Wednesday, January 31, 2018

വിശ്വ വിസ്മയ പുസ്തകത്തിലെന്നക്ഷരമൊന്നു കുറിക്കുവാൻ
നിത്യവും കർമ്മ തൂലികയൊന്നു മുക്കി ഞാൻ സ്നേഹമഷി തന്നിൽ
സത്യസൗന്ദര്യ കാവ്യമാകണമെന്നുടെ പൊന്നക്ഷരം ....
വിശ്വ പ്രേമത്തിന്നാനന്ദമെന്നും മുറ്റി നില്ക്കണമതിങ്കലേ
ഏക ചൈതന്യ പാദത്തിലതുപദ്മമായി വിളങ്ങിടാൻ
എൻ നിതാന്ത ഹൃദ്സ്പന്ദനത്തിലായ്
മുങ്ങി നീരണമെന്നുമേ ....
പഞ്ചഭൂതങ്ങളൊന്നായ് മാറുന്ന
വിസ്മയാനന്ദ നിമിഷത്തിൽ
നിന്റെ കാരുണ്യ സ്പർശമാമെന്റെ
അക്ഷരമുയിരാർന്നിടാൻ
നീ ക്ഷണിക്കുമോ നിൻ അനന്തമാം
നീലിമയിൽ വസിക്കുവാൻ
നിൻ മഹത്വങ്ങളെല്ലാമെന്നുടെ
സത്ഗുണപാഠമായിടാൻ
ജീവിതോത്സവ വേദികൾ നാഥാ
സ്നേഹപൂർണ്ണമായ്ത്തീർന്നിടാൻ
നീയെഴുതിയ നിയതികളെല്ലാം
ചിത്രവർണ്ണങ്ങളാകണേ
കണ്ണിമയൊന്നു മൂടി ഞാനെന്നും
ഇന്ദ്രിയങ്ങളടക്കിയും
ജീവതാള നിബിഡമായ നിൻ
സുന്ദരകാവ്യം കാണുന്നു .....
നിർമ്മമ ഭാവ രൂപമെങ്കിലും
നിർഗ്ഗുണ തേജസ്സെങ്കിലും
ജൈവലോകത്തിൻ സ്പന്ദനം
തവ സ്നേഹധാരയിലാശ്രയം
ഈ പ്രപഞ്ചത്തിൻ ജീവകോശങ്ങളേകമാം സ്നേഹധാരയാ ലൂട്ടി പോറ്റുന്ന ആദി ചൈതന്യ രൂപാ നിന്നുടെ
സർഗ്ഗ സൗന്ദര്യ കാവ്യത്തിൽ
ഞാനുമെന്നുടെ ജീവിതാക്ഷരം
സാരമോടെ കുറിച്ചീടാൻ
താവക സ്നേഹസ്പന്ദനമെന്റെ
ജീവകോശങ്ങൾ നുകരട്ടേ.
bhadra

No comments: