Saturday, January 20, 2018

ഡോ. എസ്.എന്‍. സദാശിവന്‍ തന്റെ എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ ദി ആര്യന്‍ ഇന്‍വേഷന്‍ ഓഫ് ഇന്ത്യ എന്ന ഒന്നാം അദ്ധ്യായത്തില്‍ മേല്‍പ്പറഞ്ഞ വാദങ്ങളെ യുക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്. അതിലെ പ്രസക്തഭാഗങ്ങള്‍ ചുരുക്കത്തില്‍ ഇപ്രകാരമാണ്-ഒരു രാജ്യത്തിന്റെ മഹത്വം കണ്ടെത്തേണ്ടത് അതിന്റെ സംസ്‌കാരം, നാഗരികത എന്നിവയിലാണ്. അവയെ അളക്കേണ്ടത് ദേശീയ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്നും ഉരുത്തിരിയുന്ന സര്‍ഗവൈഭവം, തനിമ, കണ്ടെത്തലിനുള്ള കഴിവ്  എന്നിവയിലൂടെയാണ്. എല്ലാ നാഗരികതകളും മനുഷ്യ മനസ്സിന്റെ വിശാലത, മാനവ ഭാവനയുടെ തിളക്കം, ചിന്താശേഷിയുടെ സമൃദ്ധി എന്നിവയെ വ്യത്യസ്ത തോതുകളില്‍ പ്രതിനിധാനം ചെയ്യുന്നു. നാഗരികത കൂടുതലും ഭൗതിക പുരോഗതിയുമായി ബന്ധപ്പെട്ടതാണ്. സംസ്‌കാരമാകട്ടെ ബൗദ്ധികവും മാനസികവും സദാചാരപരവുമാണ്. ഒരു നാഗരികതയുടെ ഉയര്‍ച്ച എന്നാല്‍ സംസ്‌കാരത്തിന്റെ ഔന്നത്യമാണെന്നു കരുതേണ്ട. അതുപോലെ നാഗരികതയുടെ പിന്‍ബലമില്ലാതെ തന്നെ സംസ്‌കാരവും തളിര്‍ക്കാം. 
സംസ്‌കാരവും നാഗരികതയും പരസ്പര സഹായകങ്ങളാകാമെങ്കിലും അവ പരസ്പരാശ്രിതങ്ങളാകണമെന്നില്ല. സംസ്‌കാരം മനുഷ്യനെ ഗുണപരമായി ഔന്നത്യങ്ങളിലെത്തിക്കാനായി മാനസികവും സദാചാരപരവും ബൗദ്ധികവും സൗന്ദര്യാത്മകവും ആയ സംസ്‌കരണങ്ങളില്‍ ഊന്നുമ്പോള്‍ നാഗരികത, ജീവിതശൈലി, ഭൗതിക സൗകര്യങ്ങള്‍ എന്നിവയിലെ പരിവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. സംസ്‌കാരം അന്തര്‍മുഖമാണ്; നാഗരികത ബഹിര്‍മുഖവും. ഇവ രണ്ടിന്റെയും സന്തുലിതാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഒരു ജനതയുടെ സാമൂഹ്യവും, സാമ്പത്തികവും, രാജനൈതികവും, മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട സാഹചര്യം ഒരുങ്ങുന്നത്. ഈ സന്തുലിതത്ത്വം എത്രയുണ്ടോ അത്രയും ആ സാഹചര്യവും അനുകൂലമാകും. 
സിന്ധുതട നാഗരികത കണ്ടെത്തും മുമ്പ് ഇന്ത്യാചരിത്രം ആരംഭിച്ചിരുന്നത് ബലിഷ്ഠരും നാടോടികളും കീഴടക്കുന്നവരുമായ ആര്യന്മാര്‍ എന്ന ഗോത്രക്കാര്‍ ഇന്ത്യയെ ആക്രമിച്ചതു തൊട്ടായിരുന്നു. സിന്ധുനദീതീരത്തു തഴച്ചു വളര്‍ന്നു നിന്ന ആ നാഗരികതയുടെ കണ്ടെത്തലോടെ ആര്യന്മാരുടെ വരവിനു മുമ്പ് ഇന്ത്യ നാഗരികമായി അങ്ങേയറ്റം പരിതാപകരമായ നിലവാരത്തിലായിരുന്നു എന്നും ഇന്ത്യയുടെ സാംസ്‌കാരിക ഖജനാവ് കാലിയായിരുന്നെന്നുമുള്ള വിവാദത്തിനും വിരാമമായി. ചരിത്രബോധത്തിന്റെ ഇല്ലായ്മയും ഐതിഹ്യങ്ങളെ ചരിത്രമായി തെറ്റിദ്ധരിച്ചതും ഇന്ത്യന്‍ സമൂഹത്തിന്റെ എടുത്തുപറയേണ്ട ദൗര്‍ബല്യമാണ്. തന്മൂലം പാരമ്പര്യജ്ഞാനം ആര്‍ജിക്കുന്നതില്‍ മുഴുകിയ അവര്‍ അന്വേഷണ ത്വരയില്ലാത്ത, ചരിത്രപഠനം എന്ന ആശയത്തെക്കുറിച്ച് പോലും തികഞ്ഞ അജ്ഞത പുലര്‍ത്തുന്ന സമൂഹമായി.
അനിവാര്യമായതും തന്മൂലം ഇന്ത്യാചരിത്രം പാശ്ചാത്യ പണ്ഡിതന്മാരുടെ ഗൗരവപൂര്‍ണ്ണമായ ഗവേഷണത്തിനുള്ള ഇഷ്ടവിഷയമാകുകയും അവര്‍ക്കു സമ്പാദിക്കാന്‍ കഴിഞ്ഞ തെളിവുകളുടെ പിന്‍ബലത്തില്‍ തോന്നിയ രീതിയില്‍ അതിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഹാരപ്പയിലും മോഹന്‍ജദാരോയിലും ഉത്ഖനനം നടത്തുന്നതിനും മുമ്പുതന്നെ അവര്‍ ഇന്ത്യാചരിത്രം സംബന്ധിച്ച് പല സിദ്ധാന്തങ്ങള്‍ക്കും രൂപം കൊടുത്തിരുന്നു. അവയില്‍ ചിലതെങ്കിലും ആര്യന്മാരുടെ വരവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഈ അടുത്ത കാലത്തുണ്ടായ ചിലത് ആര്യന്മാരുടെ ആഗമനത്തെ പാടേ തള്ളിക്കളയുന്നുമുണ്ട്.
ആദ്യകാലത്തെ പാശ്ചാത്യചരിത്രകാരന്മാരെല്ലാവരും തന്നെ- ആര്യന്മാര്‍ മദ്ധേഷ്യന്‍ ഗോത്രമാണ്, യുദ്ധോത്സുകരാണ്, കുതിരപ്പുറത്തു സഞ്ചരിക്കുന്നവരാണ്, അവര്‍ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞ് ഒരു കൂട്ടര്‍ പല പാശ്ചാത്യനാടുകളിലും, പ്രത്യേകിച്ച് സ്‌കാന്‍ഡിനേവിയന്‍ നാടുകളായ ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും, വാസമുറപ്പിച്ചപ്പോള്‍ മറ്റേക്കൂട്ടര്‍ ഹിന്ദുക്കുഷും അഫ്ഗാന്‍ പര്‍വതപഥങ്ങളും താണ്ടി ഇന്ത്യയില്‍ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ആദിമ നിവാസികളെ ഓടിച്ച് ഇന്ത്യയുടെ വടക്കു- പടിഞ്ഞാറു ഭാഗത്ത് ആധിപത്യമുറപ്പിക്കുകയും ചെയ്തു ആ പ്രദേശത്തിന് ആദ്യം ബ്രാഹ്മണാവര്‍ത്തമെന്നും പിന്നീട് ആര്യാവര്‍ത്തമെന്നും പേരുണ്ടാകുകയും ചെയ്തു എന്ന ആര്യസിദ്ധാന്തത്തെ- പുര്‍ണ്ണമായും അംഗീകരിച്ചിരുന്നു.
ആദ്യം തന്നെ പറയട്ടെ, മെഡോസ് ടെയ്‌ലര്‍ ചൂണ്ടിക്കാട്ടിയതു പോലെ, ആര്യന്‍ ഗോത്രമോ ഗോത്രങ്ങളോ ആദ്യം ഇന്ത്യയിലേക്കു കടന്നുകയറിയ കാലം നിര്‍വചിക്കുന്നതില്‍ ഈ സിദ്ധാന്തത്തിന്റെ പ്രഗല്‍ഭ സംയോജകര്‍ പോലും തീര്‍ത്തും പരാജയപ്പെട്ടു. ആ വംശം തന്നെ അവ്യക്തമായിരിക്കേ,  അതുമായി ബന്ധപ്പെടുത്തിയ കാലഗണന തീര്‍ത്തും ഊഹങ്ങളുടെയും ഭാവനകളുടെയും സന്തതി മാത്രമാകുമല്ലോ.
ചരിത്രം എന്നത് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സൂക്ഷ്മമായ ഇഴുകിച്ചേരലാണ്. എന്നിരിക്കെ ആര്യന്‍ ആക്രമണത്തിന്റേയോ, ആര്യവംശത്തിന്റേയോ ലക്ഷണങ്ങള്‍ പഠിക്കാന്‍ കിട്ടുന്ന വിവര ശകലങ്ങള്‍ നാഗരികതയെ കുറിക്കുന്നതല്ല.  മറിച്ച് ഏറിവന്നാല്‍ ആര്യന്‍ എന്ന പേരില്‍ ഉറപ്പില്ലാതെ ഒരുമിച്ചു ഗണിക്കുന്ന ഏതോ സംസ്‌കാരത്തെയാണ് സുചിപ്പിക്കുന്നത്...vamanan

No comments: