Monday, January 29, 2018

ഭൂമി എന്ന ഭൗതിക പശ്ചാത്തലത്തില്‍ മാനവ സംസ്‌കാരത്തിന്റെ വളര്‍ച്ച എന്നതാണ് പുരാവസ്തുശാസ്ത്രത്തിന്റെ മൗലികമായ പ്രമേയം അഥവാ വിഷയം. അതുകൊണ്ട് ഹിന്ദുവിന്റെ ചരിത്രം തുടങ്ങേണ്ടത് ഇന്ത്യ എന്ന ഭൂപ്രദേശം മുതല്‍ക്കാണ്. 
ഇന്ത്യ എന്ന ഭൗമശാസ്ത്ര സത്ത: 8 ഡിഗ്രി വടക്ക് അക്ഷാംശത്തിനും 36 ഡിഗ്രി വടക്ക് അക്ഷാംശത്തിനും ഇടയ്ക്കുള്ള, അതിരുകള്‍ പ്രകൃത്യാ തന്നെ വ്യക്തമായി നിര്‍വചിക്കപ്പെട്ട, ഭൂഭാഗമാണ് ഇന്ത്യ. ഇതിന്റെ തെക്കേ അറ്റം കന്യാകുമാരിയും വടക്കേ അറ്റം കാരക്കോറം മലനിരകളിലെ കെ-2 എന്ന കൊടുമുടിയുമാണ്.  പാക്കിസ്ഥാന്‍, ഇന്ത്യ, നേപ്പാള്‍, ബംഗ്‌ളാദേശ്, ഭൂട്ടാന്‍ എന്നിവയെ ഒരുമിച്ചു കണക്കാക്കിയാല്‍ ഏതാണ്ട് 4.4 ദശലക്ഷം (മില്യണ്‍) ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരും- സോവിയറ്റ് റഷ്യ ഒഴിച്ചുള്ള യൂറോപ്പിനേ(4.72)ക്കാള്‍ അല്‍പം കുറവ്. മൊത്തം ജനസംഖ്യ ഒരു നൂറുകോടി (ബില്യണ്‍) യിലധികം ഉണ്ട്.
ഇന്ത്യ എന്ന പേര് ഗ്രീക്കു ഭാഷയിലെ ഇന്തോസ് എന്ന പദത്തില്‍ നിന്നാണ്. അതാകട്ടെ ഇന്‍ഡസ് നദിയുടെ പേരായ സിന്ധു എന്ന സംസ്‌കൃതഭാഷയിലെ പദത്തില്‍ നിന്നാണ് ഉണ്ടായത്. സിന്ധു എന്ന ഈ സംസ്‌കൃതപദത്തില്‍ നിന്നാണ് പേര്‍ഷ്യന്‍ ഭാഷയിലെ ഹിന്ദ്, ഹിന്ദുസ്ഥാന്‍ എന്നീ പേരുകള്‍ ഉണ്ടായത്.
  ഭരതനെന്ന രാജാവിന്റെ പിന്‍മുറക്കാര്‍ താമസിക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഭാരതവര്‍ഷം എന്നായിരുന്നു പൂര്‍വിക ഇന്ത്യാക്കാര്‍ ഈ ഭൂമിക്കു നല്‍കിയ പേര്. നാലാം സഹസ്രാബ്ദത്തില്‍ നിര്‍മ്മിച്ചതെന്നു കരുതി വരുന്ന വിഷ്ണുപുരാണത്തില്‍ ഇതിന്റെ അതിരുകള്‍ വടക്കു ഹിമാലയവും തെക്ക് സമുദ്രവും ആണെന്നു പറയുന്നു. ജംബുദ്വീപം എന്ന മറ്റൊരു പ്രധാനപ്പെട്ട സംസ്‌കൃതപേരും ഇതിനുണ്ട്.
  1963-ല്‍ ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രു, ചൗ എന്‍-ലായിക്ക് അയച്ച കത്തില്‍ ഈ വിഷ്ണുപുരാണത്തെയും ഋഗ്വേദം, കേനോപനിഷത്, മഹാഭാരതം, അര്‍ത്ഥശാസ്ത്രം, രഘുവംശം, കുമാരസംഭവം എന്നിവയുടെ കൂട്ടത്തില്‍ നമ്മുടെ വടക്കേ അതിരാണ് ഹിമാലയം എന്നു തെളിയിക്കാന്‍ ഉദ്ധരിക്കുന്നുണ്ട് എന്ന് ഡയാനാ എല്‍.എക്ക് തന്റെ ഇന്ത്യാ- എ സേക്രഡ് ജിയോഗ്രഫി എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആ കത്തിന്റെ പകര്‍പ്പും പ്രസ്തുത പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.              
തുടര്‍ന്ന് ചക്രബര്‍ത്തി ഭാരതത്തിന്റെ അതിരുകളുടെ, പ്രത്യേകിച്ചും വടക്കു ഭാഗത്തിന്റെ, വിശദമായ വിവരണം നല്‍കുന്നു. ഹിമാലയമുള്‍പ്പടെ അതിരുകള്‍ക്കുള്ളിലുള്ള പ്രദേശങ്ങളുടെ എല്ലാം തന്നെ ഭൗമശാസ്ത്രപരമായ സവിശേഷതകള്‍, നദീസംഘാതങ്ങള്‍, കാലാവസ്ഥ, മണ്‍സൂണ്‍, ഏഷ്യയുടെ മറ്റുഭാഗങ്ങള്‍, ആഫ്രിക്ക എന്നിവയുമായി പണ്ടേ ഉണ്ടായിരുന്ന വ്യാപാരപരവും, സംസ്‌കാരികവും ആയ ബന്ധങ്ങള്‍, പ്രാചീനകാലത്തെ കടല്‍മാര്‍ഗമുള്‍പ്പടെയുള്ള സഞ്ചാരപഥങ്ങള്‍ എന്നിവയെ വസ്തുനിഷ്ഠമായി വിശദീകരിക്കുന്നു. ശേഷം ആ പശ്ചാത്തലത്തില്‍ - പ്രാചീനഭാരതത്തിന്റെ ഭൗമശാസ്ത്രപരമായി സവിശേഷതയാര്‍ന്ന ഘടന പുരാവസ്തുശാസ്ത്രപരവും സാംസ്‌കാരികവും ആയ തനിമ നമ്മുടെ നാട്ടില്‍ രൂപപ്പെടാനും നിലനിര്‍ത്താനും തീര്‍ച്ചയായും ഉപകരിച്ചു- എന്ന ശ്രദ്ധേയമായ നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുന്നു.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യം പ്രസിദ്ധമാണ്. ഇന്ത്യ എന്ന ഒരൊറ്റ രാജ്യം ഇല്ലായിരുന്നെന്നും പാശ്ചാത്യരുടെ ആധിപത്യത്തിന്റെ പരിണത ഫലമാണ് നാമിന്നു പറയുന്ന ഇന്ത്യയെന്നും വരെ ആ വൈവിദ്ധ്യം നമ്മില്‍ ചിലരെക്കൊണ്ടെങ്കിലും വാദിപ്പിച്ചു. ഇന്ത്യന്‍ ഭൂപ്രദേശത്തെ ഒന്നായി അവതരിപ്പിക്കുമ്പോള്‍ ഇതു നാം കണക്കിലെടുത്തേ തീരൂ. ഒന്നാമതായി നാം ആധുനിക നേഷന്‍-സ്‌റ്റേറ്റുകള്‍ ആധുനിക രാജനൈതിക ശക്തികളുടെ സന്തതികളാണ് എന്ന സത്യം കാണണം. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പ് മിക്ക പാശ്ചാത്യരാജ്യങ്ങളും നേഷന്‍-സ്‌റ്റേറ്റുകള്‍ ആയി രൂപപ്പെട്ടിരുന്നില്ല; ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല.
 ഇന്ത്യയെ ഒരൊറ്റ ഭൗമസത്തയായി കരുതാന്‍ പ്രാചീനകാലത്തു തന്നെ അത്തരമൊരു തിരിച്ചറിവ് ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന ചരിത്രപരവും സാംസ്‌കാരികവുമായ നിരവധി യാഥാര്‍ത്ഥ്യങ്ങളാണ് അനുയോജ്യമാകുക. ഹിമവാനും സാഗരത്തിനുമിടയിലുള്ള പ്രദേശം ഭരതനെന്ന രാജാവിന്റെ പിന്‍മുറക്കാരുടേതാണെന്ന വിഷ്ണുപുരാണത്തിലെ പരാമര്‍ശം നാം കണ്ടു. ഒരുപക്ഷേ അതിലും പ്രാധാന്യമര്‍ഹിക്കുന്നത് പ്രാചീന രാജനൈതിക സാഹിത്യത്തില്‍ തുടരെത്തുടരെ എടുത്തുപറഞ്ഞുകാണുന്ന ചക്രവര്‍ത്തി ക്ഷേത്രം (സാര്‍വഭൗമനായ ചക്രവര്‍ത്തിയുടെ പരമാധികാരത്തിന്‍ കീഴിലുള്ള ഭൂമി) എന്ന പദവും ആശയവുമാണ്. ഇന്ത്യയെന്ന മുഴുവന്‍ ഭൂപ്രദേശത്തിനാണല്ലോ ഈ വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുക. പ്രാവര്‍ത്തികമാക്കാന്‍ എല്ലായ്‌പ്പോഴും കഴിഞ്ഞിട്ടില്ലെങ്കിലും രാജനൈതികമായി ഒന്ന് എന്ന ബോധം പണ്ടേ ഉണ്ടായിരുന്നു എന്നതു തീര്‍ച്ചയാണ്.
 ഇവിടെ സത്യത്തില്‍ പ്രശ്‌നം നിര്‍വചനത്തിന്റേതാണ്. രാഷ്ട്രവും നേഷന്‍- സ്‌റ്റേറ്റും ഒന്നല്ല. കേവലം രാജനൈതികമായ ശക്തികളുടെ ഉല്‍പ്പന്നമല്ല രാഷ്ട്രം. അതിന് സാംസ്‌കാരികമായ ഒരു മാനമുണ്ട്. മേല്‍പറഞ്ഞ ഡയാന എല്‍. എക്ക് തന്റെ പുസ്തകത്തില്‍ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. അമരകോശത്തിന്റെ പാരമേശ്വരീ വ്യാഖ്യാനത്തില്‍ ചക്രവര്‍ത്തി, സാര്‍വഭൗമ എന്നീ പദങ്ങള്‍ക്ക് ആസമുദ്രക്ഷിതീശ്വരനായ ചക്രവര്‍ത്തിയുടെ പേര് എന്ന അര്‍ത്ഥം പറഞ്ഞിട്ടുണ്ട്. രാധാകുമുദ് മുക്കര്‍ജി തന്റെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ നമ്മുടെ പൂര്‍വികരുടെ ഈ ആസമുദ്രക്ഷിതീശസങ്കല്‍പ്പത്തെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സാമന്തന്‍, രാജാവ്, മഹാരാജാവ്, സമ്രാട്, വിരാട്, സാര്‍വഭൗമന്‍ മുതലായ പല തരം നൃപസങ്കല്‍പങ്ങളെ അദ്ദേഹം വിവരിക്കുന്നു. പ്രസിദ്ധ മാര്‍ക്‌സിയന്‍ പണ്ഡിതനായ ദേബീപ്രസാദ് ചതോപാദ്ധ്യായ മുക്കര്‍ജിയുടെ വീക്ഷണത്തെ പിന്താങ്ങുന്നുമുണ്ട്.
ഹിന്ദുയിസം ഇന്ത്യന്‍ ദേശത്തിലെല്ലായിടത്തും ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. അതിന്റെ ചില തലങ്ങളാകട്ടെ ആസേതുഹിമാചലമാനം ഉള്‍ക്കൊള്ളുന്നതുമാണ്. വ്യക്തമാകാന്‍ ചില ഉദാഹരണങ്ങള്‍ മതിയാകും. പ്രാമാണിക ഗ്രന്ഥങ്ങള്‍ അംഗീകരിച്ച ശക്തിപീഠങ്ങള്‍ ബലൂചിസ്ഥാനിലെ മക്രന്‍കുന്നുകളിലെ ഹിങ്ഗ്ലജ് തൊട്ട് തെക്കുകിഴക്കേ അറ്റത്ത് ചിറ്റഗോങിനടുത്തുള്ള സീതാകുണ്ഡം വരെ പരന്നുകിടക്കുന്നു. ശൈവതീര്‍ത്ഥയാത്രയുടെ പ്രധാനകേന്ദ്രങ്ങള്‍ നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുള്ള പശുപതിനാഥം തൊട്ട് അങ്ങുതെക്കേ അറ്റത്തെ രാമേശ്വരം വരെ നീളുന്നു. ഫല്‍ഗു നദിക്കരയിലെ  പ്രമുഖ ഹിന്ദുപുണ്യസ്ഥലമായ ഗയയില്‍ മണ്മറഞ്ഞ പൂര്‍വികര്‍ക്ക് ശ്രാദ്ധമൂട്ടുമ്പോള്‍ നിരവധി നദികളൊഴുകുന്ന ദേശവുമായി  തീര്‍ത്ഥാടകന്‍ താദാത്മ്യം പൂകുന്നു. ഈ നദികളുടെ പേരുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ കൗതുകമുണര്‍ത്തുന്നതാണ്. എന്തുകൊണ്ടെന്നാല്‍ സിന്ധു മുതല്‍ കാവേരി വരെയുള്ള പ്രധാന നദികളെല്ലാം ഈ പട്ടികയില്‍ പെടുന്നു ! അതെ, വിഷ്ണുപുരാണത്തിലെ ഭാരതവര്‍ഷമെന്ന സങ്കല്‍പ്പത്തില്‍ സത്യമുണ്ടെന്നു തോന്നുന്നു..vamanan

No comments: