ് അതുണ്ടാക്കുവാനും/നേടുവാനുമുള്ള മാര്‍ഗ്ഗങ്ങളാണ് കൃഷികൊണ്ടും. കര്‍മ്മമണ്ഡലത്താലും ഉപകരണങ്ങളാലും സാധിക്കുന്നത്. ജീവന്റെ നിലനില്‍പ്പിന് അന്നം ആവശ്യമായതുകൊണ്ട് അതിനുപയോഗിക്കുന്ന ഭൂമിയും, കാരണമായ സൂര്യനും വായുവും, ജലവുമെല്ലാം ഈശ്വരചൈതന്യമായി. ഇവയെ സംയോജിപ്പിച്ച് അന്ന (മാര്‍ഗ)സൃഷ്ടിനടത്തുന്നതുകൊണ്ട് ആയുധം ഈശ്വരതുല്യമായി. ഒരു ഗുമസ്തന് അന്നം നല്‍കുന്ന പ്രവൃത്തി ഓഫീസ് ഫയല്‍ നോക്കുന്നതിലൂടെയായതിനാല്‍  പേന അന്നത്തിന്നാധാരമാണ്. പേന മറ്റു ആയുധങ്ങളും പൂജക്കുവയ്ക്കാം. അതുപോലെ കമ്പ്യൂട്ടറും  ലേത്തും, അത്യാധുനിക/പുരാതന ഉപകരണങ്ങളുമെല്ലാം, പൂജിക്കേണ്ടത് ജീവിതോപാധിയായതുകൊണ്ടാണ്.
വാഹനപൂജ: നമ്മുടെ ആചാരങ്ങളില്‍ ഒരു പ്രധാന  ഭാഗമാണ് ആയുധപൂജ. തൊട്ടുതലയില്‍ വച്ചിട്ട് അഥവാ വണങ്ങിയതിനു ശേഷമേ നാം അതുപയോഗിക്കുകയുള്ളൂ. അതുപോലെതന്നെയാണ് നമ്മെ വഹിക്കുന്ന വാഹനവും. അതും പ്രവര്‍ത്തിക്കുന്നത് ഒരു ചൈതന്യത്താലാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് നാം ആ ചൈതന്യത്തേയും വന്ദിക്കുന്നത്.
വൃക്ഷപൂജ: ഭൂമിയിലെ ജീവചൈതന്യം പ്രപഞ്ചചൈതന്യത്തിന്റെ ഒരംശമായി ഭാരതീയന്‍ കാണുന്നു. ജീവാത്മാവ് പരമാത്മാവിന്റെ അംശമാണെന്ന് നമുക്കറിയാം. അതിന്റെ ഉത്ഭവം പോലെതന്നെ നിലനില്‍പ്പും ഈശ്വരീയ കര്‍മ്മമാണ്. ജീവന്റെ നിലനില്‍പ്പ് വൃക്ഷലതാദികളിലൂടെ ലഭിക്കുന്ന അന്നത്തിലധിഷ്ഠിതമായതുകൊണ്ടത്രെ നാം വൃക്ഷത്തെ ആരാധിക്കുന്നത്...dr.gopalakrishnan

No comments: