Wednesday, January 31, 2018

അമ്മ ജന്മം നല്‍കിയാല്‍ പിന്നെ ശരീരവളര്‍ച്ചക്കായി മനുഷ്യന്‍ ആദ്യം ആശ്രയിക്കുന്നത് അമ്മയുടെ പാല്‍, പിന്നെ ആശ്രയിക്കുന്നതാകട്ടെ പശുവിന്റെ പാലും. ജനനാല്‍പരം കുറച്ചുകാലത്തേക്ക് ലഭിക്കുന്നത് ഗോമാതാവിന്റെ പാലാണ്. അതിനാല്‍ ഗോമാതാവ് അമ്മയ്ക്കു തുല്യം പൂജനീയയാണ്. (നമ്മുടെ ശരീരത്തിന്റെ അസ്തിത്വത്തിനാധാരമായ ഒരു ഘടകം തരുന്ന രീതിയില്‍ ഗണിച്ചാലും)ആടും എരുമയും പാലുതരുന്നുണ്ട്. അത് നമ്മില്‍ പലരും ഉപയോഗിക്കുന്നുമുണ്ട്. ഭാരതീയ ഗ്രന്ഥങ്ങളില്‍ ആട്ടിന്‍പാലും എരുമപ്പാലും ചില രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് പറയുന്നു.  എന്നാല്‍ ആഹാരമായി ഭാരതീയര്‍ സ്ഥിരം ഉപയോഗിച്ചിരുന്നത് പശുവിന്‍പാല്‍ മാത്രമായിരുന്നു. അതിനാലത്രെ പശുവിന് മാത്രം മാതൃസ്ഥാനം ലഭിച്ചത്. ആധുനിക ശാസ്ത്രം, അമ്മയുടെ പാലിനോട് ഏറ്റവും അടുത്തസ്ഥാനം നല്‍കിയിരിക്കുന്നതും പശുവിന്‍ പാലിനാണ്.
അതിഥിപൂജ: മാതൃ-പിതൃ-ആചാര്യ ദേവോ ഭവ എന്ന് ഉപദേശിച്ചതിനുശേഷം അതിഥി ദേവോ ഭവ എന്നു പറയുമ്പോള്‍ ദിവസം (തിഥി) നോക്കാതെ ഗൃഹത്തിലേക്കാഗതനാവുന്ന വ്യക്തിയും ഈശ്വരനും തുല്യനാകുന്നു എന്നര്‍ത്ഥം വരുന്നു. അതിനാല്‍ പൂജനീയനാണ്. മാനവമൈത്രിയുടെ മഹത് സന്ദേശം സഹസ്രാബ്ദങ്ങളായി ഭാരതം നടപ്പിലാക്കിയത് ഈ സന്ദേശത്തിന്റെ ആചാരമായാണ്.
സര്‍പ്പപൂജ: സര്‍പ്പപൂജ പ്രധാനമായും നടത്തുന്നത് എല്ലാമാസത്തിലേയും ആയില്യ ദിവസവും. വര്‍ഷത്തില്‍ ഒരിക്കല്‍ പത്താമുദയ ദിവസത്തിലുമാണ്. ശാസ്ത്രീയമായ ഒരു വിശകലനം ആയില്യത്തിന് സാധ്യമാണോ എന്നറിയില്ല. എന്നാല്‍ സൂര്യന്‍ മേടസംക്രാന്തി കഴിഞ്ഞ് (അതായത് ഭൂഭ്രമണ നിയമപ്രകാരം ഭൂമി ഭ്രമണചക്രത്തിന്റെ ആരംഭ ബിന്ദു കഴിഞ്ഞ് പത്ത് ഡിഗ്രിയില്‍ നില്‍ക്കുന്ന ദിവസമാണ് പത്താമുദയം. ജ്യോതിഷാചാരപ്രകാരം സൂര്യന്റെ ഏറ്റവും ഉച്ചസ്ഥിതി ഇതാണ്. അത്യത്ഭുതകരമായ വസ്തുത സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതും. (ജനുവരി 3) ഏറ്റവും അകലുന്നതും (ജൂലൈ 3) അല്ലാത്ത മറ്റൊരു ബിന്ദുവാണിത്. ഈ ദിനത്തിലാണ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സൂര്യന്റെ ചൂടനുഭവപ്പെടുന്നത്. ഒരുപക്ഷേ താപം സഹിക്കാതെ പുറത്തേക്ക് വരുന്ന ഈ പാമ്പുകളെ ഉദ്ദേശിച്ചായിരിക്കും സര്‍പ്പപൂജ. അറിയപ്പെടുന്ന വിഷഹാരിയായ മഞ്ഞള്‍പ്പൊടിയാണ് ഈ പൂജക്കുപയോഗിക്കുന്നത്. പണ്ട് ഓരോ വീട്ടിലും ഓരോ സര്‍പ്പക്കാവുണ്ടായിരുന്നു. ആധുനിക ശാസ്ത്രപ്രകാരം അതൊരു പരിസ്ഥിതി സംരക്ഷിത ശക്തിയായി വര്‍ത്തിച്ചിരുന്നു എന്ന് ലോകപരിസ്ഥിതി സംഘടനയും അംഗീകരിക്കുന്നു. വിവിധ വന്‍ വൃക്ഷങ്ങള്‍, സൂക്ഷ്മാണുക്കള്‍, ചെറുജീവികള്‍, സസ്യലതാദികള്‍, കുളം, സര്‍പ്പവിഗ്രഹം ഇവ ചേര്‍ന്നതാണ് സര്‍പ്പക്കാവ്. കേരളത്തിലെ സര്‍പ്പക്കാവുകള്‍ ഒരു ബയോറിസര്‍വ് ആയിട്ടാണ് ആധുനിക ശാസ്ത്രം കാണുന്നത്. ഇത് സംരക്ഷിക്കുവാനുള്ള ഏറെ സംരംഭങ്ങള്‍ അന്താരാഷ്ട്രാതലത്തില്‍ തന്നെ നടന്നുവരുന്നു. പല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കുവാന്‍ സര്‍പ്പക്കാവുകളില്‍ ദിവസവും കുറേനേരം ചിലവഴിച്ചാല്‍ മതിയാകും, എന്നും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഉപദേശിക്കാറുണ്ട്.
തുളസീപൂജ: തുലാമാസത്തില്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന തുളസി പൂജ പണ്ട് കേരളത്തില്‍ പതിവുണ്ടായിരുന്നു. ഒമ്പതാംദിനത്തില്‍ തുളസിത്തറയില്‍ ഒരു നെല്ലിമരക്കൊമ്പും ചേര്‍ത്താണ് പൂജ. അന്നത്തെ സന്ധ്യാപൂജ കഴിഞ്ഞാല്‍ തുളസിക്കു ചുറ്റും നെല്ലിക്കയില്‍ തന്നെ തിരിവച്ച് വിളക്കു കത്തിച്ച് കുളം, കിണര്‍, തൊഴുത്ത്, സര്‍പ്പക്കാവ് എന്നിവിടങ്ങളില്‍ വയ്ക്കാറുണ്ട്. ഗൃഹത്തിനു ചുറ്റുപാടുമായി നമുക്കുണ്ടാകേണ്ട ശാരീരബന്ധമുദ്ദേശിച്ചായിരിക്കാം ഈ കര്‍മ്മങ്ങള്‍.
വിളക്കുവെച്ചുള്ള പൂജ: വിളക്കുവെച്ച് ഏതു ദേവനേയും അതിലാവാഹിച്ച് പൂജ നടത്താവുന്നതാണ്. വിളക്കില്‍ ഇടേണ്ട തിരിയുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ വിവരണമുണ്ട്.
ഏകവര്‍ത്തിര്‍ മഹാവ്യാധിഃ ദ്വിവര്‍ത്തിസ്തു മഹാധനം
ത്രിവര്‍ത്തിര്‍ മോഹാലസ്യം ചതുര്‍വര്‍ത്തിര്‍ ദരിദ്രതാ
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാത് ദ്വിവര്‍ത്തിസ്തുസുശോഭനം
ഒറ്റതിരി വ്യാധിക്കു കാരണമാകുന്നു, രണ്ടുതിരിയാകട്ടെ ധനലാഭത്തിനും മൂന്നുതിരി അത്യാഗ്രഹത്തിനും ആലസ്യത്തിനും നാലുതിരി ദാരിദ്ര്യത്തിനും അഞ്ചുതിരി ശുഭലാഭത്തിനും കാരണമാകുന്നു. രണ്ടു തട്ടുള്ള വിളക്ക് ശോഭനവുമാണ്.
പൂര്‍ണകുംഭപൂജ: അതിഥികളെയും ശ്രേഷ്ഠന്മാരെയും സ്വീകരിക്കുമ്പോഴാണ് പൂര്‍ണകുംഭ സ്വീകരണം നല്‍കുന്നത് 'നിറഞ്ഞ' സംതൃപ്തി, സന്തോഷം, ചൈതന്യം, ദ്രവ്യം എന്നിവയെ സൂചിപ്പിക്കുന്നതാണ് 'പൂര്‍ണ' കുംഭം. കുംഭത്തില്‍ (കുടത്തില്‍) സാധാരണയായി ജലമെടുക്കുന്നു. വലിയ കുടമാണെങ്കില്‍ അതിനകത്ത് ഒന്നും എടുക്കരുത് അതായത് നിറച്ചും വായു ഉണ്ടായിരിക്കണം എന്നര്‍ത്ഥം. പ്രപഞ്ച ചൈതന്യത്തിന്റെ മംഗളകരമായ ആസ്തിത്വത്തെ സ്തുതിക്കുന്ന ഋഗ്വേദശ്ലോകങ്ങളാണ് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുമ്പോള്‍ ചൊല്ലാറുള്ളത്.
ദാനദക്ഷിണാചാരങ്ങള്‍: ദാനം ചെയ്യുക അഥവാ ഉള്ളവന്‍ അര്‍ഹിക്കുന്നവന് കൊടുക്കുക എന്നത് ഭാരതീയ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പശുദ്ദാനം, ഭൂമിദാനം, വസ്ത്രദാനം, അന്നദാനം, കന്യാദാനം എന്നിങ്ങനെ ദാനങ്ങള്‍ നമ്മുടെ നിത്യ സംഭാഷണത്തില്‍പോലും കടന്നിട്ടുണ്ട്. നേത്രദാനവും രക്തദാനവും അതിന്റെ തന്നെ ഭാഗമാണ്.
പുരാതനകാലത്ത് ഭാരതമെമ്പാടും, മധ്യഭാരതത്തില്‍ ഇന്നും കുളം, കിണര്‍ ഇവ ദാനം ചെയ്യുന്നത് അതിമഹത്തായ ആചാരമായി കണക്കാക്കുന്നു. മാനവരാശിയുടെയും പക്ഷിമൃഗാദികളുടെയും നന്മയ്ക്ക് ഇത് ഉതകുന്നു. വിനോഭാബാവേ ഭൂമിദാനം (പാവപ്പെട്ടന്‍) നടത്തിയിരുന്നത് പൂര്‍വ്വാചാര്യന്മാരുടെ കാലടികള്‍ പിന്തുടര്‍ന്നായിരുന്നു.
ഉള്ളവര്‍ ഇല്ലാത്തവനു കൊടുക്കുവാനും സമൂഹത്തില്‍ ദാരിദ്ര്യത്തിന്റെ വേദന കുറയ്ക്കുവാനും വേണ്ടിയുള്ള മഹത്വമേറിയ ആചാരമാണിത്. അന്നദാനം വിശപ്പകറ്റാനും വസ്ത്രദാനം ഉടുതുണിക്കും ഭൂമിദാനം കൃഷിക്കും പാര്‍പ്പിടത്തിനും ക്ഷേത്രദാനം സാമൂഹ്യനന്മയുടെ ആത്മീയ പ്രസരണത്തിനും ദ്രവ്യദാനം ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുവാനും ഉതകുന്നു.
ഗൃഹസ്ഥനും രാജാവും ധനവാന്മാരും ഈ ദാനകര്‍മ്മങ്ങളാചരിക്കാറുണ്ട്.

No comments: