Tuesday, January 30, 2018

ഞാൻ എന്റെ എന്നുള്ള വിചാരം ആണ് രണ്ട് വിരൽ കമ്മി.

ഭാഗവതത്തിൽ എത്ര നന്നായിട്ടാണ് ഉണ്ണികൃഷ്ണന്റെ കഥകൾ ശ്രീശുകൻ പരീക്ഷിത്തിനെ മുൻനിർത്തി ലോകർക്ക് പറഞ്ഞു തരുന്നത്. ഭക്തിയോടെ ഈ ഉണ്ണിയുടെ കഥ പറയുന്നതിനിടെ ശ്രീ ശുകൻ നമ്മളെ ഓർമ്മപെടുത്തും ഈ ഉണ്ണിയെ ഒരു സാധാരണ ബാലനായി കാണരുത് ഇദ്ദേഹം ലോകത്തെ അനുഗ്രഹിച്ച് കൊണ്ടിരിക്കണ പരത്മാവാണ്. അത് എന്തിനാണ് കഥകൾക്കിടയിൽ ഓർമ്മിപ്പിക്കുന്നത് എങ്കിൽ ഭക്തർ ഈ കഥകളിലൂടെ ഉണ്ണിക്കൃഷ്ണനെ അനുസന്ധാനം ചെയ്ത് പരമാത്മതത്വത്തിൽ എത്തണം എന്ന ശ്രീശുകബ്രഹ്മ ഋഷിയുടെ അമിതമായ നമ്മളിലുള്ള വാത്സല്യം തന്നെ. 
ഒരു ഉദാഹരണത്തിന് ഉണ്ണിക്കൃഷ്ണൻ അമ്മയോട് ദേഷ്യപ്പെട്ട് തൈർ കുലം ഉടച്ചതിന് ശേഷം ഉണ്ണിയെ തിരഞ്ഞ് പോകുന്ന രംഗം വരുമ്പോൾ ശ്രീശുകൻ പറയുന്നു യശോദക്ക് അറിയില്ല , ഈ അമ്മ തിരഞ്ഞ് ഓടുന്ന ഉണ്ണിയെ അനവധി കാലം തപസ്സ് ചെയ്ത് മനസ്സ് ഏകാഗ്രമാക്കിയ യോഗികൾക്ക് കൂടി പിടികിട്ടാത്ത വസ്തുവിന്റെ പിന്നാലെയാണ് താൻ ഓടുന്നതെന്ന്. ഇങ്ങനെയൊക്കെയാണ് ഉണ്ണിയുടെ ഈശ്വരത്വം അദ്ദേഹം നമ്മൾക്ക് കാണിച്ച് തരുന്നത്. ഈ യോഗികൾക്ക് കൂടി പിടികൊടുക്കാത്ത ഈ ഉണ്ണി അടുത്ത ക്ഷണത്തിൽ അമ്മയുടെ വാത്സല്യഭക്തിക്കു മുന്നിൽ കീഴടങ്ങി കൊടുക്കുന്നു. അതിനു ശേഷം യശോദ ഉണ്ണിക്ക് ചെറിയ ഒരു ശിക്ഷ നൽകണം ഒന്ന് ഉദ്ദേശിച്ച് ഉണ്ണിയെ ഉരലിൽ കെട്ടാൻ തീരുമാനിച്ച് കയർ കൊണ്ടുവരുവാൻ ഗോപികളെ അയക്കുന്നു. എത്ര കയർ ഏച്ചു കൂട്ടിയാലും ഉരലിൽ ഉണ്ണിയെ കെട്ടാൻ രണ്ട് വിരൽ കമ്മി. അപ്പോഴും ശുകബ്രഹ്മ ഋഷി പറയുന്നു ഈ ഉണ്ണി ആരാണ് എന്ന് യശോദക്ക് അറിയുന്നില്ല കാരണം ഭഗവാൻ പ്രപഞ്ചത്തിൽ നിറഞ്ഞവനും പ്രപഞ്ചാകാരേണ വിളങ്ങുന്നവും ആയ ഒരാളെ എങ്ങിനെ കയറുകൊണ്ട് കെട്ടാൻ കഴിയും. ഇതെല്ലാം നമ്മൾക്ക് കാണിച്ചു തരുന്നതിന്റെ ലക്ഷ്യം ഉണ്ണിയാരാണ് എന്ന് നമ്മളെ ഇടക്കിടക്ക് ഓർമ്മിപ്പിക്കാനാണ്.
പിന്നീട് ഇതേ പരമാത്മാവ് , തന്നെ കെട്ടാൻ ശ്രമിച്ചതിനാൽ ക്ഷീണിച്ച് പരവശയായ അമ്മയുടെ ഭാവം കണ്ടപ്പോൾ കാരുണ്യം നിറഞ്ഞ ഈ ഉണ്ണി ഉരലിൽ ബന്ധിക്കാൻ നിന്നു കൊടുക്കുന്നു . ഇപ്പോൾ ഉണ്ണി നമ്മൾക്ക് എന്താണ് പറഞ്ഞു തരുന്നത് ഞാൻ ഭക്തർക്ക് അധീനനും ആണ് എന്നാണ്.
ശ്രീ ശുകൻ കഥയുടെ അവസാനത്തിൽ എടുത്തു പറയുന്നു. ഭഗവാനെ കെട്ടാൻ പറ്റില്ല എന്ന് പറഞ്ഞത് ജ്ഞാന മാകുന്ന ദൃഷ്ടിയിൽ ആണ്. അവിടെ പ്രപഞ്ചാകാരേണയാണ് ഭഗവാൻ. എന്നാൽ ഭഗവനെ കെട്ടിയിട്ടു എന്നത് ഭക്തിയുടെ ദൃഷ്ടിയിൽ . ഇവിടെ പ്രപഞ്ചാകാരേണ ഉള്ള ഭഗവാൻ ഭക്തർക്ക് അധീനനാണ്. അതിനാൽ യശോദക്ക് കെട്ടാൻ സാധിച്ചു.
ഈ ഭാഗം ഭാഗവതം പറഞ്ഞ് തരുന്നത് ആത്മസ്വരൂപികളായ ജ്ഞാനികൾക്ക് പോലും ഭഗവാൻ ഭക്തർക്കെന്ന പോലെ സുലഭനല്ല എന്നാണ്.
ഇതുപോലുള്ള ആശയങ്ങൾ എത്ര നന്നായി കഥാ രൂപത്തിൽ ഭാഗവതം നമ്മൾക്ക് ഉപദേശിച്ച് തരുന്നു. .ഇതു തന്നെയാണ് ഭാഗവതത്തിന്റെ ഗരിമയും.
കഥയിലൂടെ ഉള്ള ജ്ഞാനം കൊടുക്കൽ.
ഹരേ നമ:.  ഞാൻ എന്റെ എന്നുള്ള വിചാരം ആണ് രണ്ട് വിരൽ .

ravishankar

No comments: